തോമസ് ചാണ്ടി വരും, എല്ലാം 'ശരിയാക്കും'
തെരഞ്ഞെടുപ്പു പ്രചാരണകാലത്തു പറഞ്ഞ വാക്കുകള്‍ ഇത്രപെട്ടെന്നു തിരിച്ചടിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പ്രതീക്ഷിച്ചു കാണില്ല. യു.ഡി.എഫ് ഭരണത്തില്‍ ആകെ തകര്‍ന്ന കേരളത്തെ രക്ഷിക്കാനും കുത്തഴിഞ്ഞ പൊതുരംഗം ശരിയാക്കാനുമാണു തങ്ങള്‍ അധികാരത്തിലെത്തുന്നത് എന്നായിരുന്നല്ലോ എല്‍.ഡി.എഫിന്റെ പ്രതികരണം.
അധികാരത്തിലെത്തിയ ഉടനെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തു മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കേട്ടപ്പോഴും ജനങ്ങളിലെ പ്രതീക്ഷ വര്‍ധിക്കുകയാണു ചെയ്തത്. തന്റെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന ബോധത്തോടെയായിരിക്കണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
അതു കേള്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഭാവിയില്‍ കൈക്കൂലി കണ്ടാല്‍പ്പോലും മുഖം തിരിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനു മുന്നിലെത്തുന്ന അപേക്ഷയിലും പരാതിയിലും അതേദിവസം തന്നെ പരിഹാരമുണ്ടാകുമെന്നും പാവം ജനം സ്വപ്നം കണ്ടു. എന്നാല്‍, ദിവസങ്ങള്‍ കഴിയുമ്പോള്‍ പണച്ചാക്കുകളും കള്ളക്കടത്തുകാരും രാഷ്ട്രീയക്കച്ചവടക്കാരും ചേര്‍ന്നു ജനങ്ങളെ 'ശരിയാക്കുന്ന' കാഴ്ചയാണു കാണാന്‍ കഴിഞ്ഞത്.
കഴിവും യോഗ്യതയുമുള്ളവരെ മന്ത്രിയാക്കുക എന്നതിനു പകരം ഏതു സ്വജനപക്ഷപാതിയെയും അധാര്‍മികനെയും ഭൂമികൈയേറ്റക്കാരനെയും കള്ളപ്പണച്ചാക്കിനെയും മന്ത്രിയാക്കാമെന്നു വന്നപ്പോള്‍ ആദ്യം ശരിയായതു സര്‍ക്കാരിന്റെ സല്‍പ്പേരാണ്. ബന്ധുനിയമനവിവാദത്തില്‍ ആദ്യമന്ത്രി താഴെയിറങ്ങി. സ്ത്രീകളോടു മാന്യമായി പെരുമാറാനറിയാത്തതിന്റെ പേരില്‍ രണ്ടാം മന്ത്രിയുടെയും കസേര വീണു.
തുടര്‍ന്ന് അധികാരത്തിലേറിയതാണ് തോമസ് ചാണ്ടി. അദ്ദേഹം എതായാലും നേരത്തേ രാജിവച്ച രണ്ടു മന്ത്രിമാരുടെയും പേരു നന്നാക്കി. തോമസ് ചാണ്ടിയേക്കാള്‍ ഭേദം ശശീന്ദ്രനും ഇ.പി ജയരാജനുമായിരുന്നുവെന്നു ജനം പരസ്യമായി പറഞ്ഞു തുടങ്ങി.
ജയരാജന്‍ തന്റെ ബന്ധുവിനു ജോലി കൊടുത്തുവെന്ന തെറ്റേ ചെയ്തിട്ടുള്ളു. ജോലിയില്‍ കയറും മുമ്പ് വിവാദമായതിനാല്‍ തീരുമാനം നടപ്പാക്കാനുമായില്ല. ശശീന്ദ്രന്റെ കാര്യത്തിലാണെങ്കില്‍ ഫോണില്‍ അശ്ലീലമായി സംസാരിച്ചുവെന്ന ആരോപണമേയുള്ളു.
തോമസ് ചാണ്ടിയുടെ കാര്യം അതാണോ. മൊത്തമായി വിഴുങ്ങുകയല്ലേ ടിയാന്‍ ചെയ്തത്. സര്‍ക്കാര്‍ ഭൂമിയും ദേവസ്വം ഭൂമിയും കായലും കരയുമെല്ലാം കൈപ്പിടിയിലാക്കി. അതു രഹസ്യമായാണെങ്കില്‍ അങ്ങനെയെങ്കിലും സമാധാനിക്കാമായിരുന്നു.
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്കു മുറുമുറുപ്പ് എന്നു പറഞ്ഞപോലെ ഇത്രയൊക്കെ പുകില്‍ ഒപ്പിച്ചിട്ടും തന്റെ നേരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും കഴിയില്ലെന്ന വെല്ലുവിളിയാണ് തോമസ് ചാണ്ടി ഉയര്‍ത്തിയിരിക്കുന്നത്.
ഇനിയും പത്തുനാല്‍പ്പത്തിരണ്ടു ബ്ലോക്കുകളില്‍ ഭൂമിയുണ്ടെന്നും അവയും ഇതേപോലെ നികത്തുമെന്നും മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണനിയമവും പാടവും വെള്ളക്കെട്ടും നികത്തുന്നതിനെതിരേയുള്ള നിയമവുമൊക്കെയുള്ള നാട്ടിലാണ് ഈ വെല്ലുവിളി.
അതു പറയാന്‍ തെരഞ്ഞെടുത്ത വേദിയേതെന്നതും ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹത്തിനുമെതിരേ ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ ഇടതുപക്ഷ മുന്നണി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയുടെ സ്വീകരണച്ചടങ്ങിലാണ് ചാണ്ടി ഈ ഗ്വാ... ഗ്വാ... വിളി നടത്തിയിരിക്കുന്നത്.
ചാണ്ടിയുടെ ഭൂമി കൈയേറ്റം അനുവദിക്കില്ലെന്ന നിലപാടെടുത്ത സി.പി.ഐയുടെ അമരക്കാരന് ചാണ്ടിയുടെ കഥാപ്രസംഗം കേട്ട് തലകുനിച്ചിരിക്കേണ്ടി വന്നു.
അതാണു പറഞ്ഞത് ചാണ്ടി എല്ലാം ശരിയാക്കുമെന്ന്.
ജനങ്ങളെയും പുറമ്പോക്കും മാത്രമല്ല, ഈ സര്‍ക്കാരിനെത്തന്നെയും ശരിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."