കൗമാരക്കാര്‍ക്ക് കരുതല്‍ വേണം
പ്രണയമല്ല, പക്വതയില്ലായ്മ
എന്റെ 16 വയസുള്ള മകളുടെ വാട്ട്‌സ് ആപ്പില്‍ ഒരേ നമ്പറില്‍ നിന്ന് കുറേ പ്രണയസന്ദേശങ്ങള്‍ കാണാനിടയായി. ചോദിച്ചപ്പോള്‍ അത്തരം ബന്ധത്തെ നിഷേധിച്ചു. ഒന്നിനും സ്വാന്ത്ര്യമില്ലെന്നു പറഞ്ഞു പിണങ്ങിയിരിക്കുകയാണിപ്പോള്‍. നന്നായി പഠിച്ചിരുന്നു. ഈയിടെ പഠനത്തിലും ശ്രദ്ധയില്ലാതാകുന്നു. എന്തു ചെയ്യാനാവും?
ഷേര്‍ലി തോമസ് എറണാകുളം
കൗമാര പ്രായത്തില്‍ ശാരീരിക വളര്‍ച്ച പ്രാപിക്കുകയും എന്നാല്‍ മാനസികമായി പക്വത കൈവരിക്കാത്ത സമയവുമാണത്. കൗമാരദശയില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു ആവശ്യമായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുകയും ശാരീരികമായി അവയവങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. ഇത് ഒരാളെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ കാലമാണ്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാനസികമായി പലതും ചെയ്യാനുള്ള തോന്നലുകള്‍ ഉണ്ടാവും. എന്നാല്‍ അവയെ നിയന്ത്രിക്കാനുള്ള പക്വത ഉണ്ടാവില്ല. അതിനാല്‍ പല കെണികളിലും അകപ്പെടാന്‍ സാധ്യതഏറെയാണ്.
അതുകൊണ്ടുതന്നെ കൗമാര പ്രായക്കാരെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൗമാര ദശയിലുള്ള പ്രണയം എന്നത് ശരിയായ പ്രണയമാണെന്നു പറയാന്‍ സാധിക്കില്ല, എതിര്‍ലിംഗത്തോടുള്ള കുട്ടിയോട് ചില പ്രത്യേക കാര്യങ്ങളിലുള്ള ആകര്‍ഷണം മാത്രമാണിത്. ഒരുപക്ഷേ ആകാരഘടകമാകാം, ശരീര സൗന്ദര്യമാകാം, പഠനത്തെ കണ്ടിട്ടാകാം, വില്ലനാകാം ഇങ്ങനെ പോസിറ്റീവും നെഗറ്റീവുമായ സ്വഭാവത്തിലുള്ള ആകര്‍ഷണമാകാം കുട്ടിയില്‍ എതിര്‍ലിംഗത്തോട് താല്‍പര്യം ജനിപ്പിക്കുന്നത്. എന്നാല്‍ മറ്റു കുട്ടിയുടെ യഥാര്‍ഥ സ്വഭാവം, വീട്ടിലെ അവസ്ഥ, ആഗ്രഹങ്ങള്‍ എന്നിവയൊന്നും അറിഞ്ഞിട്ടല്ല ഇഷ്ടം തോന്നുന്നത്.
ഇത്തരത്തിലുള്ള വലയത്തില്‍പെട്ടാല്‍ പഠനം നഷ്ടപ്പെടുമോ, മാതാപിതാക്കള്‍ അകന്നുനില്‍ക്കുമോ, മറ്റിടങ്ങളില്‍ നേരിടേണ്ടി വരുന്ന എതിര്‍പ്പുകളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പക്വത അവര്‍ക്കുണ്ടാകില്ല. അതുകൊണ്ടുതന്നെ ഏതുതരം ബന്ധങ്ങളിലും എത്തിപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വേണ്ടെന്ന് ഉപദേശിച്ചുകഴിഞ്ഞാല്‍ അതിനെതിരേ പ്രവര്‍ത്തിക്കാനാണു ഇവര്‍ തയാറാകുക. ഇതും പ്രായത്തിന്റെ പ്രശ്‌നമാണ്. ആയതിനാല്‍ ഇത്തരം കേസുകള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
ഇവിടെ കുട്ടി ഫ്രണ്ട്ഷിപ്പില്‍ പെരുമാറുന്ന, എല്ലാ കാര്യങ്ങളും തുറന്നുപറയുന്നയാളോട് രക്ഷിതാക്കള്‍, അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ ഒരുബന്ധം സ്ഥാപിച്ച് പതിയെ കാര്യങ്ങള്‍ മനസിലാക്കി അടുപ്പം കാണിച്ച് ക്രമേണ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ്‌വേണ്ടത്. അല്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടണം.
