മലക്കുല്‍ മൗത്ത്
ചാരുകസേരയുമെടുത്ത് ഞാന്‍ മുറിയിലെ പടിഞ്ഞാറേ ജനാലകള്‍ക്കരികിലെത്തി. കൊളുത്ത് തുറന്നതും തള്ളിക്കയറി വന്ന തണുത്ത കാറ്റിനു പതിവിലും കുളിര്. മരത്തില്‍ പൂത്താങ്കീരികളുടെ ബഹളം തുടങ്ങിയിട്ട് ഒത്തിരി നേരമായി. പൂത്താങ്കീരികള്‍ മാത്രമല്ല, അമ്പലപ്രാവുകള്‍, മൈനകള്‍, മാനോഹരമായി പാടുന്ന മഞ്ഞക്കിളി, എല്ലാ വൈകുന്നേരവും പതിവായെത്തുന്ന ഇരട്ടവാലന്‍ പക്ഷി അങ്ങനെ ഒത്തിരി പേരുണ്ട്...വൈകുന്നേരത്തെ, കുട്ടികളുടെ പതിവു കളികള്‍ക്കിടയില്‍നിന്നൊരു പന്ത് പറന്നുവന്നു മരച്ചില്ലയില്‍ പതിച്ചതും അവയൊന്നിച്ച് എങ്ങോട്ടോ പറന്നുപോയി. ഞാന്‍ കസേരയില്‍ തലചായ്ച്ച് കണ്ണുകളടച്ചു കിടന്നു.
ഒറ്റപ്പെടലിന്റെ വേളകളില്‍ മനസിന്റെ സ്വയംസഞ്ചാരങ്ങളില്‍ ഞാനാ കാലൊച്ച കാതോര്‍ക്കാറുണ്ട്. അന്നേരം പരിചിതവും എന്നാല്‍ അപരിചിതവുമായ ഒരു ഗന്ധം എന്നെ തേടിയെത്തും. അഗാധമായ ഒരു ഗര്‍ത്തത്തിന്റെ ആഴങ്ങളിലേക്ക് ചുഴലിക്കാറ്റുപോലെ കറങ്ങിക്കറങ്ങി പതിയെ അതിന്റെ അടിത്തട്ടിലേക്കു പതിക്കും. കൈകാലുകള്‍ക്കു ചലനം നഷ്ടപ്പെടും. കാഴ്ചയും കേള്‍വിയും അതിര്‍വരമ്പുകള്‍ ഭേദിച്ചു വിശാലമാകും.
'പെട്ടെന്ന് കൊയങ്ങി വീണതാത്രേ...'
എന്റെ മരണം ഇങ്ങനെയുണ്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ മരണവും വ്യത്യസ്തമാണല്ലോ? വളരെ വേദനയോടെ ഈ ജോലി ഏറ്റെടുക്കുമ്പോള്‍ പടച്ചോന്‍ അസ്‌റാഈലിനു കൊടുത്ത വാക്കാണത്രേ അത്. എല്ലാവര്‍ക്കും അറിയാമെങ്കിലും, ആരും അസ്‌റാഈല്‍ റൂഹ് പിടിച്ച് ഒരാള്‍ മരിച്ചൂന്നു പറയാറില്ല. നെഞ്ചുവേദന വന്നു മരിച്ചു, പാമ്പ് കടിച്ചുമരിച്ചു, മുങ്ങിമരിച്ചു, വാഹനാപകടത്തില്‍ മരിച്ചു, ഇങ്ങനെ എത്രയെത്ര മരണങ്ങള്‍!
'യാസീന്‍.. വല്‍ ഖുര്‍ആനില്‍ ഹകീം...' ദിയ കൈയിലെ മുസ്ഹഫില്‍നിന്നു കണ്ണുകളെടുത്ത് എന്നെ നോക്കി. ഹിബ അവളുടെ തോളോടു ചേര്‍ന്നിരിപ്പുണ്ട്. ആ കണ്ണുകള്‍ തുടയ്ക്കാന്‍ ഞാനറിയാതെ കൈയുയര്‍ത്തി. ഇല്ല, ഇനി എനിയ്ക്കതിനു കഴിയില്ല..! ഞാനിന്നു വെറുമൊരു മയ്യിത്താണ്. അത് ഞാന്‍ ഉള്‍കൊള്ളേണ്ടിയിരിക്കുന്നു.
