വീരനും ധുമലും നേര്‍ക്കുനേര്‍
ഹിമാചല്‍പ്രദേശില്‍ ഇന്നാണു ജനവിധിയുടെ ആദ്യഭാഗമായ വോട്ടെടുപ്പ്. കോണ്‍ഗ്രസ് വീണ്ടും നിലവിലെ മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെ മുന്‍നിര്‍ത്തിയാണു മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലിനെയാണു വീരനെ നേരിടാനുള്ള ദൗത്യം ബി.ജെ.പി ഏല്‍പിച്ചിരിക്കുന്നത്. ഹിമാചലിലേതു ഫലത്തില്‍ പരമ്പരാഗതവൈരികളുടെ ഏറ്റുമുട്ടലാണ്. അറുപത്തെട്ടു നിയസഭാമണ്ഡലങ്ങളിലും ഇത്തവണ മത്സരങ്ങള്‍ പൊടിപാറുമെന്നാണു വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തു 38 ശതമാനം വരുന്ന രാജ്പുത് വോട്ടുകളിലാണ് ഇരുവിഭാഗത്തിന്റെയും കണ്ണ്.
ധൂമല്‍ ജയിപ്പിക്കാന്‍ മാത്രം
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പിതാവായ പ്രേംകുമാര്‍ ധൂമല്‍ സംസ്ഥാനത്ത് ഏറെ പിന്തുണയുള്ള നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി വിജയമുറപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. വീരനില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുകയെന്ന ദൗത്യം മാത്രമാണദ്ദേഹത്തിനു നല്‍കിയിരിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. ജയിച്ചാല്‍, സംസ്ഥാനം ഭരിക്കുന്നത് ധൂമലായിരിക്കണമെന്നില്ല. തുടക്കത്തില്‍ മുഖ്യമന്ത്രിയായാലും വളരെപ്പെട്ടെന്നു തന്നെ സ്ഥാനം ഒഴിയേണ്ടിവരും.
കാരണം ബി.ജെ.പിയുടെ പ്രഖ്യാപിതനിലപാടനുസരിച്ച് എഴുപത്തഞ്ചിലേറെ പ്രായമുള്ളവര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ല. എഴുപത്തിമൂന്നേ ആയിട്ടുള്ളുവെങ്കിലും അധികാരത്തിലേറിയാല്‍ ധൂമല്‍ രണ്ടു വര്‍ഷത്തിനകം പടിയിറങ്ങേണ്ടിവരും. അങ്ങനെ വന്നാല്‍ മകന്‍ അനുരാഗിനോ കേന്ദ്രമന്ത്രി ജെ.പി നദ്ദയ്‌ക്കോ നറുക്കു വീണേക്കാമെന്നും കരുതപ്പെടുന്നു.
ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പുതിയ മുഖങ്ങള്‍ക്ക് അവസരമൊരുക്കി വൃദ്ധരെ ഒതുക്കിയെങ്കിലും ഹിമാചലില്‍ പരീക്ഷണത്തിനു മുതിരാതെ പഴയരീതിയിലേക്ക് ബി.ജെ.പി മാറിയെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു സര്‍ക്കാര്‍ ജോലിക്കാരും പെന്‍ഷന്‍കാരുമാണു വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുന്നതെന്നു മനസ്സിലാക്കിയാണു മുന്‍മുഖ്യനെ ബി.ജെ.പി രംഗത്തിറക്കിയതെന്നുവേണം കരുതാന്‍. അമ്പതിലധികം സീറ്റുനേടണമെന്ന മിഷന്‍ 50 മുദ്രാവാക്യം അമിത്ഷാ ഉയര്‍ത്തിയപ്പോള്‍ അതുനേടാന്‍ ധൂമലിന്റെ വ്യക്തിപ്രഭാവത്തിനേ കഴിയൂവെന്നതു സ്വാഭാവിക ചിന്തയാണ്. സംസ്ഥാനം രണ്ടുവട്ടം ഭരിച്ച ധൂമലിനു തെരഞ്ഞെടുപ്പു പുതുമയുള്ളതല്ല.
