പ്രവര്‍ത്തിക്കാതെ കിടക്കുന്ന ആറായിരത്തോളം തറികള്‍ക്ക് പുതുജീവന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കൈത്തറി യൂനിഫോം തറികളില്‍ നിന്നും നെയ്തിറങ്ങും. യൂനിഫോം പദ്ധതിക്കാവശ്യമായ തുണികള്‍ നെയ്‌തെടുക്കുന്നതിനു കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന ആറായിരത്തോളം തറികള്‍ ഈ വര്‍ഷം തന്നെ റിപ്പയര്‍ ചെയ്‌തെടുക്കുവാനും ആറായിരം തൊഴിലാളികളെയും ഈ രംഗത്തേക്ക് പുതുതായി കൊണ്ടുവരുവാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തറികള്‍ റിപ്പയര്‍ ചെയ്‌തെടുക്കുന്നതിന് 6 കോടി രൂപ സര്‍ക്കാര്‍ നല്‍കും. അതുവഴി കഡ്‌കോയിലെ തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കും. യൂനിഫോം പദ്ധതിക്കാവശ്യമായ തുണികള്‍ കുടുംബശ്രീകള്‍ വഴിയും ഉല്‍പാദിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കൈത്തറി ഉപദേശകസമിതി തീരുമാനിച്ചു.
ഒന്നാംഘട്ടം എന്ന നിലയില്‍ 20 അംഗങ്ങളുള്ള 25 ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവര്‍ക്കാവശ്യമായ പരിശീലനം സ്‌റ്റൈപ്പന്റോടുകൂടി നല്‍കി മൂന്ന് മാസത്തിനകം ഉല്‍പാദനം ആരംഭിക്കും. സര്‍ക്കാര്‍ നൂലും കൂലിയും നല്‍കുന്ന ഈ പദ്ധതിയില്‍ നെയ്ത്തു തൊഴിലാളികള്‍ക്കു വേണ്ട സമയത്ത് ഇവ ലഭ്യമാക്കുന്നതിനും ഉല്‍പാദിപ്പിച്ച യൂനിഫോം തുണികള്‍ തറികളില്‍ തന്നെ വെരിഫിക്കേഷന്‍ നടത്തുന്നതിനും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ക്വാളിഫിക്കേഷനുള്ള കൂടുതല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാനും കൈത്തറി ഡയറക്ടര്‍ക്കു വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദേശം നല്‍കി.
ഓരോ തൊഴിലാളിയുടെയും ഉല്‍പാദനത്തിന്റെ തോതനുസരിച്ചു പരമാവധി തൊഴില്‍ ദിനങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കും. പദ്ധതിയുടെ വിജയത്തിന്നനുസരിച്ച് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. കൈത്തറി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന മാര്‍ക്കറ്റിങ് ഇന്‍സെന്റീവ് 30 ലക്ഷം രൂപ വരെ വിറ്റുവരവുള്ള കൈത്തറി സംഘങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നടപടി പിന്‍വലിച്ചു മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കണമെന്നും മന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."