കൊട്ടാരക്കരയില്‍ കോടികളുടെ വിസ തട്ടിപ്പ്; എണ്ണൂറോളം പേര്‍ തട്ടിപ്പിനിരയായി
കൊട്ടാരക്കര: ബി.ജെ.പി പ്രാദേശിക നേതാവും കുടുംബവും കൊട്ടാരക്കര കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ് നടത്തിയതായി പൊലിസ്. 800 ഓളം പേര്‍ തട്ടിപ്പിനിരയായതായി പറയുന്നു. തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ കൊട്ടാരക്കര പൊലിസ് പിടികൂടിയതായും സൂചനയുണ്ട്. ഹരികൃഷ്ണന്‍, ഗിരി കൃഷ്ണന്‍, സഹായികളായ സുബിന്‍, സുനില്‍, ഏജന്റായി പ്രവര്‍ത്തിച്ച നെടുമണ്‍കാവ് സ്വദേശി സുരേഷ് കുമാര്‍ എന്നിവരെപൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കൊട്ടാരക്കരയിലെ പ്രാദേശിക ബി.ജെ.പി നേതാവും, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ പുലമണ്‍ ഗോകുലത്തില്‍ ബിജു (കോട്ടപ്പുറം ബിജു)വിന്റെ മക്കളായ ഹരികൃഷ്ണന്‍, ഗിരി കൃഷ്ണന്‍ എന്നിവരും പത്തനംതിട്ട സ്വദേശി പ്രിന്‍സ് സക്കറിയ എന്നയാളുമാണ് വിസ തട്ടിപ്പിലെ പ്രധാനികളെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. ബിജുവിനും തട്ടിപ്പില്‍ പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു.
ദുബായിലെ സ്പിന്നീസ്, അല്‍ഷിറാവി എന്നീ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൊട്ടാരക്കര കോട്ടപ്പുറം ഗോകുലത്തില്‍ ഹരികൃഷ്ണനും കുടുംബവും ചേര്‍ന്ന് കോടികള്‍ പലരില്‍ നിന്നും വിസ വാഗ്ദാനം നല്‍കി തട്ടിച്ചതായി പരാതിയില്‍ പറയുന്നു. പണം തട്ടിയ സംഘത്തെകുറിച്ച് പരാതി നല്‍കാന്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഇന്നലെ ഇരുന്നൂറോളം പേരാണ് കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘത്തിന് കണ്ണികള്‍ ഉള്ളതായി പൊലിസ് സംശയിക്കുന്നു.
മാന്നാര്‍ എണ്ണയ്ക്കാട് സ്വദേശിയായ സന്തോഷിനെ ഈ കേസുമായി ബന്ധപെട്ട് മാന്നാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന കണ്ണിയായ ഹരികൃഷ്ണന്റെ ബന്ധുവാണ് ഇയാളെന്ന് പറയപ്പെടുന്നു. 83 പേരില്‍ നിന്നായി അരക്കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്ത് സംഘത്തിന് കൈമാറിയിട്ടുള്ളതായി പറയപ്പെടുന്നു. ജില്ലയില്‍ കൊട്ടാരക്കര സ്വദേശിയായ ഹരികൃഷ്ണന്‍ വഴിയാണ് പ്രധാനമായും വിസ ഇടപാടുകള്‍ നടന്നിരുന്നത്.
1500ലധികം ഒഴിവുകളുണ്ടെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിയുമായി കൊട്ടാരക്കരയിലെത്തിയ ഭൂരിപക്ഷം പേര്‍ക്കും ഹരികൃഷ്ണനേയും കുടുംബത്തേയും മാത്രമേ അറിയൂ. എന്നാല്‍ കൂട്ടാളിയായ പ്രിന്‍സ് സക്കറിയ, മലപ്പുറം സ്വദേശിയായ ഷാനവാസ് എന്നിവരും വിസ തട്ടിപ്പിലെ പ്രധാനികളാണെന്നും പരാതി നല്‍കാനെത്തിയവര്‍ പറയുന്നുണ്ട്.
60000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസയ്ക്കായി ഇവരുടെ കൈയില്‍ നിന്നും ഈടാക്കിയിരുന്നു. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ബയോഡാറ്റയും ഐ.ഡി കാര്‍ഡും വാങ്ങിയശേഷം മുപ്പതു ദിവസത്തിനകം ജോലി നല്‍കാമെന്ന വാഗ്ദാനത്തിലായിരുന്നു ഗള്‍ഫ് മോഹികള്‍ പണം നല്‍കിയിരുന്നത്. വിശ്വാസത്തിനായി വാങ്ങിയ പണത്തിനു ചെക്കും നല്‍കിയിരുന്നു.
മൂന്ന് മാസത്തിനകം വിദേശത്ത് പോകാന്‍ സാധിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണില്‍ കിട്ടാതാകുകയും പിന്നീടുള്ള അന്വേഷണത്തില്‍ തങ്ങള്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് പൊലിസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പു സംഘത്തില്‍ നിരവധിപേര്‍ ഉള്ളതായി പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."