അഫ്‌ലു എന്നെ കിടത്തിയ കട്ടിലിനു ചാരെ വന്നുനിന്നു. അമ്പരപ്പോടെ എന്നെ തൊട്ടുനോക്കി. പിന്നെ എന്റെ മുഖത്തോടുമുഖം ചേര്‍ത്തുകിടന്നു. അവനെ എന്റെ മാറോടു ചേര്‍ത്ത് ഇറുക്കെ പിടിച്ചു കിടക്കാന്‍, അവന്റെ മുടിയിഴകളില്‍ മെല്ലെ തലോടി കഥപറഞ്ഞുറക്കാന്‍ ഹൃദയം തുടിച്ചു...ഈ ശരീരം മാത്രമേ മരണത്തിനു നിശ്ചലമാക്കാന്‍ കഴിയുന്നുള്ളൂ. മാതൃഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കാണു കഴിയുന്നത്!
യാ അല്ലാഹ്!
ആരൊക്കെയോ അവനെ എന്നില്‍നിന്നു പിടിച്ചുമാറ്റുന്നു. എന്തിനാണവരവനെ കൊണ്ടുപോകുന്നത്. ഇനി ഈ ഭൂമിയില്‍ എനിക്കനുവദിക്കപ്പെട്ട അവസാന നിമിഷങ്ങളിലെങ്കിലും എനിയ്ക്കവനെ കണ്ടിരുന്നൂടെ. മുറിയില്‍ അവന്റെ തേങ്ങല്‍ നിറഞ്ഞുനിന്നു. ഇക്ക അവനെയെടുത്തു തോളിലിട്ടു. അല്ലെങ്കിലും അവനുപ്പച്ചിക്കുട്ട്യാ. അതോണ്ട് എന്നെ കണ്ടില്ലെങ്കിലും അവനതിനോടു പൊരുത്തപ്പെടും.
ആരും ഒരു വക കഴിച്ചിട്ടില്ല. എന്തേ അതൊന്നും ആരും അന്വേഷിക്കാത്തത്? മക്കള്‍ടെ മുഖം വാടി തുടങ്ങിയിരിക്കുന്നു. ഉമ്മ മരുന്ന് കഴിച്ചോ എന്തോ..
'കുളിപ്പിക്കാനെടുക്കാം' ആരൊക്കെയോ തിരക്കുകൂട്ടുന്നു.
'ഞാന്‍ കുളിപ്പിച്ചോളാം..' ഉമ്മയുടെ ശബ്ദം എന്റെ മനസു നിറച്ചു. ഉമ്മയങ്ങനെയാണ്. എത്ര തകര്‍ന്നുപോയ നിമിഷങ്ങളിലും യാഥാര്‍ഥ്യത്തെ ഉള്‍കൊള്ളാനുള്ള മനക്കരുത്ത് നേടിയെടുക്കും. ഇന്നെന്നെ കുളിപ്പിക്കുമ്പോഴും, ആദ്യത്തെ കണ്‍മണിയെ ആകാംക്ഷയോടെ കുളിപ്പിച്ച നാളുകളായിരിക്കാം ഒരുപക്ഷേ ഉമ്മയുടെ മനസില്‍.
മുഖമക്കനിയിടീച്ചു കഴിഞ്ഞ് ഉമ്മ അതൊന്നു കൂടി ശരിയാക്കിയിട്ടു. പണ്ടു തൊട്ടേയുള്ള ശീലമാണ് മുഖമക്കന. എങ്ങോട്ടു പോകാനിറങ്ങുമ്പോഴും ഉമ്മ അതൊന്നു ശരിയാക്കിത്തരും. അപ്പോഴൊക്കെ ഞാന്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നു സ്വയം തോന്നാറുണ്ട്.
'ഞ്ഞി ആരെ കാത്തിട്ട് നിക്കാന്നാവോ? വണ്ടിക്കാരന് വേറെ ട്രിപ്പ്ണ്ട്. കുട്ട്യേള് ഇസ്‌കൂള് വിട്ട് വര്ണീന്റെ മുന്നെ അങ്ങ്ട്ട് എത്തും വാണം. മയ്യത്ത്ട്ക്കാണെങ്കി പോവായ്ന്നു.'
