വംശനാശം വേട്ടയാടാത്ത നാട്ടുശീലങ്ങള്‍
അപക്വത അലങ്കാരമാക്കിയ നേതാക്കള്‍ പടച്ചുവിടുന്ന പുതിയ വാര്‍ത്തകള്‍ അച്ചടിച്ചും കാണിച്ചും കച്ചവടക്കതാല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമനിലപാടുകള്‍ക്കൊപ്പം ചിലപ്പോള്‍ പൊതുബോധവും ഇടം നേടാറുണ്ട്. ആശയങ്ങളോടു കലഹിച്ചു ശീലമുള്ളവരും സ്വതന്ത്രബോധമുള്ളവരും വളച്ചുകെട്ടാതെ പറയാന്‍ മടിക്കാറില്ല.
ജസ്റ്റിസ് ഹരിപ്രസാദ് ജുഡീഷ്യല്‍ മര്യാദ പാലിച്ചില്ലെന്നു ജസ്റ്റിസ് ഉബൈദിനു തോന്നിയതു വിഷയം തന്നെ ബാധിക്കുന്നതിനാലാവണം. സാധാരണ പൗരനെ വയറുനിറയെ അസഭ്യം പറഞ്ഞാല്‍ 'മര്യാദ'ക്കാര്‍ കടന്നുവരാറില്ല. വി.എസ്സിന്റെ ടിപ്പണി കൂടി വന്നപ്പോള്‍ വാര്‍ത്ത വന്ന വഴിക്കു തീരാതെ പോയി. കോടതിക്കാര്യമായതിനാല്‍ തൊട്ടാല്‍ കൈ പൊള്ളുമെന്നു (കോടതി അലക്ഷ്യം) ഭയന്നാവും മണിക്കൂറുകള്‍ നീളുന്ന മടുപ്പുളവാക്കുന്ന വിചാരങ്ങളില്‍നിന്നു മാധ്യമങ്ങളും വിട്ടുനിന്നു.
ഹൈക്കോടതിയിലെ സീനിയര്‍ ക്രിമിനല്‍ വക്കീല്‍ ഉദയഭാനു ചാലക്കുടി രാജന്‍ വധത്തിലെ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചതും അധികമൊന്നും ചര്‍ച്ചയായില്ല. ഭൂമിക്കച്ചവടത്തില്‍ മുടക്കിയ 70 ലക്ഷം തിരികെ പിടിക്കാന്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ കൈയബദ്ധമാണു കൊലയിലെത്തിയതെന്നാണു വക്കീല്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
വക്കീല്‍ ഫീസ് ഏകീകരിക്കാന്‍ ഇന്ത്യയില്‍ നിയമവ്യവസ്ഥയില്ല. അക്കാരണത്താല്‍ വാരിക്കോരിയാണു ഫീസ് ഈടാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന വിറ്റു കാശാക്കുന്ന ഏര്‍പ്പാടാണു വക്കീല്‍ പണി. പറമ്പു വിറ്റാല്‍പ്പോലും മതിയാവാത്ത ഫീസാണു പല വക്കീലന്മാരും ഈടാക്കുന്നത്. നിയമരംഗത്തെ നിയമലംഘനങ്ങള്‍ ഇനിയും തുടരും. പണംവാരികള്‍ പലവിധ അപകടങ്ങളിലും അകപ്പെടുകയും ചെയ്യും.
ഹാദിയയെ നവംബര്‍ 27ന് വൈകിട്ട് മൂന്നിന് തുറന്ന കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവ് മനുഷ്യാവകാശം മാനിക്കുന്നവര്‍ക്കെല്ലാം ആശ്വാസമായി. വിവാഹം ചെയ്യാന്‍ തടസ്സമായ ഏത് വകുപ്പാണ് ഭരണഘടനയിലുള്ളതെന്ന കോടതിയുടെ അന്വേഷണത്തിന് മുമ്പില്‍ അശോകന്റെ അഭിഭാഷകന് ഒന്നും ബോധിപ്പിക്കാനുണ്ടായതുമില്ല.
