നീലയില്‍ ജ്വലിച്ചു; മഴയാരവത്തില്‍ മുങ്ങി
തിരുവനന്തപുരം: മാനം ഇരുണ്ടപ്പോഴും, ആര്‍ത്തലച്ച് പെയ്തിറങ്ങിയപ്പോഴും സ്‌പോര്‍ട്‌സ് ഹബ്ബില്‍ ക്രിക്കറ്റ് പ്രേമികളുടെ ആരവം ആര്‍ത്തിരമ്പി. തുള്ളിക്കൊരു കുടം പോലെ മിന്നലിന്റെ അകമ്പടിയില്‍ ഇടിവെട്ടി പെയ്തിറങ്ങിയ തുലാമഴയ്ക്കും കുട്ടിക്രിക്കറ്റ് ആരാധകരുടെ ആവേശത്തെ തണുപ്പിക്കാനായില്ല. കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയും കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ അവര്‍ കുട്ടിക്രിക്കറ്റിനായി കാത്തിരുന്നു. രണ്ടര മണിക്കൂര്‍ വൈകി രാത്രി 9.30 ഓടെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തിന് തുടക്കമായത്. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു രാവിലെ മുതല്‍ കാര്യവട്ടത്ത്. ആരാധകരുടെ മനം തെളിയിച്ചു ഇടയ്ക്കിടെ വെയില്‍ തെളിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെ മത്സരം കാണാനായി ക്രിക്കറ്റ് ആരാധകര്‍ ഒഴുകിയെത്തി. സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടം പാതയരികിലും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സികളും ദേശീയ പതാകയും വില്‍ക്കുന്നവര്‍ നിരന്നിരുന്നു. മുഖത്ത് ത്രിവര്‍ണം വരച്ചു ചേര്‍ക്കുന്നിടങ്ങളിലും തിരക്കേറി. കച്ചടവം പൊടിപൊടിച്ചു. മഴ പെയ്യില്ലെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധകര്‍ ഒഴുകിയെത്തിയത്. നാലു മണിയോടെ മാത്രമേ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കു എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, തിരക്ക് ഒഴിവാക്കാന്‍ മൂന്നോടെ സ്‌റ്റേഡിയത്തിലേക്ക് കാണികളെ കയറ്റി തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."