ഉള്ളിലൊരു നീറ്റല്‍.
ഞാനറിയാത്ത ആരുടെയൊക്കെയോ പിറുപിറുപ്പുകളാണ്. അവരു പറയുന്നതിലും കാര്യണ്ട്. വേഗം അങ്ങ് ട് എടുത്താ, എല്ലാവര്‍ക്കും അവനവന്റെ കാര്യങ്ങളിലേക്കു തിരിയാം.
മുഖത്തു പഞ്ഞി വച്ച്, തുണികൊണ്ടു പൊതിഞ്ഞു രണ്ടറ്റവും കെട്ടി. പായയുടെ അറ്റം കൂര്‍ത്ത കോലുകള്‍ കൊണ്ടു കോര്‍ത്തുവച്ചു. മയ്യിത്ത് കട്ടിലിലേക്കു കിടത്തുമ്പോള്‍ അടക്കിവച്ച നോവുകള്‍ തേങ്ങലുകളായി നാലുപാടുനിന്നും ഉയര്‍ന്നു. വീടാകെ കുന്തിരിക്കത്തിന്റെ മണം. മരണത്തിനു കുന്തിരിക്കത്തിന്റെ മണമാണെന്നു ചെറുപ്പത്തിലൊക്കെ എനിക്കു തോന്നിയിരുന്നു. വീടിനു പുറത്തെത്തിയപ്പോഴേക്കും യാസീന്‍ ഓതിത്തുടങ്ങിയിരുന്നു. മനോഹരമായ പാരായണം. ദുആ ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ നെഞ്ചിലൊരു കടലിരമ്പം.
ഈ നാടിന്റെ മരുമകളാകുമ്പോള്‍, ഞാന്‍ എട്ടും പൊട്ടും തിരിയാത്തൊരു പൊട്ടിപ്പെണ്ണ്. 12 വര്‍ഷങ്ങളാണ് ഇവരെന്നെ സഹിച്ചത്. ഇക്കയും ഉമ്മയും കാക്കുമാരും താത്തമാരും അവരുടെ മക്കളും ഈ നാടും വീടും എല്ലാം ഇന്ന് 'ഞാന്‍' എന്നതിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ചെറിയപ്രായത്തില്‍ തന്നെ, പറക്കമുറ്റാത്ത അഞ്ചു മക്കളെ തനിച്ചു വളര്‍ത്തി വലുതാക്കിയ ഉമ്മ എനിക്കെന്നുമൊരത്ഭുതമാണ്. ഇക്കമാരില്ലെന്ന, ഇത്തമാരില്ലെന്ന എന്റെ സങ്കടം തീര്‍ന്നത് ഇവിടെ വന്ന ശേഷമാണ്. വിട പറയുകയാണ്. പ്രിയപ്പെട്ട വീടിനോട്, നാടിനോട്, എന്നെ ചേര്‍ത്തുപിടിച്ച ബന്ധുക്കളോട്, കൂടെ നിന്ന അയല്‍ക്കാരോട്...
'ലാ ഇലാഹ ഇല്ലല്ലാഹു ലാ ഇലാഹ ഇല്ലല്ലാഹ്...' ജനാസ പുറപ്പെടുകയാണ്. അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളികളുയര്‍ന്നു. മക്കള്‍ 'ഉമ്മാ' എന്നു വിളിച്ച് ആര്‍ത്തുകരഞ്ഞു.
മക്കളേ, നിങ്ങളെ തനിച്ചാക്കി പോകുന്നതില്‍ എനിക്കു വേദനയുണ്ട്. മരിച്ചാലും മനസമാധാനം തരാത്ത മനസ് ഓരോ അമ്മയ്ക്കും സമ്മാനിച്ചിട്ടുണ്ടല്ലോ ഈ സമൂഹം. ഇതുവരെ കൗമാരയൗവനങ്ങളായിരുന്നു ഭയപ്പെട്ടിരുന്നത്. ഇന്നതു പെണ്ണിന്റെ പിറവിയിലേക്കെത്തപ്പെട്ടിരിക്കുന്നു. അവളെ പിച്ചിച്ചീന്താന്‍ രക്തബന്ധങ്ങള്‍ പോലും മത്സരിക്കുന്നു. എല്ലാം കണ്ടു മൗനംപാലിക്കുന്ന ഒരു സമൂഹം നമുക്കിടയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. നിങ്ങളൊരിക്കലും തളര്‍ന്നിരിക്കരുത്. ഞാനുണ്ട് കൂടെ..
