ഇടുക്കിയില്‍ പട്ടയത്തിലെ സര്‍വേ നമ്പര്‍ തെറ്റുകള്‍ തിരുത്തും
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ പട്ടയങ്ങളില്‍ തെറ്റായി ചേര്‍ക്കപ്പെട്ട സര്‍വേ നമ്പരുകള്‍ ആവശ്യാനുസരണം തിരുത്തിക്കൊടുക്കാന്‍ റവന്യൂ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ്. ഇതു ഭൂമി കൈയേറ്റങ്ങള്‍ക്കു നിയമസാധുത നേടാന്‍ സഹായകരമാകുമെന്ന സൂചനയുണ്ട്.
പട്ടയത്തിലും ഭൂമിയുടെ മറ്റു രേഖകളിലും രണ്ടു നമ്പറുകളാണ് ചേര്‍ത്തിരിക്കുന്നതെങ്കില്‍ അതു കൈവശക്കാരുടെ ആവശ്യത്തിനനുസരിച്ച് തിരുത്തിക്കൊടുക്കാനാണ് റവന്യൂ സെക്രട്ടറിയുടെ നിര്‍ദേശം. സര്‍വേ നമ്പര്‍ തിരുത്തിക്കൊടുത്തില്ലെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പട്ടയം നല്‍കുമ്പോള്‍ സര്‍വേ നമ്പറില്‍ വരുന്ന തെറ്റു മൂലം ഭൂമിയുടെ കൈവശക്കാര്‍ക്കു ഭൂനികുതി അടയ്ക്കാനാവാത്ത അവസ്ഥയുണ്ട്. തഹസില്‍ദാര്‍മാര്‍ നേരിട്ട് ഇടപെട്ട് ഇതു പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും കാണിച്ചാണ് ഉത്തരവ്.
സാധാരണ ഗതിയില്‍ സര്‍വേ നമ്പറുകളില്‍ സംഭവിക്കുന്ന പിഴവുകള്‍ തിരുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒക്കും അധികാരമുണ്ട്. എന്നിട്ടും തഹസില്‍ദാര്‍മാരെ ഈ ചുമതല ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയതിനെ വകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്. സര്‍വേ നമ്പര്‍ തെറ്റിയെന്നു കാണിച്ച് കൈയേറ്റത്തിനു സാധുത നേടാനായി ഈ ഉത്തരവ് ദുരുപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്ക അവര്‍ക്കിടയില്‍ ഉയരുന്നുണ്ട്. കൈയേറ്റക്കാരെ സഹായിക്കുക എന്ന ലക്ഷ്യം ഇതിനുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."