വിധിയെ തോല്‍പ്പിച്ചവരുടെ ചിറകരിയരുത്
2.15 കോടിയായിരുന്നു റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത 4-400 വനിത റിലേ ടീമിനായി രാജ്യം ചെലവഴിച്ചത്. പാരാലിംപിക്‌സിന് പോയ താരങ്ങള്‍ക്കാകട്ടെ കേന്ദ്ര സര്‍ക്കാര്‍ കാര്യമായൊന്നും നല്‍കിയതുമില്ല. എന്തിന് കൃത്യമായ ഒരു സെലക്ഷന്‍ പോലും നടക്കാറില്ല. പാരാലിംപിക്‌സ് എന്നൊരു സമാന്തര കായിക മത്സരം ലോകത്ത് നടക്കുന്നുണ്ടെന്ന ചിന്ത പോലും സംസ്ഥാന സര്‍ക്കാരിനില്ല. റിയോ പാരാലിംപിക്‌സ് കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് താരം മാരിയപ്പന്‍ തങ്കവേലുവിനെ കേരളത്തിലേക്ക് വിളിച്ച് അഭിനന്ദിച്ചിരുന്നു. മാരിയപ്പന് ലഭിച്ച സര്‍ക്കാരിന്റെ അഭിനന്ദനം കേരളത്തിലെ പാരാലിംപിക്‌സ് താരങ്ങളുടെ പ്രതീക്ഷയേറ്റുന്നതായിരുന്നു. പിന്നീട് ഒന്നും സംഭവിച്ചില്ല. താരങ്ങള്‍ ഇപ്പോഴും സഹായം തേടി വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും ഓഫിസുകള്‍ കയറിയിറങ്ങുന്നു. നേട്ടങ്ങളുമായി മടങ്ങി വരുന്ന താരങ്ങള്‍ക്ക് വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ലഭിക്കുന്ന നിറം മങ്ങിയ സ്വീകരണങ്ങള്‍ക്ക് അപ്പുറം ഇവിടെ മറ്റൊന്നും സംഭവിക്കാറില്ല. അതില്‍ കൂടുതല്‍ മോഹിച്ചിട്ട് കാര്യമില്ലെന്ന് അവരും തിരിച്ചറിയുന്നു. കായിക മന്ത്രാലയവും ഒളിംപിക് കമ്മിറ്റിയും വിവിധ സംസ്ഥാനങ്ങളിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും പാരാലിംപിക്‌സ് താരങ്ങള്‍ക്കായി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഉത്തരമില്ല. കോര്‍പറേറ്റുകള്‍ക്കാകട്ടെ പി.വി സിന്ധുവിനെ പോലുള്ള താരങ്ങളെ മുന്‍നിര്‍ത്തിയുള്ള ബ്രാന്‍ഡിങില്‍ മാത്രമാണ് താത്പര്യം. തങ്ങള്‍ക്ക് അതിലൂടെ ലഭിക്കുന്ന നേട്ടം മാത്രം ലക്ഷ്യം വയ്ക്കുന്ന കോര്‍പറേറ്റുകള്‍ക്ക് എന്ത് പാരാലിംപിക്‌സ്.
അനസിന് ചാടണം ടോക്യോയില്‍
മുഹമ്മദ് അനസിനെ അധികമാരും മറന്നു കാണില്ല. 400 മീറ്ററിലെ ഏഷ്യന്‍ ചാംപ്യന്‍ മുഹമ്മദ് അനസിനെ കുറിച്ചല്ല. വൈകല്യങ്ങള്‍ ദൗര്‍ബല്യമല്ലെന്ന് തെളിയിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശി അനസിനെ കുറിച്ചാണ്. 2015ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ജംപിങ് പിറ്റില്‍ മിന്നിത്തിളങ്ങിയ താരമാണ് മുഹമ്മദ് അനസ്. മെഡല്‍ നേടിയില്ലെങ്കിലും എല്ലാവരുടെയും മനം കവര്‍ന്ന പ്രകടനവുമായാണ് അന്ന് അനസ് മടങ്ങിയത്. ജന്‍മനാ ഇടത് കൈമുട്ടിന് താഴെ നഷ്ടമായ അനസ് പൂര്‍ണ ആരോഗ്യവാന്‍മാരെ വെല്ലുവിളിച്ചായിരുന്നു പോരാട്ടം. അനസിനെ സ്‌കൂള്‍ കായിക മേളയില്‍ പിന്നീട് അധികം കണ്ടിട്ടില്ല. അനസ് ഇപ്പോള്‍ 2020ലെ ടോക്യോ സമ്മര്‍ പാരാലിംപിക്‌സ് ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിലാണ്.