മേശപ്പുറത്ത് എന്റെ ഡയറിയുണ്ട്. സന്തോഷങ്ങളും സങ്കടങ്ങളും പരാതികളും പരിഭവങ്ങളുമെല്ലാം പതിവുപോലെ അതിലെഴുതി വയ്ക്കണം. വായിക്കാന്‍ ഞാനോടിയെത്തും. ആ ഡയറിയും പേനയും ഇനിയും നമുക്കിടയില്‍ സംസാരിക്കും.
ഉമ്മച്ചി മരിച്ചുപോയെന്നും ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നുമൊക്കെ പലരും പറയും. അവരോടു പറയണം ഈ നെഞ്ചിലാണ് ഉമ്മച്ചിയെന്ന്. വലുതാവുമ്പൊ അഫ്‌ലു എന്നെ മറന്നുപോകുമായിരിക്കും. അവനോടു പറയണം ഉമ്മച്ചിക്കവനെ ഒരുപാടിഷ്ടമായിരുന്നൂന്ന്..
'മ്മച്ചിനെ കൊണ്ടോണ്ടാ....'
അവരുടെ നിലവിളികള്‍ എനിയ്ക്കു കേള്‍ക്കാന്‍ വയ്യാ!
ഇവരെല്ലാം ഇത്രത്തോളം വേദനിക്കുമെങ്കില്‍ ഈ മരണം വേണ്ടായിരുന്നു. ഒന്നു മരിച്ചുകിട്ട്യാ മതീന്ന് എത്രയോ തവണ ഒരു കാരണവുമില്ലാതെ എന്റെ നാവില്‍നിന്നുതിര്‍ന്നിട്ടുണ്ട്. അന്നറിയില്ലായിരുന്നു, ഇതിത്രമേല്‍ വേദനാജനകമെന്ന്.
റബ്ബേ മറവികൊണ്ട് നീയിവരെ അനുഗ്രഹിക്കേണമേ..
ജനാസ പാടവും തോടും കടന്നു കയറ്റം കയറാന്‍ തുടങ്ങുന്നു.
'ദേ.. മുല്ല പൂത്ത മണം!'
അതെ, വീടെത്തിക്കഴിഞ്ഞു. എന്റെ ബാല്യകൗമാരങ്ങളലിഞ്ഞു ചേര്‍ന്ന സ്വര്‍ഗം! ആര്യവേപ്പില്‍ പടര്‍ന്നുകയറിയ മുല്ലപ്പന്തല്‍ ഇന്നിവിടെയില്ല. എന്നിട്ടും എവിടെനിന്നാണീ ഗന്ധം. അലസമായിട്ട ചെമ്പിച്ച മുടിയിഴകള്‍ വിരലുകളില്‍ ചുറ്റിപ്പിടിച്ചു നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന, കണ്ണുകളില്‍ കാക്കത്തൊള്ളായിരം സ്വപ്നങ്ങളൊളിപ്പിച്ചുവച്ച ഒരു കൊച്ചുപെണ്‍കുട്ടിയുടെ കൊലുസിന്റെ കിലുക്കം, അതിന്നു വീണ്ടും കേള്‍ക്കുന്നു.
