കോണ്‍ഗ്രസിന്റെ മതേതര മുന്നേറ്റത്തെ സി.പി എം ദുര്‍ബലപ്പെടുത്തുന്നു: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കണ്ടകശനി അവസാനിക്കാറായെന്ന് പാര്‍ട്ടി പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. ഇന്ദിരാഭവനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, വക്കം പുരുഷോത്തമന്‍ എന്നിവരെ ഇന്ദിരാഗാന്ധി പുരസ്‌കാരം നല്‍കി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമൊട്ടുക്കും മോദിക്കെതിരേ പട നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നേറ്റത്തെ അല്‍പമെങ്കിലും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് വലിയ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധത പറയുന്ന സി.പി.എം ആണ്. ദേശീയ രാഷ്ട്രീയത്തില്‍ നിതീഷ് കുമാര്‍ ചെയ്തതിനേക്കാളും വലിയ വഞ്ചന കാട്ടിയ അഞ്ചാംപത്തികളായി സി.പി.എം മാറിയിരിക്കയാണ്. ആന്റണിക്കൂട്ടിച്ചേര്‍ത്തു. ഇതിന് സി.പിഎം കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തിപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയാണെന്നും ആന്റണി പറഞ്ഞു.
ഇന്ത്യ ഒട്ടുക്ക് കാറ്റിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. ആരും ഇനി കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം വിളിക്കില്ല. മോദി ഭരണത്തില്‍ ജീവിത ദുരിതങ്ങളും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയാതിക്രമങ്ങളും അനുഭവിച്ചറിഞ്ഞ ഇന്ത്യന്‍ ജനത മോദിയെ ആരു പിടിച്ചുകെട്ടുമെന്ന് ഉറ്റുനോക്കുകയാണ്. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായി. വി.എം സുധീരന്‍, തമ്പാനൂര്‍ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."