സഊദിയില്‍ അഴിമതിക്കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു
ജിദ്ദ: സഊദിയില്‍ അഴിമതിക്കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അറസ്റ്റിലായവരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നുണ്ട്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിവെച്ച അഴിമതി വിരുദ്ധ ഉന്നത കമ്മിറ്റി ഇടപടല്‍ സാമ്പത്തിക രംഗത്ത് ഉണര്‍വാണ് ഉണ്ടാക്കുന്നത്.
അഞ്ചു ദിവസം മുമ്പാരംഭിച്ച അഴിമതി വിരുദ്ധ പദ്ധതി സജീവമായി തുടരുകയാണ്. ആരും നിയമത്തിന് അതീതരല്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് നീക്കങ്ങള്‍. ഇതിനകം അഞ്ഞൂറിലേറെ പേര്‍ പിടിയിലായി. ഇവരുടെ ഇടപാടുകളെല്ലാം പരിശോധനക്ക് വിധേയമാക്കുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരില്‍ 11 പേര്‍ രാജകുമാരന്മാരാണ്. ബാക്കിയുള്ളവര്‍ വ്യവസായികളും. നടപടികള്‍ വ്യവസായ നിക്ഷേപ രംഗത്ത് ഉണര്‍വാണുണ്ടാക്കിയത്. രാജ്യത്തെ ഉന്നത ബാങ്കുകളുടെ തലവന്മാര്‍ പ്രതീക്ഷയിലാണ്.
ഉന്നത വ്യവസായ രംഗത്തെ പ്രമുഖരും നിക്ഷേപ പദ്ധതിക്ക് തയ്യാറാകുന്നതായി അറബ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ ചൈനയിലെ സാമ്പത്തിക രംഗം അഴിമതി വിരുദ്ധ പദ്ധതിയോടെ മുന്നേറിയിരുന്നു. സമാനമായ വളര്‍ച്ച ജി.ഡി.പിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും വ്യവസായികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."