ശാരീരിക പരിമിതികളെയും സാമ്പത്തിക പ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിട്ടാണ് ഈ കൗമാര താരം തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊരുതുന്നത്. കോട്ടക്കല്‍ ഒതുക്കുങ്ങലിലെ നടുത്തൊടി അബ്ദു- ഖദീജ ദമ്പതികളുടെ മകന്‍ ഇല്ലായ്മകള്‍ക്ക് നടുവില്‍ നിന്നായിരുന്നു ചാടി തുടങ്ങിയത്. തയ്യല്‍ക്കാരനായ ബാപ്പയുടെ ഏക വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോരുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും തുന്നിച്ചേര്‍ക്കാന്‍ പാടുപെടുന്ന അബ്ദുവിന് കൈതാങ്ങാതായത് അനസില്‍ നാളെയുടെ പാരാലിംപിക്‌സ് ഒളിംപ്യനെ കണ്ടെത്തിയ കിഷോര്‍ കുമാറാണ്. കോട്ടക്കല്‍ പറപ്പൂര്‍ ഐ.യു.എച്ച്.എസില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ അനസ് ഇപ്പോള്‍ ഇരിങ്ങാലക്കുട ബോയിസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കായികാധ്യാപകന്‍ സേവ്യറിന് കീഴിലാണ് പരിശീലനം. അനസിന്റെ താമസവും ഭക്ഷണവും പരിശീലന ചെലവുകളുമെല്ലാം വഹിക്കുന്നത് കിഷോര്‍ തന്നെയാണ്. ഒരു കൈയുമായി 6.15 മീറ്റര്‍ ദൂരത്തേക്ക് ജംപിങ് പിറ്റില്‍ പറന്നിറങ്ങുന്ന അനസ് ഹൈ ജംപില്‍ 1.60 മീറ്റര്‍ ഉയരത്തില്‍ ക്രോസ്ബാര്‍ താണ്ടുന്ന താരമാണ്. ട്രിപ്പിള്‍ ജംപിലും പരിശീലനം തുടങ്ങിയ അനസിന്റെ മോഹങ്ങള്‍ ചെറുതല്ല. പാരാലിംപിക്‌സിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 6.20 മീറ്ററാണ്. ചിട്ടയായ പരിശീലനത്തിലൂടെ ടോക്യോയിലേക്ക് യോഗ്യത നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അനസും പരിശീലകനും.
സോച്ചിയിലേക്ക്
വഴിമുടക്കിയ തമ്മിലടി
2015 സെപ്റ്റംബറില്‍ റഷ്യയില സോച്ചിയില്‍ നടന്ന ഇവാസ് വേള്‍ഡ് ഗെയിംസിലേക്ക് യോഗ്യത ലഭിച്ച അനസിന് അന്ന് ചിലര്‍ വഴിമുടക്കികളായി. അംഗപരിമിതരുടെ സംഘടനകള്‍ തമ്മിലെ പടലപിണക്കമാണ് അനസിന് ഫൗള്‍ വിളിച്ചത്. മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിച്ചായിരുന്നു റഷ്യന്‍ മോഹം തകര്‍ത്തത്. സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് അന്ന് ഈ തടസങ്ങളുടെ പിന്നാലെ സഞ്ചരിക്കാന്‍ കഴിഞ്ഞതുമില്ല. വഴിമുടക്കികളോടൊന്നും അനസിന് പിണക്കവും പരിഭവവുമില്ല.
ഏഴാം ക്ലാസ് മുതല്‍ കായിക രംഗത്ത് ചുവടുറപ്പിച്ച അനസിന്റെ പ്രധാന ഇനങ്ങള്‍ ഹൈ ജംപും ഹര്‍ഡില്‍സുമായിരുന്നു. പരിശീലകന്‍ റിയാസ് ആയിരുന്നു ലോങ് ജംപിലേക്ക് വഴിതിരിച്ചു വിട്ടത്. സബ് ജില്ലാ ജില്ലാ കായിക മേളകളില്‍ ലോങ് ജംപ്, ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളിലെ നേട്ടവുമായി വ്യക്തികത ചാംപ്യന്‍ഷിപ്പ് നേടിയാണ് സ്‌കൂള്‍ തലത്തില്‍ തിളങ്ങിയത്. സ്‌കൂള്‍ മീറ്റില്‍ 6.01 മീറ്റര്‍ വരെ താണ്ടിയാണ് ഇന്നത്തെ നേട്ടത്തിലേക്ക് അനസ് വളര്‍ന്നത്. ഒളിംപ്യന്‍മാരുടെ അക്കാദമികള്‍ക്ക് ഉള്‍പ്പടെ ഓരോ സംസ്ഥാന ബജറ്റിലും ലക്ഷങ്ങള്‍ വീതം വയ്ക്കുമ്പോള്‍ അനസിനെ പോലുള്ള അംഗ പരിമിതരായ താരങ്ങള്‍ ഇല്ലായ്മകള്‍ക്ക് നടുവിലാണ് ചുവട് പിഴക്കാതെ ചാടുന്നത്. പാരാലിംപിക്‌സ് വേദിയില്‍ ദേശീയഗാനത്തോടൊപ്പം മൂവര്‍ണ പതാക പാറികളിക്കുന്നത് സ്വപ്‌നം കണ്ടു മുഹമ്മദ് അനസ് ക്രൈസ്റ്റ് കോളജിലെ ജംപിങ് പിറ്റില്‍ കഠിന പരിശീലനത്തിലാണ്. മാരിയപ്പന്‍ തങ്കവേലുവിന് ശേഷം ജംപിങ് പിറ്റില്‍ നിന്ന് രാജ്യത്തിന് സുവര്‍ണ നേട്ടം സമ്മാനിക്കാന്‍ കഴിവുള്ള താരം.
