പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ചെറിയുള്ളിയും തക്കാളിയും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുടെയും വില രണ്ടുമാസത്തിനിടെ നാലുമുതല്‍ എട്ടുമടങ്ങുവരെ ഉയര്‍ന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും കൃഷിനാശവുമാണ് വിലക്കയറ്റത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ കേരളത്തില്‍ വ്യാപകകൃഷിനാശം ഉണ്ടായിട്ടില്ല. വിപണിയില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു.
കേരളത്തിലേക്ക് പച്ചക്കറികൊണ്ടുവരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ വേണ്ടത്ര വിളവുണ്ടായിരുന്നില്ല. നടീല്‍സമയത്ത് മഴയില്ലാത്തതും വിളവെടുപ്പുകാലത്തെ കനത്തമഴയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കനത്ത മഴയില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ പച്ചക്കറിയാണ് ചീഞ്ഞുപോയത്. രണ്ടുമാസത്തിനിടെ വിപണിയിലെ ഒട്ടുമിക്ക പച്ചക്കറികളുടെയും വില പലമടങ്ങ് വര്‍ധിച്ചതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെറിയുള്ളിയുടെയും സവാളയുടെയും വിലയാണ് ദിനവും കുത്തനെ ഉയരുന്നത്. ഇതില്‍ ചെറിയുള്ളിതന്നെയാണ് മുന്നില്‍.
ഓണക്കാലത്ത് 20 മുതല്‍ 30 രൂപ വരെ ഉണ്ടായിരുന്ന ചെറിയുള്ളിക്ക് ഇപ്പോള്‍ 160 മുതല്‍ 180 രൂപ വരെയാണ് വില. സവാള വില 20ല്‍ നിന്ന് 50 ആയും തക്കാളി വില 10ല്‍ നിന്ന് 50 ആയും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ വിലകുറഞ്ഞത് മുരിങ്ങക്കായക്ക് മാത്രമാണ്. 240 രൂപയായിരുന്നത് ഒരുദിവസം കൊണ്ട് 70 രൂപയായി കുറഞ്ഞു.
മലയാളികളടക്കം കൃഷിചെയ്യുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ പ്രദേശങ്ങളില്‍ ഒക്ടോബറില്‍ നിര്‍ത്താതെ പെയ്ത മഴ കര്‍ഷകര്‍ക്ക് ദുരിതമായി. ഉല്‍പ്പാദന ചെലവുപോലും കിട്ടാത്ത സ്ഥിതിയായതോടെ ഉല്‍പ്പാദനം നാലിലൊന്നായി.
ഇവിടങ്ങളിലെ പച്ചക്കറിവില കേരളത്തിലേതുമായി വലിയ അന്തരമില്ലാതായതോടെ കൊണ്ടുവരുന്ന വണ്ടിക്കൂലിയും ചീഞ്ഞുപോകുന്ന പച്ചക്കറിയുടെ വിലയും കിഴിച്ചാല്‍ തുച്ഛമായ വരുമാനം മാത്രമാണ് കിട്ടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."