കേരളത്തിലെ 'പൊന്നങ്ങാടിയാണു കൊടുവള്ളി. ജാഗ്രതക്കുറവും കുമ്പസാരവും വന്ന സ്ഥിതിക്കു മറ്റു ജാഗ്രതക്കുറവുകള്‍ ചര്‍ച്ചയാവാം. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ജാഗ്രതകള്‍ 'ധന'വുമായി മല്‍പ്പിടുത്തം നടത്തിയാല്‍ പണം തന്നെ ജയിച്ചു കയറുമെന്നുറപ്പ്. തിരുവനന്തപുരത്തെ പേമെന്റ് സീറ്റ് സി.പി.ഐക്കു നട്ടെല്ലു കളഞ്ഞ ഓര്‍മയാണ്.
ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തെ സംബന്ധിച്ച സി.പി.എം കോഴിക്കോട് ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിലും ജാഗ്രതപ്പിശകു വന്നു. സമരങ്ങളുടെ ആശാന്മാരായ കമ്മ്യൂണിസ്റ്റുകള്‍ക്കിപ്പോള്‍ സമരം ചതുര്‍ഥിയായതില്‍ അത്ഭുതമില്ല. വികസനം മുടക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം കൊള്ളാം. എന്നാല്‍, ഇരകളുടെ ദുരിതം കേള്‍ക്കില്ലെന്ന ശീലം ഇക്കാലത്തെങ്ങനെ ന്യായീകരിക്കും. 'ഗെയില്‍' ഗ്യാസ് പൈപ്പ് പോകുന്ന സ്ഥല ഉടമകള്‍ക്കു പറയാനുള്ളതു പറയാന്‍ അനുവദിക്കാതെ ലാത്തിയും ഗ്രനേഡുമായി പൊലിസിനെ പറഞ്ഞുവിട്ട രീതി ജനാധിപത്യമായില്ല. പത്തുവര്‍ഷത്തിനിടയില്‍ പത്തുകോടി സംഭാവന നല്‍കിയതിനാല്‍ കൈയേറാനും വെല്ലുവിളിക്കാനും തനിക്കവകാശമുണ്ടെന്നാണു തോമസ് ചാണ്ടി പറഞ്ഞുകാണുന്നത്. അങ്ങനയെങ്കില്‍ ഉദാരനായ എം.എ യൂസുഫ് അലി തൃശൂര്‍ തന്റേതാണെന്നു പറഞ്ഞാല്‍ നിയമോപദേശം തേടേണ്ടിവരില്ലേ.
കാറ്റിലോണിയക്കാര്‍ക്കു സ്വാതന്ത്ര്യം വേണ്ടെന്നാണു സ്പാനിഷ് ഭരണകൂടത്തിന്റെ തീരുമാനം. അധികാരം കിട്ടാനുള്ള അധികാരക്കാരെ അധികാരം പിടിവിടാതിരിക്കാനുള്ള അധികാരികള്‍ പിടിച്ചുകെട്ടിയെന്നു ചുരുക്കം. സ്വയംഭരണാധികാരം പോരെന്നാണ് കാറ്റലോണിയക്കാരുടെ പക്ഷം. കശ്മീരിന് സ്വയംഭരണം നല്‍കണമെന്ന് ചിദംബരം പറഞ്ഞതിനാല്‍ തീവ്രവാദ ചര്‍ച്ചയ്ക്ക് ഇടമുണ്ടായില്ല.
ഗുജറാത്തിലും, ഹിമാചലിലും ഡിസംബര്‍ 18ന് ഫലം വരുമ്പോള്‍ തല്‍സ്ഥിതി ആവര്‍ത്തിക്കാനിടയില്ല. രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ റോഡ് ഷോ നടത്തിയതുകൊണ്ടുമാത്രം രക്ഷപ്പെടാനും ഇടയില്ല. യു.പിയില്‍ രാഹുലം, അഭിഷേകം നടത്തിയ ഷോ മോശമായിരുന്നില്ല. ഫലം വന്നപ്പോള്‍ ബി.ജെ.പി തൂത്തുവാരി. വോട്ടര്‍മാര്‍ക്ക് കാര്യബോധം വന്നാലേ കാര്യങ്ങള്‍ നടക്കൂ. അക്കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ല. ഗുജറാത്തില്‍ അനായാസ ജയം ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. ഹിമാചല്‍ കോണ്‍ഗ്രസ്സിനെ കൈവിടാന്‍ സാധ്യത കുറവല്ല. ഏതായാലും രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയ നേതാവിനെപ്പോലെ പ്രതികരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.