മെഡല്‍ കിട്ടിയപ്പോള്‍
ആധാരം പണയത്തിലായി
വോളിബോളില്‍ മാത്രമല്ല ഷോട് പുട്ടിലും ജാവലിനിലും തയ്ക്വാണ്ടോയിലും ക്രിക്കറ്റിലും നീന്തലിലും മെഡലുകള്‍ വാരിക്കൂട്ടി പ്രതിഭ തെളിച്ച താരമാണ് വടക്കാഞ്ചേരി മച്ചാട് സ്വദേശി വിനീഷ്. ടോക്യോ പാരാലിംപിക്‌സിലേക്ക് യോഗ്യത നേടാന്‍ കഴിവുള്ള താരം. കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയില്‍ നടന്ന രാജ്യാന്ത പാരാലിംപിക്‌സ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ സമ്മാനിച്ച ടീമിലെ അംഗം. വോളിബോള്‍ കളിക്കാന്‍ പോയതിന്റെ സാമ്പത്തിക പ്രയാസം ഇന്നും തീര്‍ന്നിട്ടില്ല. ശ്രീലങ്കക്ക് പറക്കാന്‍ പണയം വച്ച ആധാരം ഇന്നും പലിശക്കാരന്റെ കൈയിലാണ്. ആധാരം പണം വച്ചത് ഉള്‍പ്പടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയ വകയില്‍ കടം ഒരു ലക്ഷം കവിഞ്ഞു. കടം വാങ്ങിയ പണവുമായി തന്നെയാണ് രാജസ്ഥാനില്‍ നടന്ന ദേശീയ പാരാലിംപിക്‌സ് നീന്തല്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തത്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് പ്രവേശനം മോഹിച്ചതെങ്കിലും കിട്ടിയത് ജനറല്‍ ക്വാട്ടയില്‍. അതിനാല്‍ തത്കാലം പഠനം ഉപേക്ഷിച്ചു കായിക രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. ഇടവേളകളില്‍ കടം വീട്ടാനും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പണം കണ്ടെത്താനും കൂലി പണിക്ക് പോകുകയാണ്.
വിധിയെ തോല്‍പ്പിച്ച വീര്യം
ദേശീയ പാരാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഷോട് പുട്ടില്‍ സ്വര്‍ണ ജേതാവായ വിനീഷ് ജാവലിന്‍ ത്രോയില്‍ വെങ്കലവും നേടി. അടുത്തിടെ ദേശീയ മത്സരത്തില്‍ തയ്ക്വാണ്ടോയില്‍ വെള്ളിയും. അംഗ പരിമതരുടെ ക്രിക്കറ്റില്‍ ദേശീയ സൗത്ത് സോണ്‍ പോരാട്ടങ്ങളിലും ഈ പത്തൊന്‍പതുകാരന്‍ തിളങ്ങി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരുടെ സഹായം തേടണമെന്ന ധാരണ പോലും ഇപ്പോഴുമില്ല വിനീഷിന്. ആകെ ലഭിക്കുന്ന സഹായം ഫിസിക്കല്‍ ചാലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെയും സുമനസ്‌കരായ നാട്ടുകാരുടേതുമാണ്. രണ്ടാം വയസില്‍ വന്ന പനിയാണ് വിനീഷിനെ അംഗ പരിമിതനാക്കി മാറ്റിയത്. വിധിയോട് പൊരുതി കയറുകയായിരുന്നു വിനീഷ്. വടക്കാഞ്ചേരി മച്ചാട് മതുപ്പിള്ളി രാമന്റെയും നളിനിയുടെയും മകന്‍ പതിനാലാം വയസില്‍ അംഗ പരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടി. അംഗ പരിമിതരുടെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെള്ളിയും നേടി കഴിവ് തെളിയിച്ചു. ഫുട്‌ബോളിലും പരിശീലനം നടത്തുന്ന വിനീഷ് എന്നെങ്കിലും നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ്.
suprabhaatham series on Paralympics players
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."