ഫോണ്‍കെണി: എ.കെ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: മംഗളം ടെലിവിഷന്റെ ഫോണ്‍കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരേയുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ചാനല്‍ റിപ്പോര്‍ട്ടറുമായി അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ഗതാഗത മന്ത്രിയായിരുന്ന എന്‍.സി.പിയിലെ ശശീന്ദ്രന്‍ രാജിവച്ചിരുന്നു. അദ്ദേഹത്തിനെതിരെ നല്‍കിയ കേസ് ആണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കിയതെന്ന് പരാതിക്കാരി അറിയിച്ചത്.
പ്രത്യേക സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും പരാതി പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തികച്ചും വ്യക്തിപരമായ കേസാണിതെന്നും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.
ശശീന്ദ്രന്റെ പകരക്കാരനായി മന്ത്രിസഭയിലെത്തിയ തോമസ്ചാണ്ടിയും രാജിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴാണ് ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
മംഗളം ടെലിവിഷന്റെ ലോഞ്ചിങ് ദിനത്തിലെ ആദ്യ വാര്‍ത്തയായാണ് ചാനലിലെ വനിത മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ഹണിട്രാപ് ഒരുക്കിയത്. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ ഓഡിയോ എന്ന പേരിലാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ സംഭവം വിവാദമായതോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതെന്ന് പിന്നീട് ചാനല്‍ സി.ഇ.ഒ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് സി.ഇ.ഒ അജിത് കുമാര്‍ അടക്കം ചാനലിലെ അഞ്ചു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."