102 കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച വീരന്മാരെക്കുറിച്ച് ജോയന്റ് ആര്‍.ടി.ഒ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടത്രെ! കൊടുവള്ളിയിലെ ഫൈസലും, കോടിയേരിയുടെ ജാഥയും ചുവന്ന കാറും ഇല്ലായിരുന്നുവെങ്കില്‍ ഈ ശേഖരണംപോലും ഉണ്ടാവുമായിരുന്നില്ല.
ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കണ്ണടക്കാതെ, കാശുവാങ്ങാതെ കേരള റോഡില്‍ ഇത്രയധികം വ്യാജ വിലാസക്കാറുകള്‍ എങ്ങനെ ഓടിക്കാനാവും അടുത്ത ജന്മത്തില്‍ ബ്രാഹ്്മണനാവാന്‍ പൂതിവെച്ച് കഴിയുന്ന രാജ്യസഭാ അംഗം സുരേഷ്‌ഗോപിക്ക് രണ്ടും, ഫഹദ് ഫാസിലിന് ഒന്നും മറ്റ് പലര്‍ക്കും നികുതിവെട്ടിച്ച കാറുകളും ഉണ്ടത്രേ.
വ്യാജസിദ്ധന്‍, വ്യാജ ഡോക്ടര്‍, വ്യാജ ബിരുദം എന്നപോലെ വ്യാജനമ്പറും ധാരാളം. ഇത്തരം പോണ്ടിച്ചേരി കാറുകളുടെ ഉടമകളില്‍ ഡോക്ടര്‍മാരാണത്രെ അധികവും.
കെനിയയില്‍ 'കെനിയാത്തെ' വീണ്ടും ജയിച്ചുകയറിയെങ്കിലും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. 40 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ പ്രതിപക്ഷം ബഹിഷ്‌കരിച്ച് കെയിന്‍ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തെ കൂടുതല്‍ വികസിതമാക്കാന്‍ പഠിപ്പിക്കുന്നു. പണാധിപരും, സര്‍വ്വാധിപരും ഇതൊക്കെയാണ് നടമാടുന്നത്. 50 ശതമാനത്തിലധികം പേരുടെ പിന്തുണ ഉണ്ടായാലേ വിജയിയായി പരിഗണിക്കാവൂ എന്ന അവസ്ഥ വരണം.
റൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നില്‍ റഷ്യയിലെ പുടിന്‍ ഭരണകൂടത്തിന്റെ പങ്ക് വിവാദമായെങ്കിലും തീരുമാനമായിട്ടില്ല. ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനം വടക്കന്‍ കൊറിയയെ മെരുക്കാനാവുമോ എന്ന പരീക്ഷണമാണ്. പണ്ടൊക്കെ അമേരിക്ക ഒന്നാംതരം ലോക പൊലിസായിരുന്നു. ഇപ്പോള്‍ സ്ഥിതിമാറി. വടക്കന്‍ കൊറിയയുടെ കൈവശമുള്ള അണുവായുധം അമേരിക്കയെ ഉറക്കം കെടുത്തുന്നുണ്ട്. ചൈന അനുകൂല സാഹചര്യം മുതലെടുത്തു ബഹുദൂരം മുന്നേറിക്കഴിഞ്ഞു. അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് അമേരിക്ക ഒറ്റപ്പെട്ടുവരികയാണ്. വംശീയ ഭ്രാന്ത് നല്ല പരിക്കാണഅ നാടിന് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് പാഠമാവേണ്ടതാണ്.
ഇറാഖില്‍ ഇരച്ചുകയറി നാശംവിതച്ച അമേരിക്കന്‍ അച്ചുതണ്ട് പ്രതിസ്ഥാനത്ത് തുടരുകയാണിപ്പോഴും. ലബനാനിലെ ഹരീരാ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത് അമേരിക്ക, ഇറാന്‍ ശല്യം സഹിക്കാതെയാണെന്ന വാര്‍ത്തക്കും പ്രസക്തിയില്ലാതില്ല. ഹമ്മാസും, ഫത്ഹും ഒന്നിച്ച് ഗാസ വെസ്റ്റ് ബാങ്ക് അതിരുകള്‍ തുറന്ന് അര്‍ദ്ധ അധികാരമുള്ള പാലസ്തീന്‍ അല്പം ആശ്വാസവായു ശ്വസിച്ചപ്പോള്‍ ഇസ്രായലിന് ശ്വാസം മുട്ടനുഭവപ്പെടുന്നതിന്റെ പിന്നില്‍ അമേരിക്കന്‍ മൗനം ഉണ്ടത്രെ!
