ലോറിക്കു പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്
വടകര: ദേശീയപാതയില്‍ കൈനാട്ടി ജങ്ഷനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഇരുപതോളം പേര്‍ക്കു പരുക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വടകരയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് അപകടം. കോട്ടയത്ത് നിന്നു കാഞ്ഞങ്ങാട് പാണത്തൂരേക്കു പോകുന്ന കെ.എസ.്ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. ബസ് റോഡരികില്‍ നിര്‍ത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്ത് ഇരുന്നവര്‍ക്കാണ് പരുക്ക്. കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന കെ.എല്‍ 10 എ.ആര്‍ 5062 നമ്പര്‍ ലോറി ടയര്‍ പൊട്ടിയതിനാല്‍ റോഡിന്റെ വശത്ത് നിര്‍ത്തിയതായിരുന്നു. ലോറി ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പെടാതെ പോയതാവാം അപകടത്തിന് ഇടയാക്കിയതെന്നു കരുതുന്നു.
തൊടുപുഴ എസ്റ്റേറ്റില്‍ പുതുപറമ്പില്‍ ടോണി (55), മകള്‍ ടീന (22), ടോണിയുടെ സഹോദരിമാരായ ലാലി ജോര്‍ജ് (50), ഷൈനി (38), ഷൈനിയുടെ മകള്‍ രണ്ടര വയസുകാരി നൂതന്‍ മറിയ, പൊന്‍കുന്നം സ്വദേശി ഷാല്‍വിന്‍ (36), മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിയൂഷ് (29), ഭാര്യ നിജിഷ (26), കൊടുങ്ങല്ലൂരിലെ സുദേവ് (40), ഷൈന്‍ (44), ബസ് കണ്ടക്ടര്‍ പ്രദീപ്കുമാര്‍ (42), തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ (26), കൊണ്ടോട്ടി ചിറ്റക്കാല്‍ കുമാരന്‍ (38), കാസര്‍കോട് സ്വദേശികളായ പ്രകാശന്‍ (50), ദേവദാസന്‍ എന്നിവരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.
വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ പാതയില്‍ ഈ മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഇതിനു 200 മീറ്റര്‍ അകലെ കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്കിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."