റിയാദ് മിസൈല്‍ ആക്രമണം: യുദ്ധക്കുറ്റമെന്നു ഹ്യുമന്‍ റൈറ്റ്‌സ് വാച്ച്; ശക്തമായി പ്രതികരിച്ചു കിരീടാവകാശി
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുദ്ധകുറ്റമെന്നു ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ഹൂഥികള്‍ക്ക് വേണ്ട ആയുധ വിതരണം നടത്തുന്നതും ഇറാനാണെന്നും സഊദി കുറ്റപ്പെടുത്തത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യമനിലെ മുഴുവന്‍ തുറമുഖങ്ങളും താല്‍ക്കാലികമായി അടച്ചതായി സഊദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ നടപടിയെ സഊദി കിരീടാവകാശിയും ശക്തമായി എതിര്‍ത്തു. യമനിലെ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ ഇറാന്റെ നീക്കം യുദ്ധത്തിലെ നേരിട്ടുള്ള കൈകടത്തലാണെന്നു അദ്ദേഹം ആരോപിച്ചു. മിസൈല്‍ ആക്രമണ ശ്രമത്തിനെതിരെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സഊദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടു. തങ്ങളുടെ അനുകൂല നിലപാട് വ്യക്തമാക്കി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും സുരക്ഷക്കായി സഊദിയുടെ ഭാഗത്താണ് ബ്രിട്ടന്‍ നിലകൊള്ളുകയെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ അമേരിക്കയും സഊദിക്ക് അനുകൂലമായി രംഗത്തെത്തി. യമനിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നത് ഇറാനാണെന്നും മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും തങ്ങള്‍ സഊദിക്കൊപ്പമായിരിക്കുമെന്നും അതിനായി സഊദിയുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധ സംവിധാനമാണ് അമേരിക്ക തയ്യാറാക്കിയിരിക്കുന്നതെന്നും പെന്റഗണ്‍ മറൈന്‍ വക്താവ് മേജര്‍ അഡ്രിയാന്‍ റാങ്കിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."