സോളാര്‍ തുടരന്വേഷണം: ബെഹ്‌റയ്ക്ക് മേല്‍നോട്ട ചുമതല
തിരുവനന്തപുരം: സോളാര്‍ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി.
ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് അന്വേഷണത്തിന്റെ മുഖ്യ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അടുത്ത ഏപ്രിലില്‍ വിരമിക്കുന്നതിനാലാണ് ബെഹ്‌റയ്ക്ക് മേല്‍നോട്ട ചുമതല നല്‍കിയത്. രാജേഷ് ദിവാന്‍ വിരമിക്കുന്നതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാകില്ലെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും അന്വേഷണപരിധിയില്‍ ഉള്ളതിനാല്‍ ബെഹ്‌റ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ബെഹ്‌റ വിജിലന്‍സിന്റെ മേധാവി കൂടിയായതിനാല്‍ ക്രിമിനല്‍, വിജിലന്‍സ് നടപടിക്രമങ്ങള്‍ ഒരേസമയത്തു തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി കണക്കുകൂട്ടുന്നു.
പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപിനെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചിട്ടുണ്ട്. മികച്ച കുറ്റാന്വേഷകന്‍ എന്നറിയപ്പെടുന്നതുകൊണ്ടാണ് ഈ ചുമതല നല്‍കിയത്. ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചു. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദേശം ദിനേന്ദ്ര കശ്യപിന് മുഖ്യമന്ത്രി നല്‍കിയതായാണ് സൂചന. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ കശ്യപ് ഡി.ജി.പി രാജേഷ് ദിവാനെ അറിയിച്ചു. ഉടന്‍ അന്വേഷണ സംഘം യോഗം ചേരും.
അഴിമതി ആരോപണങ്ങള്‍ സംഘത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ക്രൈംബ്രാഞ്ച്, പൊലിസ് ഉദ്യോഗസ്ഥരും അന്വേഷിക്കാനാണ് നിലവിലെ തീരുമാനം. സോളാര്‍ തട്ടിപ്പിലെ പരാതിക്കാരുടെയും പ്രതികളായ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും ഉടനുണ്ടാകും.
വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണതമൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്. പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. അതിനുമുന്‍പ് ജസ്റ്റിസ് അരിജിത്ത് പസായത് നല്‍കിയ നിയമോപദേശം വിശദമായി പഠിക്കും. തുടരന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതി അതിനുശേഷമേ നിശ്ചയിക്കൂ.
ലൈംഗികാരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. എ.ഡി.ജി.പി പത്മകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയും കൊച്ചി കമ്മിഷണറായിരുന്ന എം.കെ അജിത്കുമാര്‍ ടെലിഫോണ്‍ വഴി അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയും അന്വേഷിക്കും.
മാത്രമല്ല നേരത്തേ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനില്‍നിന്ന് മൊഴിയെടുക്കും. അന്നത്തെ കേസ് ഡയറി പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ മൊഴിയെടുക്കലിലേക്ക് പോകൂ. സോളാര്‍ തട്ടിപ്പിനെതിരേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ ഡയറികളെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിക്കും. ഇവ പരിശോധിച്ച ശേഷമാവും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനിക്കുക. സരിതയുടെ കത്താണ് മാനഭംഗക്കേസിന്റെ അടിസ്ഥാനമെന്നതിനാല്‍ ആദ്യം സരിതയുടെ മൊഴി രേഖപ്പെടുത്തും. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ 17 പേജുള്ള കത്ത് നിയമോപദേശത്തിന് നല്‍കിയിരിക്കുകയാണ്. അത് കിട്ടിയാല്‍ ഉടന്‍അന്വേഷണ സംഘത്തിന് കൈമാറും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇന്നോ നാളെയോ ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം തിരുവനന്തപുരത്ത് യോഗം ചേരും. അതിനു ശേഷം സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ ഇവ ഫോറന്‍സിക് പരിശോധനക്ക് അയക്കാനും മുഖ്യമന്ത്രി ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവന്‍, തിരുവനന്തപുരം വിജിലന്‍സ് ഡിവൈ.എസ്.പി ഇ.എസ് ബിജുമോന്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. ഷാനവാസ്, കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. ന
കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദനെക്കൂടി ഉള്‍പ്പെടുത്താന്‍ രാജേഷ് ദിവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ വിജിലന്‍സിലെയും ക്രൈംബ്രാഞ്ചിലെയും സമര്‍ഥരായ സി.ഐമാരെക്കൂടി ഉള്‍പ്പെടുത്തി സംഘം വിപുലീകരിക്കണമെന്ന നിലപാട് ദിനേന്ദ്ര കശ്യപ് വഴി രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."