സഊദി അഴിമതിവിരുദ്ധ വേട്ട അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സഊദി അധികൃതര്‍ അറിയിച്ചു. 11 രാജകുമാരന്മാരും 38 മന്ത്രിമാരും മുന്‍മന്ത്രിമാരും കോടീശ്വരന്മാരുമടക്കം 50 പേരെയാണു ശനിയാഴ്ച രാത്രി സഊദി അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. പിടിയിലായവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒരു തരത്തിലുമുള്ള പരിഗണനയുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അഴിമതി നടത്തിയതായി കണ്ടെത്തുന്ന പണം ഓരോരുത്തരുടേയും അക്കൗണ്ടുകളില്‍നിന്ന് സഊദി ദേശീയ ട്രഷറിയിലേക്കു തിരിച്ചുപിടിക്കുമെന്ന് സഊദി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കമ്മ്യൂണിക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, സഊദിയിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സി കമ്പനിയായ അല്‍ തയ്യാര്‍ ട്രാവലിന്റെ സ്ഥാപകനും ഉടമയുമായ നാസിര്‍ ബിന്‍ അഖീല്‍ അല്‍ തയ്യാറിനെ കഴിഞ്ഞ ദിവസം അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രമുഖനായ വലീദ്ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഇടപാടുകള്‍ കഴിഞ്ഞദിവസം പഴയപടി തന്നെ നടന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിവിലയില്‍ 9.9 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."