സോളാര്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് സോളാര്‍ കമ്മിഷന്‍ കണ്ടെത്തല്‍. ഉപഭോക്താക്കളെ വഞ്ചിക്കാനാകുംവിധം ടീം സോളാറിന് അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയും ഓഫിസുമാണ്.
അന്ന് ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലിസ് സംവിധാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും ക്രിമിനല്‍ ബാധ്യതകളില്‍നിന്ന് ഒഴിവാക്കിയതായി ഉറപ്പു വരുത്തിയെന്നും കമ്മിഷന്‍ കണ്ടെത്തി.
അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ഡി.ജി.പി എ. ഹേമചന്ദ്രന്റെ പ്രവര്‍ത്തനം തന്നെ സംശയാസ്പദമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും എം.പിയും എം.എല്‍.എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലിസുദ്യോഗസ്ഥരും നടത്തിയ ഇടപെടലിനെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല.
ഉമ്മന്‍ചാണ്ടിയും ഓഫിസും പേഴ്‌സണല്‍ സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടിയിലെ അടുത്ത സഹപ്രവര്‍ത്തകരും കേസിലെ പ്രധാന പ്രതികളായ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും തട്ടിപ്പ് നടത്താന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തു.
ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പനെ പ്രതിയാക്കിയെങ്കിലും ഉമ്മന്‍ചാണ്ടി, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള തുടങ്ങിയവരെ പ്രത്യേകാന്വേഷണ സംഘം പ്രതികളാക്കിയില്ല.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയേയും ശാലുമേനോനെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനും അനുവദിച്ചു.
സരിത 2016 ജനുവരി 27ന് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്നാല്‍, അന്വേഷണ സംഘം അത് അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. സരിത ഡല്‍ഹിയില്‍ തോമസ് കുരുവിളയ്ക്ക് പണം കൈമാറി എന്നതും അന്വേഷിച്ചില്ല. സരിത ഡല്‍ഹിയിലുണ്ടായിരുന്നുവെന്ന് കേസ് അന്വേഷിച്ച ഹരികൃഷ്ണനും സമ്മതിക്കുന്നുണ്ട്. ഇതൊന്നും പ്രത്യേക സംഘം പരിശോധിച്ചില്ല.
മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസുമായി സരിതയ്ക്കുള്ള ബന്ധവും ടെലിഫോണ്‍ രേഖകളുടെ വിശദാംശങ്ങളും പരിശോധിച്ചില്ല. സരിതയുടെ ലൈംഗിക ആരോപണങ്ങളെ കുറിച്ചു മാത്രമല്ല സരിത വഞ്ചിച്ചവരുടെ മൊഴി രേഖപ്പെടുത്താനും സംഘം തയാറായില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
ടെന്നി ജോപ്പന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍നിന്ന് നിരവധി ഫോണ്‍ വഴിയുള്ള ബന്ധങ്ങള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധമുള്ളവയായിരുന്നു. മുഖ്യമന്ത്രിയുടെ നിഴലായിരുന്നു അയാള്‍. മുഖ്യമന്ത്രിയുടെ സ്വന്തം ആളായ ജിക്കുമോന്‍ ജേക്കബ് ,ഗണ്‍മാന്‍ സലിംരാജ്, തോമസ് കുരുവിള എന്നിവര്‍ സരിത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടിരുന്നു.
ആദ്യ മൂന്നുപേരുടെ ഫോണുകളില്‍നിന്ന് മുഖ്യമന്ത്രി എല്ലാ ദിവസവും അവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സരിതയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലെന്നും പേഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണില്‍നിന്നാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നതെന്നും സരിതയുടെ മൊഴിയില്‍ പറയുന്നു. ഡല്‍ഹിയിലായിരുന്നപ്പോള്‍ കുരുവിളയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. മുന്‍ ഗണ്‍മാന്‍ സലിംരാജ് 2016 ഡിസംബര്‍ 16ന് നല്‍കിയ മൊഴിയില്‍ സരിതയുമായി അയാളുടെ ഫോണില്‍നിന്ന് ഉമ്മന്‍ചാണ്ടി സംസാരിച്ചിരുന്നു എന്നാണ് ഉള്ളത്.