വീരഭദ്രാവതാരം
കോണ്‍ഗ്രസ് വീരഭദ്രസിങിനെ ജയിക്കാന്‍വേണ്ടി മാത്രം രംഗത്തിറക്കിയതാണ്. ധൂമല്‍ പ്രതിയോഗിയാകുമെന്ന് സ്വപ്‌നേപി കോണ്‍ഗ്രസ് കരുതിയിരുന്നില്ല. പ്രായപരിധി നയത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി പുതുമുഖങ്ങളെ പരീക്ഷിക്കുമ്പോള്‍ ജയം എളുപ്പമാകുമെന്നാണു കോണ്‍ഗ്രസ് കരുതിയിരുന്നത്. സി.ബി.ഐ, സാമ്പത്തിക കുറ്റകൃത്യം, നികുതിവെട്ടിപ്പു കേസുകള്‍ നേരിടുന്ന വീരന്‍ ധൂമലിനെയും മകനെയും പന്ത്രണ്ടിലധികം കേസുകളില്‍ കുടുക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ നിഴല്‍യുദ്ധം
വീരഭദ്രസിങിനെ രാജ്പുത് വോട്ടില്‍ കണ്ണുവച്ചു രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് വീണ്ടും നിര്‍ബന്ധിതമായപ്പോള്‍ എതിര്‍പ്പുയര്‍ന്നതു സംസ്ഥാന പ്രസിഡന്റ് സുഖ്‌വിന്ദര്‍സിങ് സുക്കുവില്‍ നിന്നുതന്നെ. അഴിമതി ആരോപണങ്ങളും ഉയര്‍ന്ന സ്ഥിതിക്കു വീരനു സീറ്റുനല്‍കുന്നതുതന്നെ ദോഷകരമാണെന്നു സുക്കു ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, വീരനും സുക്കുവും സീറ്റുകളെ ചൊല്ലി കലഹിക്കുകയും ചെയ്തു.
മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കണമെന്നും മകനു സ്ഥാനാര്‍ഥിത്വം നല്‍കണമെന്നുമുള്ള വീരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയതു കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിഴല്‍യുദ്ധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഒരു ഡസനിലേറെ വിമതന്മാരാണു വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ എതിര്‍ക്കുന്നത്.
സ്ത്രീ വോട്ടര്‍മാര്‍ ഏറെ
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി ഹിമാചലില്‍ 49 ശതമാനം വനിതാവോട്ടര്‍മാരുണ്ട്. 12 മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരാണ് എണ്ണത്തില്‍ കൂടുതല്‍. ഇതു മനസിലാക്കി ഇരു പാര്‍ട്ടികളും ഇവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നു. ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കി വീരന്‍ സ്ത്രീകളെ കൈയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മൊബൈല്‍ ആപ് അവതരിപ്പിക്കുകയായിരുന്നു ബി.ജെ.പി. ആറു വനിതകളെ ബി.ജെ.പി രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നു വനിതകളെ മത്സരിപ്പിക്കുന്നു. മറ്റെല്ലാ പാര്‍ട്ടികളും കൂടി പത്തു വനിതകളെയും രംഗത്തിറക്കിയിട്ടുണ്ട്.
കണക്കുകളില്‍ ബി.ജെ.പി
കണക്കുകളില്‍ ബി.ജെ.പിയാണു ഹിമാചലില്‍ മുന്നില്‍. പാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന പാരമ്പര്യമുള്ളതിനാല്‍ 2012ല്‍ കൈവിട്ടെങ്കിലും ഇത്തവണ തിരികെ അധികാരത്തിലെത്താം എന്ന് അവര്‍ കരുതുന്നു. 2012ല്‍ 26 സീറ്റാണു ബി.ജെ.പി നേടിയത്. 36 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. അഞ്ചുസ്വതന്ത്രന്മാരും ഒരു എച്ച്.എല്‍.പി സ്ഥാനാര്‍ഥിയും ജയിച്ചുകയറി.
2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഈ മണ്ഡലങ്ങളില്‍ സ്ഥിതി മാറിമറിഞ്ഞു. 68ല്‍ 59 മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റം കുറിച്ചു. കേവലം ഒന്‍പതിടങ്ങളിലായി കോണ്‍ഗ്രസ് ചുരുങ്ങി. ഈ ട്രെന്‍ഡ് നിലനിര്‍ത്താനാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."