ചില ജില്ലകളില്‍ തുലാമഴ കനത്തു
തിരുവനന്തപുരം: കേരളത്തെ അനുഗ്രഹിച്ച കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും ശക്തമായി. കേരളത്തിലെ ചില ജില്ലകളില്‍ മഴ തിമിര്‍ത്തു പെയ്തതായാണു കണക്കുകള്‍. തുലാമഴ കനിഞ്ഞനുഗ്രഹിച്ചതു പത്തനംതിട്ട ജില്ലയെയാണ്. ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ 58.01 ശതമാനം മഴയാണ് ഇവിടെ ഇതുവരെ ലഭിച്ചിരിക്കുന്നത്.
ഇതുവരെ 45 മില്ലീമീറ്റര്‍ മഴയാണു പത്തനംതിട്ട ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നത്. ലഭിച്ചതാകട്ടെ 71.10 സെന്റീമീറ്ററും. എറണാകുളം ജില്ലയിലും 21.58 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇതുവരെ തുലാമഴ അധികമായി ലഭിച്ചിട്ടുണ്ട്.
പക്ഷേ, പാലക്കാട് ജില്ലയില്‍ ലഭിച്ച തുലാമഴയുടെ ഇതുവരെയുള്ള അളവു മികച്ചതല്ല. 33.2 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 12.6 സെന്റീമീറ്റര്‍ മഴ മാത്രമാണു ലഭിച്ചിരിക്കുന്നത്. കാലവര്‍ഷത്തില്‍ കുറവു മഴ ലഭിച്ച വയനാട്ടില്‍ തുലാവര്‍ഷവും വേണ്ടതോതില്‍ ലഭിച്ചിട്ടില്ല.
25.53 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 13.4 മില്ലീമീറ്റര്‍ മാത്രമാണു ലഭിച്ചത്. വയനാടിന്റെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഏറെ ആശങ്കയുളവാക്കുന്നതാണ് ഈ കണക്കുകള്‍.
കാസര്‍കോട് ജില്ലയിലും ലഭിക്കേണ്ട മഴയില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ മാത്രമേ ഉണ്ടാകൂ എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."