എന്നാല്‍ കൗണ്‍സിലറെ സമീപിക്കാന്‍ കുട്ടി മടികാണിക്കുകയാണെങ്കില്‍ മറ്റെന്തെങ്കിലും പറഞ്ഞു കൊണ്ടുപോകണം. ഒരുപക്ഷേ നിര്‍ബന്ധിപ്പിച്ച് കൊണ്ടുപോവുകയാണെങ്കില്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് ബന്ധത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തയാറാകില്ല. അതീവരഹസ്യത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
ഡിസ്ഗ്രാഫിയ പഠനവൈകല്യമാണ്
എന്റെ മകന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. പഠനത്തില്‍ അതീവതല്‍പരനാണ്. എന്നാല്‍ എഴുത്തില്‍ ചിഹ്നങ്ങള്‍ മാറിപ്പോകുന്നു. സ്‌കൂളില്‍ അക്ഷര ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്. കുറേ തവണ പറഞ്ഞുകൊടുത്തിട്ടും മാറ്റം കാണുന്നില്ല. ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ?
രമണി തളിപ്പറമ്പ്
സാധാരണ ബുദ്ധിശക്തിയുള്ള കുട്ടിയാണിത്. മറ്റു കാര്യങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യുന്നു എന്നൊക്കെയാണ് ചോദ്യത്തില്‍നിന്ന് മനസിലാകുന്നത്. എന്നാല്‍ ചിഹ്നങ്ങള്‍ മാറിപ്പോകുന്നത് പഠനവൈകല്യമാണ്. ഡിസ്ഗ്രാഫിയ എന്നാണിതിനു പറയുന്നത്. ഇതേക്കുറിച്ച് മുന്‍പ് വിശദമായി എഴുതിയതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കുന്നതാണ് നല്ലത്. ആദ്യമായി കുട്ടിയെ ലേണിങ് ഡിസേബിലിറ്റി കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകണം. ഏതെല്ലാം മേഖലയിലാണ് കുട്ടിക്ക് ഡിസേബിലിറ്റിയുള്ളത് എന്നു മനസിലാക്കണം. തുടര്‍ന്ന് റെമഡിയല്‍ എജ്യുക്കേഷന്‍ നല്‍കണം. അതായത് ഡിസേബിലിറ്റി ശരിയാക്കിക്കൊണ്ടുവരാന്‍ ഒരു ടീച്ചര്‍ കുട്ടിയുടെ അടുത്തിരുന്ന് ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ സംവദിച്ച് നേരെയാക്കി കൊണ്ടുവരുന്ന രീതിയാണിത്.
ലേണിങ് ഡിസേബിലിറ്റി തുടക്കത്തില്‍ മാറ്റിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ എഴുത്ത് ഒരു പേടിയായി മാറും. ചിഹ്നങ്ങള്‍ മാറുന്നതിനാല്‍ പഠിച്ച വിഷയങ്ങള്‍ പോലും കൃത്യമായി പേപ്പറില്‍ പകര്‍ത്താന്‍ സാധിക്കാതെ വരും. മാര്‍ക്ക് കുറഞ്ഞാല്‍ പഠനത്തോടുള്ള താല്‍പര്യം നഷ്ടമാകും. ആത്മവിശ്വാസം കുറയാം, ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയവ വരാം. എത്രയും പെട്ടന്ന് ശരിയായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.
അമിത ആര്‍ത്തവത്തിന്റെ ഹേതു
ഞാന്‍ ഡിഗ്രിക്കു പഠിക്കുന്നു. എനിക്ക് ആര്‍ത്തവം15 ദിവസത്തോളം നീണ്ടിനില്‍ക്കുന്നു. ചിലപ്പോള്‍ മാസത്തില്‍ രണ്ടുപ്രാവശ്യം ഉണ്ടാകാറുണ്ട്. ഈ ദിവസങ്ങളിലെല്ലാം അമിതമായ ബ്ലീഡിങ്ങും നടക്കുന്നു. ഇതേതുടര്‍ന്ന് പഠനകാര്യങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല. പ്രതിവിധി തേടുന്നു.
കാസര്‍കോട്ടു നിന്ന് ഒരു വിദ്യാര്‍ഥിനി
ഇത് ഒരു ഗൈനക്കോളജിസ്റ്റ് ഇടപെടേണ്ട അവസ്ഥയാണ്. എന്നാലും കൂടുതല്‍ ബ്ലീഡിങ് ഉള്ള അവസ്ഥയ്ക്കു മെനോറാജിയ എന്നാണു പറയുന്നത്. ഇതിനു നിരവധി കാരണങ്ങളുണ്ട്. 30 ദിവസം കൂടുമ്പോള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ എന്നിവയുടെ അളവു കൂടുകയും അല്ലെങ്കില്‍ രണ്ടില്‍ ഒന്നിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ വരുമ്പോഴാണ് ആര്‍ത്തവ ചക്രം ഉണ്ടാകുന്നത്. ഇതില്‍ കൃത്യത വരാതിരിക്കുമ്പോഴാണ് ചിലരില്‍ ആര്‍ത്തവം ഇല്ലാതാകുന്നത്, ബ്ലീഡിങ് കുറയുന്നതും കൂടുന്നതും.