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ''കന്നഡ കൊത്തണ''മെന്ന് നിര്‍ബന്ധിച്ചിരിക്കുന്നു. ബി.ജെ.പി ഭാഷാഭ്രാന്ത് ഇളക്കിവിടുന്നതിന്റെ മുമ്പ് ഒരു മുഴം മുന്നേ എറിഞ്ഞതാവാം. ടിപ്പു സുല്‍ത്താന്‍ ജയന്തി ചങ്കുറപ്പോടെ നടത്തി രാഷ്ട്രപതിയെക്കൊണ്ട് ടിപ്പു പ്രകീര്‍ത്തനം പറയിപ്പിച്ച സിദ്ധരാമയ്യ മികച്ച രാഷ്ട്രീയ അഭ്യാസി കൂടിയാണെന്ന് ഉറപ്പിക്കാന്‍ ഇനി വൈകേണ്ടതില്ല.
ആധാറില്‍ ആധാരം ഉറപ്പിച്ച വിധി വന്നുകഴിഞ്ഞു. മമത ബാനര്‍ജിയോട് പാര്‍ലമെന്റിന്റെ അധികാരം ഓര്‍മ്മിപ്പിച്ച കോടതി ആര്‍ട്ടിക്കിള്‍ 13, 21 വ്യാഖ്യാനിക്കാനും ബാധ്യസ്ഥരാണ്. സ്വകാര്യത മൗലികാവകാശമാണെങ്കില്‍ പിന്നെയീ ആധാര്‍ പ്രശ്‌നം എങ്ങനെയാണ് വിശദീകരിക്കുക.
തായ്‌ലന്റ് രാജ്വ് മരണപ്പെട്ട് ഒരുകൊല്ലം കഴിഞ്ഞതില്‍ പിന്നെയാണ് സംസ്‌കരിച്ചത്. 80,000 പൊലിസുകാര്‍ പണിയെടുത്തും 300 കോടി രൂപ ചെലവിട്ട് കെങ്കേമമായി രാജാവിനെ സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ആക്കിയെന്നാണ് ബുദ്ധമതക്കാരായ തായ്‌ലന്റുകാര്‍ വിശ്വസിക്കുന്നത്. സംസ്‌കാരച്ചടങ്ങില്‍ ആഭരണം ഉപേക്ഷിച്ച് കറുപ്പണിഞ്ഞാണ് ലക്ഷങ്ങള്‍ അണിനിരന്നത്. രാജാവിന്റെ മൃതശരീരം വഹിച്ച വാഹനം ശുദ്ധസ്വര്‍ണ്ണത്തില്‍ തീര്‍ത്തയായിരുന്നു. പരിഷ്‌കൃതം എന്ന് പറയാന്‍ നാക്കുളുക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അജിദ് ദേവലിന്റെ മകന്‍ ശൗരിക്ക് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, എം.ജെ.അക്ബര്‍, സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ എന്നിവര്‍ നടത്തുന്ന ഇന്ത്യന്‍ ഫൗണ്ടേഷന്‍ അനധികൃതമായി വിദേശത്തുനിന്ന് പണം സ്വീകരിച്ച വാര്‍ത്ത വന്നതും ഇയ്യിടെ. പ്രവാസികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വിയര്‍പ്പിന്റെ അംശത്തില്‍ നിന്ന് സ്വരൂപിച്ച തുക ഏതെങ്കിലും അനാഥശാലക്കയച്ചുകൊടുത്താല്‍ ഉദ്യോഗസ്ഥരെത്തി കണക്കെടുത്ത് കഥ കഴിക്കുന്ന ഇക്കാലത്ത് വിദേശത്തുനിന്ന് പണം തടസ്സമില്ലാതെ ഒഴുകിയെത്തിയ വന്‍ തോക്കുകളെക്കുറിച്ച് മിട്ടാണ്ടം കാണുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."