മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സ്ഥിരം കേന്ദ്രമൊരുക്കും: മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥിരം സംവിധാനമൊരുക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി ജലീല്‍.
കിലയുടെ മാതൃകയില്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം പരിശീലന കേന്ദ്രമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മനഃശാസ്ത്രം, രാജ്യത്തിന്റെ ചരിത്രം, ബഹുസ്വരത തുടങ്ങിയ കാര്യങ്ങളില്‍ മദ്‌റസാ അധ്യാപകരില്‍ അവബോധം വളര്‍ത്താന്‍ പരിശീലനം കൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മദ്‌റസാ അധ്യാപകര്‍ക്കുള്ള ഭവനവായ്പാ പദ്ധതികളുടെ വിതരണോദ്ഘാടനം മലപ്പുറം വളാഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രണ്ട് മാസത്തിനകം യാഥാര്‍ഥ്യമാകും. ഇതിന്റെ കരട് ധനവകുപ്പ് അംഗീകരിച്ചുകഴിഞ്ഞു. മദ്‌റസാ അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷയും നല്ല വേതനവും ഉറപ്പുവരുത്താന്‍ ബോര്‍ഡ് രൂപീകരണത്തോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം 200 പേര്‍ക്കാണ് ഭവന വായ്പ നല്‍കുന്നത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അത് 1000 പേര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ മേഖലാ ഓഫിസ് എടപ്പാളില്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. വളാഞ്ചേരി നഗരസഭാധ്യക്ഷ ഷാഹിന. എം, പ്രതിപക്ഷ നേതാവ് ടി.പി അബ്ദുല്‍ ഗഫൂര്‍, കൗണ്‍സിലര്‍ സി. രാമകൃഷ്ണന്‍, കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, ഡയറക്ടര്‍ പി. മൈമൂന, മാനേജിങ് ഡയറക്ടര്‍ വി.കെ അക്ബര്‍, പി.എം ഹമീദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."