കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ക്ക് തെരേസാ മേയുടെ പെരുമാറ്റച്ചട്ടം
ലണ്ടന്‍: മന്ത്രിമാര്‍ക്കെതിരായ ലൈംഗികാരോപണം നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികള്‍ക്കായി പെരുമാറ്റച്ചട്ടം പുറത്തിറക്കി. കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫിലണ്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് പുതിയ നടപടിയുമായി തെരേസാമേ രംഗത്തെത്തിയത്. ലൈംഗികാരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ രീതികള്‍ കണ്ടെത്തുമെന്ന് അവര്‍ പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇത് മറ്റ് പാര്‍ട്ടിയിലും നടപ്പാക്കണമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആവശ്യം. അതേസമയം, മറ്റു പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി മേ നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സര്‍വകക്ഷി യോഗമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പാര്‍ലമെന്റിലെ മൊത്തം അംഗങ്ങള്‍ക്കുമായിട്ടാണ് ഈ പെരുമാറ്റച്ചട്ടത്തെ കാണേണ്ടതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഇത് ആവശ്യമാണെന്നും മേ പറഞ്ഞു.
പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍, പ്രാദേശിക കൗണ്‍സിലര്‍മാര്‍, മേയര്‍മാര്‍, പാര്‍ട്ടി ഓഫിസര്‍മാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും.
റേഡിയോ അവതാരക ജൂലിയ ഹാര്‍ട്‌ലി ബ്രൂവറെ അനുമതിയില്ലാതെ സ്പര്‍ശിച്ച കുറ്റത്തിനാണ് ഫിലണ്‍ രാജിവച്ചത്. എന്നാല്‍ കാബിനറ്റിലെ സഹപ്രവര്‍ത്തക ആന്‍ഡ്രിയ ലിയാഡ്‌സമിന്റെ പരാതിയിലാണ് ഫിലണ്‍ രാജിവച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനിനെതിരായ ലൈംഗിക ആരോപണങ്ങള്‍ക്കുപിന്നാലെ വെസ്റ്റ്മിന്‍സ്റ്ററില്‍ ജോലിചെയ്യുന്ന സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ചര്‍ച്ചയായതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
വെസ്റ്റ്മിന്‍സ്റ്ററില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഉന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്ന് നേരിടേണ്ടവന്ന ദുരനുഭവങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എം.പിമാര്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരില്‍നിന്ന് നേരിട്ട തിക്താനുഭവങ്ങള്‍ ഇവരുടെ സെക്രട്ടറിമാരടക്കമുള്ളവര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വനിതാ എം.പിമാര്‍ വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നതായും ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."