ഉമ്മാന്റെ നിസ്‌കാരക്കുപ്പായത്തിലുതിര്‍ന്നുവീണ കണ്ണീരിന്റെ പുളിപ്പ്. മഗ്രിബിലുയര്‍ന്നു കേട്ടിരുന്ന മാലപ്പാട്ടിന്റെ നിലക്കാത്ത താളം. ഉമ്മ ചൊല്ലിത്തന്നിരുന്ന കവിതകളുടെ ഈണം. ഉപ്പാന്റെ നെഞ്ചിലെ ചൂട്. ഞങ്ങളൊന്നിച്ച് നനഞ്ഞു തീര്‍ത്ത മഴകള്‍. വൈകുന്നേരങ്ങളിലെ കളിചിരികള്‍ക്കിടയില്‍ മൊത്തിക്കുടിച്ച ഏലക്കയിട്ട കട്ടന്‍ ചായയുടെ മധുരം. ആരിക്കും അനുവിനുമൊപ്പം വഴക്കടിച്ചു പാതിനിര്‍ത്തിയ കളികള്‍, എല്ലാം കണ്‍മുന്നിലിങ്ങനെ വീണ്ടും വീണ്ടും...
ഇങ്ങനെ പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ഏത് ബഗ്ദാദിലാണു റബ്ബേ, നീയീ ഓര്‍മകളുടെ വേരുകളൊക്കെ ഒളിപ്പിച്ചുവച്ചിരുന്നത്. ഈ ഭൂമിയില്‍ എനിക്കു നീ തന്ന ജീവിതം എത്ര സുന്ദരമായിരുന്നുവെന്ന ബോധ്യപ്പെടുത്തലാണോ ഇത്?
എന്തിനാണു ഞാനിങ്ങനെ വേവലാതിപ്പെടുന്നത്?
ഇങ്ങനെ രണ്ടു വീടുകളോടും യാത്ര പറയാനുള്ള ഭാഗ്യം, അത് അപൂര്‍വം ചിലര്‍ക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമല്ലേ?
പാറമ്മലെ പള്ളിയുടെ അകത്തളങ്ങളിലേക്കെന്നെ കൊണ്ടുവച്ചപ്പോള്‍, ഇതുവരെയില്ലാത്തൊരപരിചിതത്വം! ഇനിയങ്ങോട്ടും ഇങ്ങനെയാണല്ലോ അല്ലേ? ഖബറിലേക്കിറക്കി വയ്ക്കുമ്പോള്‍, പ്രിയ മുഖങ്ങളെ ഒന്നുകൂടി നോക്കി.
അല്ലാഹ്!
കരയാനിത്തിരി കണ്ണീരു പോലുമില്ലല്ലോ? അല്ലെങ്കിലും പുഞ്ചിരിക്കുള്ളില്‍ അതൊളിപ്പിച്ചു വയ്ക്കുന്നവര്‍ക്കു കരയാനെന്തിനാ കണ്ണീര്? മഴ മറന്നുവച്ച മഴത്തുള്ളികളിലൊരെണ്ണം എന്റെ മുഖത്തു വന്നുപതിച്ചു. അപ്പോഴാണ് ആകാശം നോക്കിയത്. എങ്ങനെയാണ് ഇതിത്രയും ചെറുതായിപ്പോയത്! അവസാന ആകാശപ്പൊട്ടും മറഞ്ഞു. ഒരിക്കലും മടങ്ങിപ്പോകാന്‍ കഴിയാത്തവിധം ഞാനീ ഇരുളറക്കുള്ളിലായിരിക്കുന്നു. ഇനി നിന്റെ ഓര്‍മകളുമായി ഞാനിവിടെയുറങ്ങും.
പ്രിയപ്പെട്ടവനേ..
