നടുവൊടിച്ച് പച്ചക്കറിവില; ജനം വലയുന്നു
മഞ്ചേരി: ജില്ലയില്‍ സാധാരണക്കാരുടെ നിത്യജീവിത ചെലവ് വര്‍ധിപ്പിച്ച് പച്ചക്കറിവില അനുദിനം കുതിച്ചുയരുന്നു. നിത്യോപയോഗ സാധനങ്ങളായ സവാള, തക്കാളി, കാബേജ്, പയര്‍, ബീന്‍സ്, പച്ചമുളക്, ചെറിയഉള്ളി തുടങ്ങിവക്കാണ് വില താങ്ങാനാവുന്നതിലുമപ്പുറമായിരിക്കുന്നത്. ശബരിമല മണ്ഡലകാലത്ത് പച്ചക്കറിവില ഉയരാറുണ്ടെങ്കിലും അതിനു മുന്‍പുതന്നെ വിലയുയരുന്നത് സാധാരണക്കാരുടെ നടുവൊടിക്കുകയാണ്.
തമിഴ്‌നാട്, ആന്ധ്ര തുടങ്ങി സംസ്ഥാനങ്ങളെയാണ് പച്ചക്കറികള്‍ക്കായി കേരളം ഇപ്പോഴും ആശ്രയിക്കുന്നത്. കനത്ത മഴമൂലം തമിഴ്‌നാട്ടിലെ കാര്‍ഷികമേഖലക്ക് തിരിച്ചടി നേരിടുന്നതാണ് വിലകുതിച്ചുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറിയഉള്ളിക്ക് കിലോക്ക് 170 എന്ന തോതിലായി. സവാളക്കാണെങ്കില്‍ കിലോക്ക് 45. നഗരങ്ങളില്‍ ഇരുപത്, മുപ്പത് രൂപക്ക് ഒരു കിലോ തക്കാളി ലഭിച്ചിരുന്നത് 40 രൂപയായി. ഇതു നാട്ടിന്‍പുറങ്ങളിലെത്തുമ്പോള്‍ 45 വരെയാവുന്നു. പയറ് 60 രൂപയായിരുന്നത് നിലവില്‍ 40 രൂപയായി കുറഞ്ഞിട്ടുണ്ട്. കാരറ്റ് കിലോക്ക് 60, ബീട്രൂട്ട് 40 , വെണ്ട 30, കാബേജ് 40, പച്ചക്കായ 40, പീച്ചക്ക 40 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വിലകള്‍. പച്ചമാങ്ങ കിലോക്ക് 40 രൂപയായിരുന്നത് 70ലെത്തിയിട്ടുണ്ട്. പച്ചമുളകിന്റെ വിലകേട്ടാല്‍ കണ്ണെരിയും. 40 രൂപയാണ് ഒരുകിലോ പച്ചമുളകിന്റെ വില. കഴിഞ്ഞയാഴ്ചവരെ വിലകുറവുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും ഈയാഴ്ചയോടെ വീണ്ടും വിലകൂടിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ശബരിമല മണ്ഡലകാലം തുടങ്ങുമ്പോള്‍ പച്ചക്കറികള്‍ക്ക് ഇനിയും ആവശ്യം കൂടുതലായി വരുന്ന സാഹചര്യമാണുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ ഇതോടെ സാധാരണക്കാരുടെ നടുവൊടിക്കുമെന്നാണറിയുന്നത്. സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും വിഷരഹിത പച്ചക്കറികള്‍ നട്ടുവളര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ കാര്‍ഷിക രംഗത്ത് സജീവമായി നടക്കുമ്പോഴും വിപണിയിലെ ഈ കുതിപ്പു നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."