കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് അനുമതി
ഇസ്‌ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക സേന അംഗം കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് അനുമതി. ആദ്യമായാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബാംഗത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുന്നത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച് രേഖ കൈമാറിയിട്ടുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ചാരനായിരുന്നില്ലെന്ന വാദത്തെ പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. നാവിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യക്കായി ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും പാകിസ്താനിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്നതാണെന്നും പാകിസ്താന്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ചാരനാണെന്ന് കുല്‍ഭൂഷണ്‍ കോടതിക്ക് മുന്‍പില്‍ സമ്മതിച്ചിട്ടുണ്ട്. പാകിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ് അദ്ദേഹം എത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
ചാരപ്രവര്‍ത്തനത്തിന് വധശിക്ഷക്ക് വിധിച്ചതിനാല്‍ പാക് സൈനിക മേധാവിക്ക് ദയാഹരജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു.
ചാരപ്രവൃത്തിയുടെ പേരില്‍ ഈ വര്‍ഷം ഏപ്രിലിലായിരുന്നു കുല്‍ഭൂഷണെ വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരേ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."