റിയാദ് വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം
റിയാദ്: സഊദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ തൊടുത്ത മിസൈലാണ് റിയാദിനു വടക്കുഭാഗത്ത് തകര്‍ത്തതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവള പരിധിയില്‍വച്ച് പ്രതിരോധ സംവിധാനമായ പാട്രിയേറ്റ് ഉപയോഗിച്ചാണ് മിസൈലിനെ തകര്‍ത്തത്.
ആകാശത്തുവച്ച് തകര്‍ത്ത മിസൈലിന്റെ ഭാഗങ്ങള്‍ വിമാനത്താവള കോമ്പൗണ്ടില്‍ വീണെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഈ ഭാഗത്തെ ആകാശത്തുനിന്ന് ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രി പ്രാദേശികസമയം 8.45ഓടെയാണ് സംഭവം. 450 കിലോമീറ്ററിലധികം ദൂരം താണ്ടിയാണ് മിസൈല്‍ റിയാദിലെത്തിയത്. മിസൈല്‍ ആക്രമണത്തിനുപിന്നില്‍ തങ്ങളാണെന്ന് യമനിലെ വിമത വിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബുര്‍ഖാന്‍ 2 എച്ച് ഇനത്തില്‍പ്പെട്ട സ്‌കഡ് മിസൈലാണ് അയച്ചതെന്നും വിമാനത്താവളമാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും വ്യോമഗതാഗതത്തെയും ബാധിച്ചിട്ടില്ല. ഉഗ്ര ശബ്ദവും വന്‍ പുകയും വിമാനത്താവളത്തിനുസമീപം കണ്ടതായി ഈ സമയം ഇവിടെയെത്തിയ ബ്രിട്ടീഷ് വിമാനത്തിലെ യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി.
മിസൈല്‍ ആകാശത്തുനിന്ന് തകര്‍ക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 2015ല്‍ യമനില്‍ സഊദി സഖ്യം യുദ്ധം തുടങ്ങിയതിനുശേഷം 78 മിസൈലുകളാണ് ഹൂതികള്‍ സഊദിക്കുനേരെ അയച്ചത്. ഇതില്‍ ഒരു മിസൈല്‍ മക്കയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."