ജി.എസ്.ടി മാറ്റം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് ഹരജി
ന്യൂഡല്‍ഹി: വന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കവേ, ജി.എസ്.ടി നികുതിഘടനയില്‍ മാറ്റംവരുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്തു ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. സന്ദീപ് ശര്‍മ എന്നയാളാണ് സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും നിയമവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി ഹരജി നല്‍കിയത്.
വെള്ളിയാഴ്ച ഗുവാഹത്തിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാരസമിതി യോഗം 178 ഇനങ്ങളുടെ നികുതി കുറച്ചിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള റെസ്റ്റോറന്റുകള്‍ ഒഴികെയുള്ളവയുടെ ജി.എസ്.ടി അഞ്ചു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
കാര്യമായ മുന്നൊരുക്കമില്ലാതെ ധൃതിപിടിച്ചു ജി.എസ്.ടി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ രാജ്യത്ത് ഏറ്റവുമധികം പ്രക്ഷോഭങ്ങള്‍ നടന്ന സംസ്ഥാനമാണ് ഗുജറാത്ത്.
സംസ്ഥാനത്ത് ബി.ജെ.പിക്കു പ്രതികൂലമായ പ്രധാന ഘടകവും ജി.എസ്.ടി നടപ്പാക്കിയതിലുള്ള ജനരോഷമാണ്. ഈ സാഹചര്യത്തില്‍ ജി.എസ്.ടി നികുതി കുറച്ച സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നികുതി ഇളവ് പ്രഖ്യാപിച്ചതു നിയമവിരുദ്ധമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ പുറത്തുവന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തെ ജനവികാരം ബി.ജെ.പിക്ക് എതിരാണ് എന്നതാണ്. ജി.എസ്.ടി നടപ്പാക്കിയതിലുള്ള അപാകതയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെന്നും ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ ജനവികാരം മറിക്കടക്കാനാണ് സര്‍ക്കാര്‍ നികുതിയില്‍ ഇളവുവരുത്തിയത്.
സര്‍ക്കാരിന്റെ നടപടി സംസ്ഥാത്തെ ഒന്നര കോടി വോട്ടര്‍മാരെ പ്രത്യക്ഷമായോ പരോക്ഷമായെ സ്വാധീനിക്കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."