സോളാര്‍ റിപ്പോര്‍ട്ടില്‍ എരിഞ്ഞ് തീരുമോ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം
മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഭൂസംരക്ഷണ നിയമവും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ച് നടത്തിയ കൈയേറ്റത്തിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വേലുപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെ ഹൈക്കോടതിയില്‍നിന്നു കൈയേറിയത് സാധാരണക്കാരനായിരുന്നുവെങ്കില്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഉരുളുമായിരുന്നില്ലേ എന്ന പരാമര്‍ശം വന്നത് സത്യത്തില്‍ സര്‍ക്കാരിന്റെ കവിളത്തേറ്റ കനത്ത പ്രഹരം തന്നെയാണ്. എന്നിട്ടും അടുത്ത ദിവസം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഒരു ചാഞ്ചല്യവുമില്ലാതെ മന്ത്രി തോമസ് ചാണ്ടി ഉപവിഷ്ടനായത് കേരളീയ പൊതുസമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമായി. അഴിമതി തുറന്നുകാണിക്കാന്‍ മറ്റൊരു വമ്പന്‍ അഴിമതിക്കാരന്റെ സാന്നിധ്യം ഉറപ്പുവരുത്തിയ ഇടതുപക്ഷമെന്ന് പറയുന്ന സര്‍ക്കാര്‍ എന്ത് രാഷ്ട്രീയ സദാചാര സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാത്രം വയ്ക്കാനായി ചേര്‍ന്ന ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തെ തുടര്‍ന്ന് സഭ കോലാഹലത്തില്‍ മുങ്ങുമെന്നും അതുവഴി തോമസ് ചാണ്ടിക്കെതിരെയുള്ള കൈയേറ്റ പരാതി കത്തി തീരുമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്. ഒരു ദിവസത്തെ ബഹളത്തിനപ്പുറം നീളുന്നതല്ല ഇത്തരം സംഭവങ്ങള്‍.
സരിത എസ്. നായര്‍ നല്‍കിയ പീഡനകേസ് നിലനില്‍ക്കുകയില്ലെന്ന് സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം പുറത്തുവന്ന സാഹചര്യത്തില്‍ രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പുതിയൊരു അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത് പഴുതുകളടച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാന്‍ തന്നെയായിരിക്കണം. അതേസമയം ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച തോമസ് ചാണ്ടിയുടെ കായല്‍ നികത്തലും ഭൂമി കൈയേറ്റവും സംബന്ധിച്ച് നിയമോപദേശം തേടിയത് പഴുതകളടച്ച് തോമസ് ചാണ്ടിയെ രക്ഷിക്കാനും കൂടിയാകണം. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അന്വേഷിച്ച സമ്പൂര്‍ണമായ റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം തേടുന്നത് കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സോളാര്‍ റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ കോണ്‍ഗ്രസില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. അത് സ്വാഭാവികമാണ് താനും.
ജസ്റ്റിസ് ജി. ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാനമായും ഊന്നുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ്. ടീം സോളാര്‍ എന്ന വ്യാജക്കമ്പനിയുടെ പേരില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ഉപയോഗപ്പെടുത്തി വ്യാപകമായ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ നിന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പിന്നീട് അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫിനെ പിരിച്ചുവിട്ടെങ്കില്‍ പോലും. എന്നാല്‍, ഒരു തട്ടിപ്പുകാരിയായ സരിത എസ്. നായരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല എന്നത് ദുരൂഹം തന്നെ. മാത്രമല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജന്റെ വീട് സന്ദര്‍ശിച്ചതെന്തിനാണെന്നും പേഴ്‌സണല്‍ സെക്രട്ടറി ജസ്റ്റിസ് ശിവരാജനുമായി ഫോണില്‍ സംസാരിച്ചത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. അറിയപ്പെടുന്ന ഒരു തട്ടിപ്പുകാരിയുടെ തട്ടിപ്പിന് മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ടുനിന്നുവെന്ന ആരോപണം ഗൗരവതരം തന്നെയാണ്. അത് തന്നെയാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പറയുന്നത്. എന്നാല്‍, ടേംസ് ഓഫ് റഫറന്‍സിനപ്പുറം അന്വേഷണ കമ്മീഷന്‍ പോയിട്ടുണ്ടെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍ റിപ്പോര്‍ട്ടിന്റെ സാധുത തള്ളിപ്പോകാനും ഇടയുണ്ട്. കോടതിയില്‍ നിന്നു പ്രതികൂല പരാമര്‍ശം വന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത് കഴിഞ്ഞ ദിവസത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. കെ. ബാബുവിനെതിരെ വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷനും കെ.എം മാണിക്കെതിരെ പ്രതികൂല പരാമര്‍ശവും കോടതിയില്‍ നിന്നു വന്നപ്പോള്‍ അവരുടെ രാജി ആവശ്യപ്പെട്ട സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുമോ എന്ന മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഭരണകൂടം കാണിക്കുന്ന ശുഷ്‌കാന്തി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കാണിക്കാത്തത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും എടുക്കുന്ന നിലപാടുകള്‍ പൊതു സമൂഹത്തിന്റെ സംശയത്തിന്റെ നിഴലിലാവുമ്പോള്‍ സോളാര്‍ കമ്മീഷനെക്കുറിച്ച് ആയിരംവട്ടം ഭരണകൂടം ആണയിട്ടാലും ജനങ്ങളത് എങ്ങനെ വിശ്വസിക്കും. സോളാര്‍ ചൂടില്‍ കത്തി എരിയേണ്ടതല്ല തോമസ് ചാണ്ടി നടത്തിയ ഭൂമികൈയേറ്റവും കായല്‍ നികത്തലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."