ആഡംബര വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷന്‍ വ്യാജ വിലാസങ്ങള്‍ കണ്ടെത്തിയാല്‍ പൊലിസിന് കൈമാറും
തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്താന്‍ വന്‍ വിലയുള്ള വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അഞ്ചംഗ സംഘത്തെ പോണ്ടിച്ചേരിയിലേക്ക് അയക്കുന്നു. സംസ്ഥാനത്ത് ഓടുന്നതും പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വാഹനങ്ങളുടെ വിലാസം പരിശോധിക്കുന്നതിനാണ് സംഘം പോകുന്നത്.
വ്യാജ മേല്‍വിലാസങ്ങളാണെന്നു കണ്ടെത്തുന്നവ പൊലിസിന് കൈമാറി ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനുമാണ് നീക്കം.
നടി അമലാ പോളിന്റെ ആഡംബര വാഹനം പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശക്തമായ നടപടികള്‍ക്കാണ് അധികൃതര്‍ ഒരുങ്ങുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. ഇത്തരം നടപടികള്‍ നിയമവിരുദ്ധവും രാജ്യസുരക്ഷയെതന്നെ ബാധിക്കുന്നതുമാണെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വന്‍തോതില്‍ നികുതി വെട്ടിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ പിഴയൊടുക്കാതെ രക്ഷപ്പെടുന്നതിനുമാണ് വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നതര്‍പോലും തയാറാകുന്നത്. കേരളത്തില്‍ സര്‍വിസ് നടത്തുന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ഉള്ള104 വാഹനങ്ങളുടെ പട്ടിക 2013ല്‍ പോണ്ടിച്ചേരിക്ക് കൈമാറിയിരുന്നു.
ഇവയുടെ രജിസ്‌ട്രേഷന്‍ വിലാസം പരിശോധിക്കുന്നതിന് പോണ്ടിച്ചേരി ആര്‍.ടി.ഒ. പോണ്ടിച്ചേരി തഹസില്‍ദാര്‍ക്ക് കൈമാറിയതുമാണ്. തുടര്‍ന്ന് നടപടികളുണ്ടായില്ല. എന്നാല്‍ കേരള സംഘം നടത്തിയ സമാന്തര പരിശോധനയില്‍ ഈ വിലസങ്ങള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."