സോളാര്‍ നാളെ സഭയില്‍ കത്തും
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. റിപ്പോര്‍ട്ട് നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും വയ്ക്കും.
കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവും ഇന്നിറങ്ങും. നിയമസഭയില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാളെ സഭയില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പൂര്‍ത്തിയായിട്ടുണ്ട്. ഇത് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്ത ശേഷം നിയമസഭാ സെക്രട്ടറിക്കു കൈമാറും. റിപ്പോര്‍ട്ട് ചോരുമെന്ന സംശയം മൂലം നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനെ ഒഴിവാക്കി സി.പി.എം അനുകൂല സംഘടനയിലെ സജീവ പ്രവര്‍ത്തകരായ നിയമവകുപ്പിലെ ആറു പ്രധാന ഉദ്യോഗസ്ഥരെയും 20 സഹായികളെയും നിയമ മന്ത്രി എ.കെ ബാലന്റെ മുറിയിലിരുത്തിയാണ് പരിഭാഷ നടത്തിയത്.
നിയമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി വി. ലീല, ജോയിന്റ് സെക്രട്ടറിമാരായ ഇന്ദുകല, ബി. പ്രതാപ ചന്ദ്രന്‍, ഡെപ്യൂട്ടി സെക്രട്ടറി ജി. ജനാര്‍ദനന്‍ നായര്‍, അണ്ടര്‍ സെക്രട്ടറിമാരായ വി.ആര്‍ സുനില്‍കുമാര്‍, എസ്. വിജയശ്രീ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിഭാഷ നിര്‍വഹിച്ചത്.
സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ മുന്‍ ജന. സെക്രട്ടറിയും മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ കെ. ഉമ്മനാണ് പരിഭാഷയ്ക്കു മേല്‍നോട്ടം വഹിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ മാറ്റങ്ങള്‍ വരുത്തേണ്ടെന്നും അതേ പോലെ പകര്‍ത്താനും നിര്‍ദേശം നല്‍കിയിരുന്നു.
നാളത്തെ നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വച്ച ശേഷം ചട്ടം 300 അനുസരിച്ച് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും സര്‍ക്കാര്‍ എടുത്ത നടപടികളെയും കുറിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. എന്നാല്‍, ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാവില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞാല്‍ സഭ പിരിയും.
തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കും. തത്സമയ സംപ്രേഷണത്തിന് മാധ്യങ്ങളെ അനുവദിക്കും. കടുത്ത പ്രതിരോധത്തിലാകുന്നതൊന്നും സോളാര്‍ റിപ്പോര്‍ട്ടിലുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍. എന്നാല്‍, സഭാസമ്മേളനം ബഹളത്തില്‍ മുങ്ങാനാണ് സാധ്യത. സര്‍ക്കാരിന്റെ സോളാര്‍ ആക്രമണത്തെ തോമസ് ചാണ്ടി വിഷയം എടുത്ത് പ്രതിരോധിക്കാനുള്ള ആലോചനയിലാണ് പ്രതിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."