സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ എട്ടുവര്‍ഷത്തെ ഇടിവ്
മുംബൈ: ആഗോള വ്യാപകമായി സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഒന്‍പത് ശതമാനത്തോളം ഇടിവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 2017ലെ മൂന്നാം പാദത്തില്‍ 915 ടണ്‍ സ്വര്‍ണത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് എട്ടുവര്‍ഷത്തെ ഇടിവാണെന്നും കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭരണ നിര്‍മാണ രംഗത്തും വിനിമയ രംഗത്തുമുണ്ടായ ആവശ്യം കുറച്ചതാണ് ഇടിവിനിടയാക്കിയത്. സ്വര്‍ണാഭരണ വില്‍പന രംഗത്ത് വലിയതോതിലുള്ള മാന്ദ്യമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഒരുവര്‍ഷത്തോളമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയാണ് സ്വര്‍ണ രംഗത്ത് തിരിച്ചടിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയില്‍ നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണത്തിനെതിരായ നടപടി കാരണം സ്വര്‍ണാഭരണ രംഗത്ത് ചില്ലറ ഇടപാടുകള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 145.9 ടണ്ണിന്റെ കുറവാണ് ഇന്ത്യയില്‍ ഉണ്ടായത്. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 192.8 ടണ്‍ ആയിരുന്നെങ്കില്‍ 24 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളില്‍ 25 ശതമാനത്തിന്റെ കുറവുണ്ടാവുകയും ചെയ്തു.
ജൂലൈയില്‍ ജി.എസ്.ടി നടപ്പാക്കിയതോടെയാണ് ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ നിന്ന് മാത്രമാണ് സ്വര്‍ണത്തിന് അല്‍പമെങ്കിലും ആവശ്യക്കാരുണ്ടായത്. എന്നാല്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നടപടിയില്‍ ചെറിയതോതില്‍ ഇളവുണ്ടായതോടെ ഒക്ടോബര്‍ ആദ്യവാരത്തോടെ വിപണയില്‍ നേരിയ ചലനമുണ്ടാക്കിയെങ്കിലും ജി.എസ്.ടികാരണം ഈ രംഗത്തിന് ആശാവഹമായ പുരോഗതിയുണ്ടാക്കാനായില്ലെന്നും കൗണ്‍സില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."