അനുബന്ധ ഹോര്‍മോണായ തൈറോയിഡില്‍ വ്യത്യാസം വന്നാലും ഇതു സംഭവിക്കാം. ഗര്‍ഭാശയത്തില്‍,അണ്ഡാശയത്തില്‍ രോഗാവസ്ഥകള്‍ ഉണ്ടായാലും ബ്ലീഡിങ് കൂടാം. ടെന്‍ഷന്‍, കാലാവസ്ഥാ വ്യതിയാനം, സ്‌ട്രെസ് മെന്‍സ്റ്ററല്‍ ചെയ്ഞ്ചസ്, ശരിയായ ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ വരാം. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വ്യക്തമായി പരിശോധിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി ഭാവിയെ സുരക്ഷിതമാക്കണം.
വിപരീത പ്രവര്‍ത്തനങ്ങള്‍ മാറ്റിയെടുക്കാം
ഞാന്‍ ഒരു അധ്യാപകനാണ്. ക്ലാസില്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടിയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. സഹപാഠികളോട് എന്നെക്കുറിച്ച് കുറ്റം പറയാനും ശ്രമിക്കുന്നു. അവന്റെ കൂടെയുള്ള കുട്ടികളോട് നല്ല രീതിയിലല്ല പെറുമാറുന്നത്. ഇങ്ങനെയുള്ള സ്വഭാവം മാറ്റിയെടുക്കാന്‍ എന്തു ചെയ്യണം.
കണ്ണൂരില്‍ നിന്ന് ഒരധ്യാപകന്‍
സ്വഭാവവൈകല്യ പ്രശ്‌നമാണിത്. കൗമാരപ്രായക്കാരായ കുട്ടികളില്‍ നിര്‍ദേശിക്കുന്ന കാര്യത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത് പ്രായത്തിനനുസരിച്ച് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്നതാണ്. ഇതൊരു രോഗമായി കണക്കാക്കാന്‍ പറ്റില്ല. ഇതിനെ ഒപ്പോസഷനല്‍ ഡിഫിയന്റ് ബിഹേവിയര്‍ എന്നാണു പറയുന്നത്. ചെറിയ രീതിയില്‍ പറയുന്നത് അനുസരിക്കാതിരിക്കുക, വിപരീതമായി പ്രവര്‍ത്തിക്കുക എന്നത് പ്രായത്തിന്റെ ചാപല്യമാണ്. ഇതെല്ലാം പൊതുവെ വീട്ടില്‍ രക്ഷിതാക്കള്‍ പറയുന്ന കാര്യങ്ങളിലാണ് കാണാറുള്ളത്.
എന്നാല്‍ അധ്യാപകന്‍ പറയുന്നതിനു വിപരീതമായി പ്രവര്‍ത്തിക്കുകയും കുറ്റം പറയാന്‍ ശ്രമിക്കുന്നുവെന്നും പരാതിപ്പെടുമ്പോള്‍ ഒപ്പോസഷനല്‍ ബിഹേവിയറില്‍ നിന്ന് കടുപ്പംകൂടി ഒപ്പോസിഷന്‍ ഡിഫിയന്റ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്നുപറയുന്ന അസുഖകരമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം. കാരണം ക്ലാസ്‌റൂമില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ തീര്‍ച്ചയായും രോഗത്തിന്റെ ഒരവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒപ്പോസിഷന്‍ ഡിഫിയന്റ് ബിഹേവിയറിന്റെ ഗുരുതരമായ അവസ്ഥയാണ് സ്വഭാവവൈകല്യ രോഗം എന്നത്. ഈ ഗ്രേഡിലേക്കെത്തിയാല്‍ കുട്ടി വീട്ടിലും ക്ലാസിലും നാട്ടിലുമെല്ലാം പ്രശ്‌നക്കാരനായി മാറും.
ഇത്തരം കുട്ടികള്‍ നുണ പറയും, മോഷണ പ്രവണണത, ചീത്ത കൂട്ടുകെട്ട്, ലഹരി ഉപയോഗം, ക്രൂരമായ പെരുമാറ്റം എന്നീ ഗുരുതരമായ പ്രശ്‌നങ്ങളില്‍ അകപ്പെടും. ഇത്തരത്തിലെ സ്വഭാവവൈകല്യ രോഗമാണോ അല്ലെങ്കില്‍ ഒപ്പോസിഷന്‍ ഡിഫിയന്റ് ബിഹേവിയര്‍ എന്ന ചെറിയ രൂപത്തിലുള്ള സ്വഭാവദൂഷ്യമാണോ എന്നറിയണമെങ്കില്‍ രക്ഷിതാക്കളുമായും സഹപാഠികളുമായും അധ്യാപകര്‍ സംസാരിക്കേണ്ടതുണ്ട്. ചോദ്യത്തില്‍ പറഞ്ഞ അധ്യാപകനോട് മാത്രമാണോ ഇങ്ങനെ പെരുമാറുന്നത് എന്നുകൂടി പരിശോധിക്കണം. എന്നാല്‍ മാത്രമേ അതനുസരിച്ച് പ്രതിവിധി നിര്‍ദേശിക്കാനാകൂ. എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടണം. പലപ്പോഴും വീട്ടിലുള്ള സാഹചര്യമാണ് ഇത്തരത്തിലുള്ള സ്വഭാവത്തിലേക്ക് കുട്ടിയ നയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."