എന്നാല്‍, ഈ വിളികളൊക്കെ മുഖ്യമന്ത്രിക്ക് വേണ്ടിയോ മുഖ്യമന്ത്രി തന്നെയോ നടത്തിയതാണെന്ന് പരിശോധിക്കാന്‍ എസ്.ഐ.ടി തയാറായില്ല. കൂടാതെ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഡയറിയോ ഡിജിറ്റല്‍ തെളിവുകളോ സി.ഡിയോ കേസ് വിവരങ്ങളോ പരിശോധിച്ചില്ല.
എ.ഡി.ജി.പി ഹേമചന്ദ്രന്‍ അദ്ദേഹത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത് സലിംരാജും, ജിക്കുമോനും സരിത എസ്. നായര്‍ സൃഷ്ടിച്ച മായിക ശക്തിയില്‍പ്പെട്ടുവെന്നാണ്.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ബാലസുബ്രഹ്മണ്യന്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി പ്രസന്നന്‍ നായര്‍ എന്നിവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരേ അഴിമതി തടയല്‍ വ്യവസ്ഥകള്‍ പ്രകാരം കേസ് എടുക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍
സൂക്ഷിച്ചുവയ്ക്കാന്‍
സംവിധാനമുണ്ടാക്കണം
തിരുവനന്തപുരം: സരിത ഉമ്മന്‍ചാണ്ടിയുടെ ഓഫിസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നായിരുന്നു ഒരാരോപണം. മല്ലേലില്‍ ശ്രീധരന്‍ നായരുടെ മൊഴിയില്‍ സരിതയുടെ കൂടെ 2012 ജൂലൈ ഒന്‍പതിന് മുഖ്യമന്ത്രിയെ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. സരിതയുടെ മൊഴി പ്രകാരം ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
എന്നാല്‍, ഉമ്മന്‍ചാണ്ടി ഇത് നിഷേധിച്ചു. ശ്രീധരന്‍ നായരെ ഒറ്റയ്ക്കാണ് കണ്ടത് എന്നാണ് പറഞ്ഞത്. ഇത് ശരിയാണോയെന്നറിയാന്‍ സി.സി.ടി.വി പരിശോധിക്കണം. എന്നാല്‍, 14 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയൂ, ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ല എന്ന് എസ്.ഐ.ടി പറഞ്ഞു. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാമെന്ന് കമ്മിഷന്‍ മുന്‍പാകെ സാക്ഷി മൊഴി നല്‍കിയ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കെല്‍ട്രോണ്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് സി.സി.ടി.വി സംവിധാനത്തിന്റെ മെമ്മറി രൂപകല്‍പന ചെയ്തത് 16 കാമറകളുടേത് 14 ദിവസവും അഞ്ച് ഡിജിറ്റല്‍ കാമറകളുടേത് എട്ട് ദിവസവും എന്ന രീതിയില്‍ ആയിരുന്നെന്നാണ്.
സി.പി.എം നിര്‍ദേശിച്ച സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.വിനോദ് ഭട്ടതിരിപ്പാടും അദ്ദേഹം നിര്‍ദേശിച്ച സി.ഡാക് അസോസിയേറ്റ് എഡിറ്ററും പറയുന്നത് ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ്. ഇതുണ്ടായിരുന്നെങ്കില്‍ കമ്മിഷന്റെ ഒരുപാട് സമയം ലാഭിക്കാമായിരുന്നു. മറ്റ് സര്‍ക്കാര്‍ ഫയലുകള്‍ പോലെ സി.സി.ടി.വി ദൃശ്യങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."