സൗഹൃദമാകാം; മേല്‍ക്കോയ്മ സ്വപ്‌നം കാണേണ്ട: ട്രംപ്
ഹാനോയ്: അമേരിക്കയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും എന്നാല്‍ മറ്റു രാജ്യങ്ങളുടെ അധികാരത്തില്‍ കൈകടത്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യലാഭത്തിനായി പല രാജ്യങ്ങളും അമേരിക്കയുമായുള്ള ബന്ധം ദുരുപയോഗം ചെയ്‌തെന്നും അപെക് ഉച്ചകോടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിങ്ങളും സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍തന്നെയല്ലേ സംരക്ഷിക്കുകയെന്നും ഉച്ചകോടിയില്‍ പങ്കെടുത്തവരോട് അദ്ദേഹം ചോദിച്ചു.
കാലങ്ങളായുള്ള ചില രാജ്യങ്ങള്‍ പരസ്പര സഹകരണത്തില്‍ നടത്തുന്ന വഞ്ചനയും അധാര്‍മിക രീതികളും ഇനി അനുവദിക്കില്ല. എല്ലാവരെയും തുല്യമായാണ് കാണുക. അമേരിക്കയെ മുതലെടുത്തതില്‍ ചൈനയെയോ മറ്റു രാജ്യങ്ങളെയോ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്‍ അവരുടെ ജോലിയാണ് ചെയ്തതെന്നും പറഞ്ഞ അദ്ദേഹം, എന്നാല്‍ ഇതിനു സാഹചര്യമൊരുക്കിയത് തന്റെ രാജ്യത്തെ മുന്‍ ഭരണാധികളാണെന്നും വിമര്‍ശിച്ചു.
സൗഹൃദത്തിനായി ശ്രമിക്കാമെന്നു പറഞ്ഞ ട്രംപ്, നമ്മളാരും മേല്‍ക്കോയ്മ സ്വപ്‌നം കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചൈനയ്‌ക്കെതിരേയാണ് അദ്ദേഹത്തിന്റെ ഒളിയമ്പുകളെന്നാണ് വിലയിരുത്തല്‍. ലോക വ്യാപാര സംഘടനയുടെ പുതിയ വ്യാപാര നയത്തെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.
നേരത്തെ ഉത്തരകൊറിയയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ചില ചൈനീസ് വ്യാപാര സ്ഥാനങ്ങള്‍ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗമായ വസ്ത്രവ്യാപാരത്തിന് സഹായിക്കുന്നതില്‍ നിന്ന് ചൈന പിന്മാറണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു.
പരസ്പര സഹകരണ മനോഭാവമുള്ള ഇന്‍ഡോ-പസഫിക് രാജ്യങ്ങളുമായി സഹകരണത്തിന് എപ്പോഴും അമേരിക്ക തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസംഗത്തില്‍ ഇന്ത്യയെ പ്രശംസിക്കാനും ട്രംപ് സമയം കണ്ടെത്തി. നൂറുകോടി ജനങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും സാമ്പത്തിക മേഖലയില്‍ ഇന്ത്യ വളര്‍ച്ച കൈവരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചു. ഏഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ട്രംപ് ചൈനയില്‍നിന്നാണ് വിയറ്റ്‌നാമിലെത്തിയത്.
അപെക് ഉച്ചകോടി ആരംഭിച്ചു; ട്രംപ് പുടിനെ കാണില്ല
ഹാനോയ്: ഏഷ്യാ-പസഫിക് ഇക്കണോമിക് കോ ഓപറേഷന്‍ (അപെക്) ഉച്ചകോടി വിയറ്റ്‌നാമിലെ ദനാങ്ങില്‍ തുടങ്ങി. വിവിധ രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും വിവാദങ്ങളാണ് ഉയര്‍ന്നുവരുന്നത്.
ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും എത്തുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തില്ലെന്നാണ് വിവരം. വൈറ്റ്ഹൗസാണ് ഇക്കാര്യം അറിയിച്ചത്. അത്തരത്തില്‍ ഔദ്യോഗികമായ കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ലെന്നും ഇരു നേതാക്കള്‍ക്കും മറ്റു തിരക്കുകളുണ്ടെന്നുമായിരുന്നു പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്. വിയറ്റ്മാനില്‍വച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നു നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതു നിഷേധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും രംഗത്തെത്തി.
21 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്നാണ് ലോക ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ 60 ശതമാനവും വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."