പുജിമോന്റ് ബ്രസല്‍സ് പൊലിസില്‍ കീഴടങ്ങി
മാഡ്രിഡ്: ബ്രസല്‍സില്‍ കഴിയുന്ന മുന്‍ കാറ്റലോണിയ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റ് ബെല്‍ജിയം പൊലിസില്‍ കീഴടങ്ങി. പുജിമോന്റിനൊപ്പം രാജ്യംവിട്ടിരുന്ന നാല് മുന്‍ ഉപദേഷ്ടാക്കളും അദ്ദേഹത്തോടൊപ്പം പൊലിസിനു മുന്‍പാകെ കീഴടങ്ങിയിട്ടുണ്ട്. ബ്രസല്‍സ് പ്രോസിക്യൂട്ടറുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ കഴിയുന്ന പുജിമോന്റ് അടക്കമുള്ള മുന്‍ കാറ്റലന്‍ സര്‍ക്കാര്‍ വൃത്തങ്ങള്ക്കായി സ്പാനിഷ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാകുന്ന യൂറോപ്യന്‍ അറസ്റ്റ് വാറന്റ് (ഇ.എ.ഡബ്ല്യു) പുറപ്പെടുവിച്ച സ്പാനിഷ് കോടതി ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബെല്‍ജിയം അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്പാനിഷ് അധികൃതര്‍ പിടികൂടാന്‍ ആവശ്യപ്പെട്ട അഞ്ചുപേര്‍ ഇന്നു പുലര്‍ച്ചെ ബ്രസല്‍സില്‍ പൊലിസിനു മുന്‍പാകെ ഹാജരായിട്ടുണ്ട്. 9.17ഓടെ അവരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ബ്രസല്‍സ് പ്രോസിക്യൂട്ടര്‍ വക്താവ് ഗില്ലെസ് ദെജെമെപ്പെ അറിയിച്ചു. അഞ്ചുപേരുടെയും പേര് വക്താവ് പരാമര്‍ശിച്ചിട്ടില്ല. ഇവരെ ഉടന്‍ ബെല്‍ജിയം കോടതിയില്‍ ഹാജരാക്കുമെന്നാണു വിവരം. തിങ്കളാഴ്ച രാവിലെയോടെ സ്പാനിഷ് കോടതി പുറപ്പെടുവിച്ച ഇ.യു അറസ്റ്റ് വാറന്റില്‍ നടപടി സ്വീകരിക്കുന്ന കാര്യം ജഡ്ജി തീരുമാനിക്കുമെന്ന് ഗില്ലെസ് അറിയിച്ചു.
കഴിഞ്ഞ മാസം 27ന് കാറ്റലന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിറകെ സ്പാനിഷ് സര്‍ക്കാര്‍ പ്രദേശത്തിന്റെ അധികാരം പിടിച്ചതോടെയാണ് പുജിമോന്റും സഹായികളും ബെല്‍ജിയത്തിലേക്കു കടന്നത്. താന്‍ ഒളിച്ചോടിയതല്ലെന്ന് പുജിമോന്റ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും കാറ്റലന്‍ നേതാക്കള്‍ക്കെതിരേ സ്പാനിഷ് അധികൃതര്‍ വേട്ട നടത്തിയതോടെ അദ്ദേഹം ബ്രസല്‍സില്‍ തന്നെ തങ്ങുകയായിരുന്നു. സ്വതന്ത്രമായ വിചാരണ നടക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ താന്‍ സ്പെയിനിലേക്കു തിരിച്ചുപോകൂവെന്ന നിലപാടിലാണ് പുജിമോന്റ് ഉള്ളത്.
കാറ്റലന്‍ മന്ത്രിസഭയിലെ മറ്റ് ഒന്‍പതുപേരെ നേരത്തേ സ്പാനിഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ വാണിജ്യ മന്ത്രിയായിരുന്ന സാന്റി വിലയെ 50,000 യൂറോ ജാമ്യത്തുകയില്‍ വിട്ടയച്ചു. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍, കാറ്റലന്‍ സ്വാതന്ത്ര്യ നടപടികള്‍ക്കായി പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."