ഫാമിലി വിസയിലെത്തി ജോലി ചെയ്ത വനിതാ സ്‌കൂള്‍ ജീവനക്കാര്‍ പിടിയില്‍
ജിദ്ദ : സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ അനധികൃതമായി ജോലി ചെയ്ത് നിരവധി വിദേശ വനിതാ സ്‌കൂള്‍ ജീവനക്കാര്‍ പിടിയില്‍. ഫാമിലി വിസയിലും മറ്റും ജോലി ചെയ്തിരുന്ന 75 വനിതാ സ്‌കൂള്‍ ജീവനക്കാരെയാണ് പിടികൂടിയത്. ഇതിനു പുറമെ നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴയും ചുമത്തി.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നടപടി. പരിശോധന തുടരുമെന്ന് വകുപ്പ് മേധാവി അറിയിച്ചു. രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി. പിഴവീണത് 18 ലക്ഷം റിയാല്‍. പിടിയിലായത് 75 വനിത ജീവനക്കാരും. കൂടുതല്‍ പേരും ഫാമിലി വിസയിലെത്തി ജോലി ചെയ്തിരുന്നവര്‍.
തൊഴില്‍ നിയമവും സ്വദേശീവത്കരണ തീരുമാനങ്ങളും ലംഘിച്ചതിനാണ് നടപടി. സ്വദേശികള്‍ക്കു മാത്രമാക്കിയ തസ്തികകളില്‍ ജോലി ചെയ്ത വിവിധ രാജ്യക്കാരായ 75 വനിത ജീവനക്കാരാണ് പിടിയിലായത്. ഇവരെ നിയമിച്ച സ്‌കൂളിനെതിരെയും കര്‍ശന നടപടിയുണ്ടാകും. പിടിയിലായവര്‍ക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളില്ലെന്നും തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒപ്പം സ്‌കൂളില്‍ പ്രവര്‍ത്തിക്കാനുള്ള മതിയായ അനുമതി പത്രവുമില്ല. നിയമനം നിയമപരമായി നേടിയവര്‍ക്ക് ശമ്പളം വൈകിച്ചതിനും നടപടിയുണ്ടായി.
തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിയമപാലനം ഉറപ്പു വരുത്താന്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന വിവിധ പ്രവിശ്യകളില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."