അങ്കണവാടികളില്‍ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ചു
കാസര്‍കോട് സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ബദിയഡുക്ക പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് എത്തിക്കേണ്ട അരി വിതരണം ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ തടഞ്ഞു
ബദിയഡുക്ക: അങ്കണവാടികളിലേക്ക് വിതരണം ചെയ്യേണ്ട അരി പുഴുവരിച്ചനിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അരി വിതരണം തടഞ്ഞുവച്ചു. കാസര്‍കോട് സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ബദിയഡുക്ക പഞ്ചായത്തിലെ ചില അങ്കണവാടികളിലേക്കു വിതരണം ചെയ്യേണ്ട അരിയാണു പുഴുവരിച്ച നിലയില്‍ കണ്ടത്.
മാവേലി സ്റ്റോര്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്. ഓരോ മാസവും നിശ്ചിത തിയതിക്കുള്ളിലാണ് അരി വിതരണം ചെയ്യുന്നത്. ബദിയഡുക്ക പഞ്ചായത്തിലെ 40 അങ്കണവാടികളിലേക്കു രണ്ടു ഘട്ടമായാണു വിതരണം. മാവേലി സ്റ്റോറിലേക്ക് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ ഓര്‍ഡര്‍ ലഭിക്കുന്ന മുറക്ക് സ്റ്റോര്‍ അധികൃതര്‍ റോഡരികിലുള്ള ഏതെങ്കിലും ഒരു അങ്കണവാടി കെട്ടിടത്തില്‍ അരി, മറ്റു പയര്‍ വര്‍ഗങ്ങള്‍ ഇറക്കി വെക്കുകയാണു പതിവ്. ഇതിനുള്ള ചുമട്ടുകൂലി, വാഹന വാടക ഐ.സി.ഡി.എസാണ് നല്‍കാറാള്ളത്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു അങ്കണവാടിയില്‍ സ്റ്റോക്ക് ചെയ്യുന്ന സാധനങ്ങള്‍ ആവശ്യാനുസരണം മറ്റുള്ള അങ്കണവാടികളിലേക്ക് എത്തിച്ചു കൊടുക്കുക എന്നതാണു രീതി. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം മാവേലി സ്റ്റോര്‍ വഴി ബീജന്തടുക്ക അങ്കണവാടിയില്‍ ഇറക്കിയ 39 ചാക്ക് അരിയാണു പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പുഴുവരിച്ച അരി വിതരണം ചെയ്യാതെ തടഞ്ഞു വെക്കുകയായിരുന്നു.
അതിനിടെ സംഭവം പുറത്തറിയാതിരിക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. അതേ സമയം അങ്കണവാടികളില്‍ എത്തുന്ന കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്ന പോഷകാഹരവും ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയുണ്ട്.
മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
ചെര്‍ക്കള: അങ്കണവാടിയിലേക്കു വിതരണം ചെയ്യുന്ന അരിയില്‍ പുഴുവും ചപ്പു ചവറുകളും എലിയുടെ കാഷ്ഠവും കാണുന്നത് മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം. കഴിഞ്ഞ ബുധനാഴ്ച ചെങ്കള പഞ്ചായത്തിലെ പൈക്ക ചന്ദ്രപാറയിലെ അങ്കണവാടിയില്‍ ഇറക്കിയ അരിയിലാണ് ചപ്പുചവറുകളും എലി കാഷ്ഠവും കണ്ടെത്തിയത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് ബദിയഡുക്ക പഞ്ചായത്തിലെ ചില അങ്കണവാടികളിലേക്ക് വിതരണം ചെയ്യേണ്ട അരിയില്‍ പുഴുവിനെ കണ്ടെത്തിയത്. അങ്കണവാടികളിലേക്ക് വിതരണം ചെയ്യേണ്ട അരികളില്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലെന്നതാണു രണ്ടു സംഭവങ്ങളും തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."