തോമസ് ചാണ്ടിക്കു പിന്തുണയുമായി എന്‍.സി.പി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ച സി.പി.ഐയെ വിമര്‍ശിച്ച് എന്‍.സി.പി ദേശീയനേതൃത്വം.
കേരളാമന്ത്രിസഭയിലെ എന്‍.സി.പി പ്രതിനിധി കൂടിയായ തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ അഭിപ്രായപ്രകടനത്തെ ചോദ്യം ചെയ്താണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ രംഗത്തുവന്നത്.
സുധാകര്‍ റെഡ്ഡിയുടെ പരാമര്‍ശം അനവാശ്യമായിരുന്നുവെന്നും തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
ഘടകകക്ഷി മന്ത്രിക്കെതിരേ ഇത്തരത്തിലുള്ള സമീപനം മുന്നണിയില്‍പ്പെട്ട പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല. തോമസ്ചാണ്ടിക്കെതിരേയുള്ള ആരോപണം മുഖ്യമന്ത്രി പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച പരാതി കോടതിക്കു മുന്‍പാകെയും ഉണ്ട്. തോമസ് ചാണ്ടി നിരപരാധിയാണെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കുന്ന നയം ഇടതുപക്ഷത്തിനില്ലെന്നും അത്തരക്കാരെ ഒരിക്കലും മന്ത്രിസഭയില്‍ വച്ചുപൊറുപ്പിക്കരുതെന്നും തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരേ സി.പി.ഐ സംസ്ഥാന നേതൃത്വവും പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിക്കു പിന്തുണയുമായി എന്‍.സി.പി ദേശീയനേതൃത്വം പ്രസ്താവനയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."