സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍; ഉമ്മന്‍ ചാണ്ടി സരിതയെ സഹായിച്ചെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സഭയില്‍വച്ചത്. നാലുവോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍വച്ചത്. 40 മിനിട്ടു നീണ്ടുനിന്ന സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
പുതിയ അംഗം വേങ്ങര മണ്ഡലം പ്രതിനിധി മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയായിരുന്നു സഭാ നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയെ സ്പീക്കര്‍ സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ ബഹളം തുടങ്ങി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നത് പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ് മുഖ്യമന്ത്രി സഭയിലും ആവര്‍ത്തിച്ചത്.
മുന്‍മുഖ്യമന്ത്രിയും ഓഫിസും തെറ്റുകാരാണെന്നാണ് കമ്മിഷന്‍ കണ്ടെത്തലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി വാങ്ങിയത് 2 കോടി 16 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി അധികാരം ദുരുപയോഗിച്ചു എന്നും കമ്മിഷന്‍ കണ്ടെത്തി.
കേസ് അന്വേഷിച്ച പൊലിസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിയുന്ന രീതിയില്‍ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു, ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു.
കമ്മിഷന്‍ നടത്തിയ എല്ലാ കണ്ടെത്തലുകളെയും പറ്റി തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡി.ജി.പി രാജേഷ് ദിവാന്റെ ചുമതലയില്‍ അന്വേഷണം ആരംഭിച്ചു.
കേസില്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെയെല്ലാം അന്വേഷണം നടത്തി നടപടി സ്വീകരിക്കും. കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ ചിലര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് കേസ് അട്ടിമറിക്കാനാണോ എന്ന് അന്വേഷിക്കും. ലൈംഗിക കുറ്റകൃത്യം നടന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതും അന്വേഷിക്കും. അധികാര സ്ഥാനത്തുള്ളവര്‍ ആവശ്യക്കാരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടുന്നതും കൈക്കൂലിയായി കാണണമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണം നേരിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് രണ്ടാമതും നിയമോപദേശം തേടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം സഭ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. മാത്രവുമല്ല പ്രതിപക്ഷ നേതാവ് ഉന്നയിച്ച ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിയുകയാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."