ഉ.കൊറിയയെ ചര്‍ച്ചയ്ക്കു വിളിച്ച് ട്രംപ്
സിയൂള്‍: ഉത്തര കൊറിയയെ ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചയ്ക്കു വിളിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നുമായി ചേര്‍ന്ന് സിയൂളില് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉ.കൊറിയ തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. 12ദിന ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപ് ദ.കൊറിയയിലെത്തിയിരുന്നു.
നേരത്തെ ജപ്പാനില്‍ നടത്തിയ പ്രസംഗത്തില്‍നിന്നു വ്യത്യസ്തമായാണ് ഇന്നലെ ട്രംപ് സംസാരിച്ചത്. ഉ.കൊറിയയ്ക്കെതിരേ അമേരിക്കന്‍ സൈന്യത്തെ ഇറക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും തനിക്കു ദൈവത്തില്‍ പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. ഉ.കൊറിയയെ ആണവായുധങ്ങളില്നിന്നു നിരായുധീകരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച ട്രംപ് വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതാണു നല്ലതെന്നും വ്യക്തമാക്കി. പ്യോങ്യാങ്ങിനുനേരെ സമ്മര്‍ദം ചെലുത്തണമെന്ന് ട്രംപും മൂണും ചൈനയോടും റഷ്യയോടും ആവശ്യപ്പെട്ടു.
ആണവായുധ വിഷയത്തില്‍ ഉ.കൊറിയയുമായി ഇനി ചര്‍ച്ചയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്കുള്ള സാഹചര്യം കഴിഞ്ഞെന്നും ഇതു ചര്‍ച്ചയ്ക്കുള്ള സമയമല്ലെന്നും പറഞ്ഞ ഇരുവരും ഉ.കൊറിയയ്ക്കെതിരേ പരമാവധി സമ്മര്‍ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
ഉ.കൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് നേരത്തെയും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമായാണ് ദ.കൊറിയയില്‍ കൂടുതല്‍ അയഞ്ഞ സമീപനം ട്രംപ് സ്വീകരിച്ചത്.
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജപ്പാന് സന്ദര്‍ശിച്ച ട്രംപ് ചൈന, വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."