ക്ഷേമ പെന്‍ഷന് നിയന്ത്രണം നാലുലക്ഷം പേര്‍ പുറത്ത്
മലപ്പുറം: ക്ഷേമ പെന്‍ഷന് അപ്രഖ്യാപിത നിയന്ത്രണം. എല്ലാ അര്‍ഹതയുമുണ്ടായിട്ടും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ സംസ്ഥാനത്ത് നാലുലക്ഷം പേര്‍ പുറത്ത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് രേഖകളും അടക്കമുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ക്ഷേമ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട രണ്ടേകാല്‍ ലക്ഷം വയോജനങ്ങള്‍ക്കുപുറമെയാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് യോഗ്യരാണെന്ന് കണ്ടെത്തിയവരാണ് എല്ലാവരും. 978 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറു കോര്‍പറേഷനുകളിലുമായി 3,43000 അപേക്ഷകരും, അപേക്ഷ സ്വീകരിച്ചവരുടെ സാക്ഷ്യപത്രം നല്‍കാനായി ഒന്നര ലക്ഷം പേരുമാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയവരാണ് പെന്‍ഷന്‍ ലഭിക്കാതെ കഴിയുന്നത്. പെന്‍ഷനായി മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ നല്‍കിയവരുടെ വിവരങ്ങള്‍ പരിശോധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ക്ഷേമ പെന്‍ഷന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. എന്നാല്‍ ആറുമാസമായി സൈറ്റില്‍ പെന്‍ഷന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകുന്നില്ല. താല്‍ക്കാലിക തകരാറാണെന്ന് കരുതിയിരുന്നവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. എന്നാല്‍ ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം സെര്‍വര്‍ പ്രവര്‍ത്തന രഹിതമാക്കിയതാണെന്നാണ് വിവിരം.
നിലവില്‍ 50,13,525 പേരാണ് പെന്‍ഷന് അര്‍ഹരായുള്ളത്. ഇവരുടെ ജൂലൈ വരെയുള്ള കുടിശികയടക്കം കഴിഞ്ഞ ഓഗസ്റ്റിലാണ് വിതരണം ചെയ്തത്. ഇതിനായി 3100 കോടി രൂപയാണു ചെലവായത്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വകുപ്പിനുണ്ടാക്കിയത്.
ഈ മാസം അവസാനിക്കുന്നതോടെ മൂന്ന് മാസത്തെ പെന്‍ഷന്‍ തുകകൂടി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി പണം കണ്ടെത്തുന്നതിനിടെ പുറത്തുനില്‍ക്കുന്ന നാലുലക്ഷം പേര്‍കൂടി പെന്‍ഷന് അര്‍ഹത നേടിയാല്‍ ജൂലൈ മുതലുള്ള പെന്‍ഷന്‍ ഇവര്‍ക്കും നല്‍കേണ്ടിവരും. ഇവര്‍ക്കുമാത്രമായി നാലുമാസത്തെ 4400 രൂപ വീതം നല്‍കിയാല്‍ 176 കോടി രൂപകൂടി കണ്ടെത്തേണ്ടിവരും.
ഇതോടെ നിലവിലെ പെന്‍ഷന്‍ വിതരണത്തെ ഇത് ബാധിക്കുമെന്ന ആശങ്കയാണ് ധനവകുപ്പിനെ അപ്രഖ്യാപിത പെന്‍ഷന്‍ നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നത്. പല കാരണങ്ങളാല്‍ ഇടക്കുവച്ച് പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് സാക്ഷ്യപത്രം സമര്‍പ്പിക്കാനുള്ള അവസരവും സെര്‍വര്‍ പ്രവര്‍ത്തനരഹിതമായതോടെ ഇല്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."