പ്രബോധനത്തിന് കരുത്തു പകരുക
മഹല്ല് ശാക്തീകരണം, സംസ്‌കരണപ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, റിലീഫ് തുടങ്ങിയ മേഖലകള്‍ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി'യുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്നു പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാത്തിടങ്ങളില്‍ ഞായറാഴ്ച മദ്‌റസ കേന്ദ്രീകരിച്ചും ഫണ്ട് സമാഹരണം നടക്കുകയാണ്. പദ്ധതി വിശദീകരിച്ചു കൊണ്ടുള്ള കത്തുകളും സമാഹരണത്തിനുള്ള കവറുകളും മറ്റും ഓരോ വീടുകളിലും ഇതിനകം എത്തിച്ചു കഴിഞ്ഞു.
അതത് പ്രദേശത്തെ മഹല്ല് മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും സംഘടനാപ്രവര്‍ത്തകരുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴ്ഘടകമായ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലാണു കൈത്താങ്ങ് രണ്ടാംഘട്ട പദ്ധതിയുടെ ഫണ്ട് സമാഹരണം. 2015 മുതല്‍ നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി'ക്കു വന്‍സ്വീകാര്യതയാണു സമൂഹത്തില്‍നിന്നു ലഭിച്ചത്.
1926ല്‍ സ്ഥാപിതമായതും 1934 നവംബര്‍ 14ന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നതുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുസ്‌ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിതസഭ കൂടിയാണ്. അഞ്ചു പ്രധാനലക്ഷ്യങ്ങളാണു സമസ്തയുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്.
1. പരിശുദ്ധ ഇസ്‌ലാംമതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ചു പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
2. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ചു മുസ്‌ലിംകള്‍ക്കു ബോധമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുക.
3. മുസ്‌ലിംസമുദായത്തിനു മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.
4. മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനിതട്ടാത്ത വിധത്തിലുള്ള ലൗകികവിദ്യാഭ്യാസ വിഷയത്തിലും വേണ്ടതു പ്രവര്‍ത്തിക്കുക.
5. മുസ്‌ലിംസമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ചു സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക.
'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന പ്രമേയത്തില്‍ 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ചരിത്രവിജയം ഒന്‍പതു പതിറ്റാണ്ട് സമസ്ത കൈവരിച്ചനേട്ടങ്ങളുടെ നേര്‍സാക്ഷ്യം കൂടിയായിരുന്നു. നൂറാംവാര്‍ഷികത്തിലേക്കുള്ള പ്രയാണത്തില്‍ സമസ്ത നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു.
മഹല്ല് ശാക്തീകരണം
പതിനായിരത്തോളം മദ്‌റസകളും എണ്ണായിരത്തില്‍പ്പരം മഹല്ലുകളും മറ്റു നിരവധി സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ മഹല്ല് സംവിധാനം ലോകത്തിനു മാതൃകയാണ്. 50 മുതല്‍ 8000 വരെ അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മഹല്ലുകള്‍ കേരളത്തിലുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയാണു മഹല്ലുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.
മഹല്ലിലെ ജനതയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, മത-ഭൗതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, ആത്മീയബോധം വളര്‍ത്തുന്നതിനുതകുന്ന വിവിധ പരിപാടികള്‍, രാജ്യനന്മയ്ക്കും സമുദായൈക്യത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളാണു മഹല്ല് സംവിധാനത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.
കൈത്താങ്ങ് പദ്ധതിയില്‍ മുഖ്യപരിഗണന മഹല്ല് ശാക്തീകരണത്തിനു നല്‍കിയിട്ടുണ്ട്. പദ്ധതി വിഹിതത്തിന്റെ പത്തുശതമാനം തുകയും മഹല്ല് ശാക്തീകരണത്തിനാണു വിനിയോഗിക്കുന്നത്. നീക്കിവച്ച തുകയേക്കാളും കൂടുതല്‍ സംഖ്യ ഈയിനത്തില്‍ കഴിഞ്ഞപദ്ധതി ഘട്ടത്തില്‍ ചെലവഴിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യഘടകമായ സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് ശാക്തീകരണത്തിനായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. മാതൃകാകുടുംബം കര്‍മപദ്ധതികള്‍, പ്രീമാരിറ്റല്‍ ആന്‍ഡ് പാരന്റിങ് കോഴ്‌സുകള്‍, മഹല്ല് രജിസ്‌ട്രേഷന്‍, സ്വദേശി ദര്‍സ്, ഖത്വീബുമാര്‍ക്കും മാനേജിങ് കമ്മിറ്റികള്‍ക്കുമുള്ള പരിശീലനം തുടങ്ങിയ പരിപാടികള്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ഓര്‍ഗനൈസര്‍മാരും മുദരിബുമാരും പ്രവര്‍ത്തിക്കുന്നു.
സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍
സംസ്‌കരണ(ദഅ്‌വ) പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങ് പദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിന്റെ പത്തുശതമാനം തുകയും നീക്കിവച്ചതു സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. കേരളത്തിനകത്തും പുറത്തും പ്രത്യേകം ഓര്‍ഗനൈസര്‍മാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വരും തലമുറയില്‍ ധാര്‍മികബോധം വളര്‍ത്തുന്നതിനും വിവിധ പരിപാടികള്‍ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസിദ്ധീകരണ പ്രചാരണം
കൈത്താങ്ങ് പദ്ധതിയില്‍ പ്രസിദ്ധീകരണ പ്രചാരണത്തിനു മുന്തിയ പരിഗണനയാണു നല്‍കിയത്. പദ്ധതി വിഹിതത്തിന്റെ അമ്പതുശതമാനവും പ്രസിദ്ധീകരണ പ്രചാരണത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്. ആദര്‍ശ-ദഅ്‌വാ പ്രചാരണരംഗത്തു സമസ്തയും പോഷകസംഘടനകളും നിരവധി പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിച്ചു വരുന്നു. മാധ്യമരംഗത്ത് അത്ഭുതം സൃഷ്ടിച്ചു മുന്നേറുന്ന 'സുപ്രഭാതം' അക്ഷരലോകത്തിനു മാതൃകകൂടിയാണ്. ദഅ്‌വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുസ്തകങ്ങള്‍, ഓഡിയോ-വിഡിയോ പ്രഭാഷണ സി.ഡികള്‍ മറ്റു ആനുകാലികപ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കും പദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ജീവകാരുണ്യ മേഖല
പദ്ധതി വിഹിതത്തിന്റെ ഇരുപതു ശതമാനം തുക ജീവകാരുണ്യപ്രവര്‍ത്തനത്തിനുവേണ്ടിയാണു ചെലവഴിക്കുന്നത്. അവശത അനുഭവിക്കുന്ന മഹല്ലുകള്‍, മദ്‌റസകള്‍, നിയമപരമായും പൊലിസ് നടപടി മൂലവും കഷ്ടപ്പെടുന്നവര്‍, മാരകമായ രോഗം ബാധിച്ചു വിദഗ്ധ ചികിത്സയ്ക്കു ഗതിയില്ലാത്തവര്‍ എന്നിങ്ങനെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈത്താങ്ങ് പദ്ധതിയില്‍ വലിയ പരിഗണന നല്‍കി വരുന്നു.
ഒന്നാംഘട്ട പദ്ധതിയില്‍ നീക്കിവച്ച തുകയേക്കാളും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഓരോ രണ്ടാം ശനിയാഴ്ചയും ചേരുന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വരുന്ന അപേക്ഷകരുടെ ബാഹുല്യം ജീവകാരുണ്യമേഖലയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യമാണു ബോധ്യപ്പെടുത്തുന്നത്.
കേരളം പലതിന്റെയും ലോകോത്തര മാതൃകയാണ്. വിദ്യാഭ്യാസ,സാംസ്‌കാരിക,ആരോഗ്യ രംഗത്തും ധാര്‍മികമേഖലയിലും സാമുദായികസൗഹാര്‍ദത്തിലും കേളികേട്ട സംസ്ഥാനമാണു കേരളം. കേരളത്തിന്റെ ഈ നന്മകളെല്ലാം ഊതിക്കെടുത്താനാണു ചില ഛിദ്രശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്കെതിരേ നാം ജാഗരൂകരാവണം.
കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ചെറുതല്ലാത്ത സംഭാവന നല്‍കിയ പ്രസ്ഥാനമാണു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. ആദര്‍ശ വിശുദ്ധിയോടെ നൂറാംവാര്‍ഷികത്തിലേയ്ക്കുള്ള പ്രയാണത്തിലാണു സമസ്ത. സമസ്തയുടെ മുഖ്യകീഴ്ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി'യുടെ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിക്കുന്നു.
അല്ലാഹു ഇരുലോകത്തും തക്ക പ്രതിഫലം നല്‍കുമാറാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."