സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്കാര്‍ സസുഖം വാഴുന്നു
കൊച്ചി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്തെ സെക്രട്ടറിയാക്കി വാഴിക്കാനുള്ള ഒത്തുതീര്‍പ്പ് നീക്കം പാളിയതാണ് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയതിന് പിന്നിലെ ചേതോവികാരം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ അസോസിയേഷന്റെ അംഗീകരാം റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത് വോളി താരങ്ങളാണ്.
ക്രമക്കേട് നടത്തിയവര്‍ക്കെതിരേ നടപടി എടുക്കാതെ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള അടുപ്പം ഉയര്‍ത്തിക്കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ നിയന്ത്രിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗത്തെയാണ് വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാക്കാന്‍ നീക്കം നടത്തിയത്. വോളി അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാതിരിക്കണമെങ്കില്‍ നിലവിലെ സെക്രട്ടറി നാലകത്ത് ബഷീര്‍ ഒഴിവായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്തെ സെക്രട്ടറിയാക്കണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, വോളി അസോസിയേഷന്‍ ഇതിന് വഴങ്ങിയില്ല.
ഇതോടെയാണ് കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാതെ അസോസിയേഷന്റെ അംഗീകാരം തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റദ്ദാക്കിയത്. അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി പ്രതി ചേര്‍ത്തവരും നിയമനത്തട്ടിപ്പ് നടത്തിയവരും ഉള്‍പ്പടെയുള്ളവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് സസുഖം വാഴുമ്പോഴാണ് വോളി താരങ്ങളെ പ്രതിസന്ധിയിലാക്കിയ നടപടി. അസോസിയേഷന്റെ അംഗീകാരം നഷ്ടമായതോടെ വോളി താരങ്ങളുടെ ഗ്രേസ് മാര്‍ക്കും തൊഴില്‍ അവസരങ്ങളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
വോളിബോളിന്റെ വളര്‍ച്ചയും താരങ്ങളുടെ ഭാവിയെയും കുറിച്ചു ചിന്തിക്കാതെയുള്ളതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി. കൗണ്‍സില്‍ അംഗത്തിന്റെ സെക്രട്ടറി മോഹത്തിന് തിരിച്ചടിയേറ്റതിന് പകരം വീട്ടാനാണ് അതിവേഗത്തില്‍ അംഗീകാരം റദ്ദ് ചെയ്ത തീരുമാനം എടുത്തത്.
കൃത്രിമം കാണിച്ചവര്‍ക്കെതിരേ നടപടി എടുക്കുന്നതിന് പകരം വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തത് കോടതി വഴി അസോസിയേഷന് മടങ്ങി വരാനുള്ള വഴിയൊരുക്കുന്നതാണ്. വോളി അസോസിയേഷന് എതിരേ മാത്രം നടപടി എടുത്തവര്‍ കൗണ്‍സിലിലെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്.
ആലപ്പുഴയില്‍ നടന്ന ദേശീയ ഗെയിംസ് തുഴച്ചില്‍ മത്സര നടത്തിപ്പില്‍ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് ഡി വിജയകുമാര്‍. കായിക മന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശം വന്നിട്ടു പോലും വിജയകുമാറിനെ ഭരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല.
വിജയകുമാറിന്റെ അഴിമതിയുടെ പേരിലായിരുന്നു കനോയിങ് ആന്‍ഡ് കയാക്കിങ് ഫെഡറേഷന്‍ സംസ്ഥാന അസോസിയേഷനെ പിരിച്ചുവിട്ടത്. പൈക്കാ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 1.50 കോടിയിലേറെ രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയ ആളും ഭരണ സമിതി അംഗമെന്ന നിലയില്‍ സുരക്ഷിതനായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് രാജിവച്ച് ടാറ്റ ടീയില്‍ ജോലി നേടുകയും അവിടെ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ തിരികെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിച്ച് പെന്‍ഷനും മറ്റാനുകൂല്യങ്ങളും തട്ടിയെടുത്ത വ്യക്തിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് വാഴുന്നുണ്ട്.
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ ചുമതല രഹസ്യമായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയതും ഈ സംഘത്തിന്റെ നേതൃത്വത്തില്‍ കമ്മിഷന്‍ തട്ടാനായിരുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. മുന്‍പ് അക്വാട്ടിക് അസോസിയേഷന്‍ പ്രതിനിധി എസ് രാജീവിനെ ഭരണ സമിതി അംഗമായി ഉറപ്പിച്ച ശേഷം ഒഴിവാക്കി. അഴിമതിയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡുള്ള ആളെ പകരം സമിതി അംഗമാക്കി.
ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ കാലാവധി തീരുംമുന്‍പ് രാജിവപ്പിച്ചാണ് എല്ലാം ശരിയാക്കാനെന്ന പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിച്ചു പണിതത്. കൗണ്‍സില്‍ തലപ്പത്തെ ക്രമക്കേടുകള്‍ക്കും അഴിമതിക്കുമെതിരേ മുന്‍ കായിക താരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."