നമ്മളൊരുമിച്ചുള്ള യാത്ര തുടങ്ങുമ്പോള്‍ എനിക്ക് ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നില്ല. ആകാശത്തു പാറിപ്പറക്കുന്ന പക്ഷികളെ ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. എനിയ്ക്കും ചിറകുകളുണ്ടെന്ന കാര്യം ഞാനെന്നേ മറന്നുപോയിരുന്നു. നീയാണ് എന്നോടു പറക്കാന്‍ പറഞ്ഞത്. പക്ഷേ, ഭയമായിരുന്നു. പരന്നുകിടക്കുന്ന ആകാശത്തിന്റെ അനന്തതയെ, താഴെ വലവീശി കാത്തിരിക്കുന്ന വേട്ടാളന്മാരെ, എന്റെ നേര്‍ക്കു നീണ്ടുവന്നേക്കാവുന്ന കഴുകക്കണ്ണുകളെ. എല്ലാം എനിയ്ക്കു ഭയമായിരുന്നു. നീയെന്നെ പറക്കാന്‍ പഠിപ്പിച്ചു. എന്റെ ലക്ഷ്യത്തിലേക്കെന്നെ പറത്തിവിട്ടു. ഞാനറിയാതെ എന്നെ പിന്തുടര്‍ന്നു. തളര്‍ന്നിരുന്നപ്പോള്‍ താങ്ങായിനിന്നു. അലസയായപ്പോള്‍ ശാസനയായി വന്നു, ഓരോ തീരമെത്തുമ്പോഴും ഇനിയുമുണ്ടെന്നോര്‍മിപ്പിച്ചു. ഒരു ഭര്‍ത്താവിനു ഭാര്യക്കു കൊടുക്കാന്‍ കഴിയുന്നതിലുമപ്പുറം സ്‌നേഹവും കരുതലും നീയെനിയ്ക്കായി കരുതിവച്ചു. അതിലല്‍പമെങ്കിലും തിരികെത്തരാന്‍ ഈയുള്ളവള്‍ക്കായില്ലല്ലോ!
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നീ ഞാനായി പിറക്കണം. എനിക്കു നീയാകണം.. അന്നു നീ തിരിച്ചറിയും, നിന്നെ ഞാന്‍ എത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്ന്. നീയില്ലായ്മയില്‍, നീ നട്ട മൈലാഞ്ചിച്ചെടിയുടെ വേരുകളെന്നെ പുണരും വരെ ഈയുള്ളവള്‍ക്കുറക്കമില്ല. ഈ മൈലാഞ്ചിച്ചെടിക്കരികെ ഒരു ഗുല്‍മോഹര്‍ തൈ കൂടി നീയെനിക്കായ് കരുതണം.
മറവിയുടെ മാറാലകള്‍ക്കിടയില്‍ സന്ദര്‍ശനത്തിന്റെ ഇടവേളകള്‍ കൂടുമ്പോള്‍, ആണ്ടുമൗലൂദിലെ ചീരണിയില്‍ മാത്രമായി ഞാനൊതുങ്ങിപ്പോകുമ്പോള്‍ അതിന്റെ ചില്ലകളാല്‍ നീ വരുന്ന ആ വഴിയിലേക്കെനിക്കെത്തി നോക്കണം. നിന്റെ കാലൊച്ച കാതോര്‍ക്കണം.
മക്കളെ കാണണം. കാറ്റിലുതിര്‍ന്നുവീഴുന്ന പൂക്കള്‍ക്കൊപ്പം അവര്‍ക്കു മുത്തം കൊടുക്കണം. ആകാശം കാണണം. മതിയാവോളം മഴ നനയണം...
എല്ലാ കാലടികളും അകന്നുപോയിരിക്കുന്നു. ഞാന്‍ തനിച്ചായിരിക്കുന്നു. ഒന്ന് ഞാന്‍ തിരിച്ചറിയുന്നു. ജനനം മുതല്‍ നമ്മെ ഒരു നിമിഷം പോലും മാറിനില്‍ക്കാതെ പിന്തുടരുന്നതു മരണം മാത്രമാണ്. വിടരുംമുന്‍പെ ഇതളുകളില്‍ സുഗന്ധം തുന്നിച്ചേര്‍ത്തുവച്ച പൂക്കള്‍ പോലെ..
എല്ലാവരും പോയിക്കഴിഞ്ഞിട്ടും ആരോ എനിയ്ക്കരികിലുള്ളതു പോലെ.. ഉണ്ട്.. ഖബറിന്റെ മുകളിലൂടെ എന്നെ തലോടുന്ന ആ വിരലുകള്‍... ഓതിത്തീര്‍ത്ത ഖുര്‍ആനിന്റെ ഖതമുകളുമായി ഈ ഭൂമിയിലെന്നെ സ്വീകരിക്കാന്‍ കാത്തിരുന്ന കൈകള്‍.. ഉപ്പയുടേതുതന്നെ! ആ സ്പര്‍ശത്തില്‍ ഞാനനുഭവിച്ച സാന്നിധ്യം, അതുമ്മയുടേതും.
വര: ബഷീര്‍ കിഴിശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."