മൂന്നു കാര്യങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചതായി പട്ടേല്‍ സമുദായ നേതാക്കള്‍
അഹമ്മദാബാദ്: സംവരണവുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചതായി പട്ടേല്‍ വിഭാഗക്കാര്‍ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് നല്‍കാമെന്ന് അറിയിച്ച സാഹചര്യത്തിലാണ് മൂന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നിയമപണ്ഡിതരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാവ് ദിനേശ് ഭംഭാനിയ അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുമായി നടത്തിയ ചര്‍ച്ചയിലാണ് മൂന്നു നിര്‍ദേശങ്ങള്‍ പട്ടേല്‍ സമുദായത്തിന് നല്‍കിയത്. സര്‍ക്കാര്‍ സര്‍വിസിലും കോളജ് പ്രവേശനത്തിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാന്‍ പട്ടേല്‍ നേതാക്കള്‍ തയാറായിട്ടില്ല.
ഹാര്‍ദിക്കുമായി നടത്തിയ ചര്‍ച്ച രഹസ്യമായിട്ടായിരുന്നു. ബുധനാഴ്ച രാത്രി 11ന് തുടങ്ങിയ ചര്‍ച്ച ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് അവസാനിച്ചത്. അതേസമയം ചര്‍ച്ചയില്‍ എസ്.സി-എസ്.ടി, ഒ.ബി.സി എന്നിവര്‍ക്ക് നിലവിലുള്ള 49 ശതമാനം സംവരണവുമായി പട്ടേല്‍ സമുദായത്തിന്റെ സംവരണം താരതമ്യപ്പെടുത്തിയിട്ടില്ലെന്നും ഭംഭാനിയ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച ഇരുപക്ഷങ്ങള്‍ക്കും സംതൃപ്തി നല്‍കുന്നതായിരുന്നു. പട്ടേല്‍ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തെ അംഗീകരിക്കാനാകില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ഇതിന് ഭരണഘടനാ സാധുത ഇല്ലാത്ത സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അഹമ്മദാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചര്‍ച്ച ഫലപ്രദവും എന്നാല്‍ ചില കാര്യങ്ങള്‍കൂടി അനുകൂലമാകാനുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നിരുന്നാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."