കാറ്റലന്‍ നേതാവ് പുജിമോന്റിന് അറസ്റ്റ് വാറന്റ്
ബാഴ്‌സലോണ: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിനെതിരേ സ്പാനിഷ് കോടതിയുടെ അറസ്റ്റ് വാറന്റ്. യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാകുന്ന യൂറോപ്യന്‍ അറസ്റ്റ് വാറന്റ് (ഇ.എ.ഡബ്ല്യു) ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. പുജിമോന്റും പുറത്താക്കപ്പെട്ട കാറ്റലന്‍ മന്ത്രിസഭയിലെ മറ്റു നാല് അംഗങ്ങളും നിലവില്‍ ബെല്‍ജിയത്തിലാണുള്ളത്. ഇതേത്തുടര്‍ന്നാണ് കോടതി ഇ.എ.ഡബ്ല്യു പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം വാറന്റ് പുറപ്പെടുവിക്കുന്ന രാജ്യത്തേക്ക് അവര്‍ ആവശ്യപ്പെടുന്നയാളെ പിടികൂടി കൈമാറാന്‍ എല്ലാ ഇ.യു അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്.
കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച മാഡ്രിഡിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയ്ക്കു ഹാജരാകണമെന്ന് പുജിമോന്റിനോടും മറ്റു മന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബ്രസല്‍സിലുള്ള പുജിമോന്റും മന്ത്രിമാരും ഇത് അനുസരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, നീതിയുക്തമായ വിചാരണ നടക്കുമെന്ന് ഉറപ്പുലഭിച്ചാല്‍ മാത്രമേ സ്‌പെയിനിലേക്ക് തിരിച്ചുവരികയുള്ളൂവെന്ന് പുജിമോന്റ് പ്രതികരിച്ചു. അറസ്റ്റ് വാറന്റിനെ കുറിച്ച് പഠിക്കുമെന്ന് ബെല്‍ജിയം അധികൃതരും അറിയിച്ചിട്ടുണ്ട്.
കാറ്റലന്‍ മന്ത്രിസഭയിലെ മറ്റ് ഒന്‍പതുപേരെ നേരത്തേ സ്പാനിഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ വാണിജ്യ മന്ത്രിയായിരുന്ന സാന്റി വിലയെ 50,000 യൂറോ ജാമ്യത്തുകയില്‍ വിട്ടയച്ചിരുന്നു. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍, കാറ്റലന്‍ സ്വാതന്ത്ര്യ നടപടികള്‍ക്കായി പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് എല്ലാവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം, സ്പാനിഷ് അധികൃതര്‍ തടവില്‍വച്ച കാറ്റലന്‍ നേതാക്കളെ വെറുതേവിടണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സലോണയില്‍ പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തില്‍ ബാഴ്‌സലോണ സിറ്റി കൗണ്‍സില്‍ അടക്കമുള്ള ഭരണസമിതികള്‍ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.
ഒക്ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയ ജനഹിത പരിശോധനയെ തുടര്‍ന്ന് കഴിഞ്ഞ 27നാണ് കാറ്റലന്‍ പ്രാദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ രഹസ്യ വോട്ടെടുപ്പ് നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്രഖ്യാപനത്തിനു തൊട്ടുപിറകെ ഭരണഘടനയിലെ 155-ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് സ്പാനിഷ് അധികൃതര്‍ കാറ്റലന്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയും പ്രദേശത്തിന്റെ ഭരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."