സഊദിയെയും യു.എ.ഇയെയും ആക്രമിക്കാന്‍ ആയുധം നല്‍കുന്നത് ഇറാന്‍: സഖ്യസേന
റിയാദ്: യമനിലെ ഹൂതികളെ ഉപയോഗപ്പെടുത്തി സഊദിയെയും യു.എ.ഇ യെയും ആക്രമിക്കുന്നത് ഇറാനാണെന്നും ഇറാന്‍ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സഊദി സഖ്യസേന. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യുകയാണ് ഇറാന്‍. നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അറബ് സഖ്യസേന ഇറാനെതിരേ ശക്തമായി രംഗത്തെത്തിയത്.
ആക്രമണത്തിന്റെ മുഴുവന്‍ ഉത്തവാദിത്വവും ഇറാനാണ്. ഹൂതികള്‍ക്ക് ആയുധം നല്‍കി ഇറാനാണ് പിന്നില്‍ നിന്നു കളിക്കുന്നത്. ആയുധ വരവ് തടയുന്നതിനായി യമനിലെ മുഴുവന്‍ തുറമുഖങ്ങളും അടക്കുകയാണ്. സഖ്യസേന വ്യക്തമാക്കി. സഊദിക്കെതിരെയും യമനിലും ആക്രമണം നടത്തുന്ന വിമത സൈന്യത്തിന് ആയുധം ലഭിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് തുറമുഖങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കുന്നതെന്ന് അറബ് സഖ്യസേന അറിയിച്ചു.
ഇറാനില്‍ നിര്‍മിക്കുന്ന മിസൈലുകള്‍ യമനിലെ ഹൂതികള്‍ക്ക് വേണ്ടി കയറ്റി അയക്കുകയാണ്. ഇതുപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഇറാന്‍ നടപടി അന്താരാഷ്ട്ര നിയമ ലംഘനമാണ്. യു.എന്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ 2216 വ്യവസ്ഥക്ക് എതിരാണെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി സഊദിക്കെതിരെ യുദ്ധം ചെയ്യാന്‍ സഹായിക്കുന്ന ഇറാന്‍ നടപടി ഇറാന്‍ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."