തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം പുടിനെ അപമാനിച്ചുവെന്ന് ട്രംപ്
ഹനോയ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് പറഞ്ഞ് പുടിനെ അപമാനിച്ചതായി ട്രംപ്. ഏഷ്യ പസഫിക് ഉച്ചകോടിയില്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഇടപെട്ടില്ലെന്ന് പുടിന് തന്നോട് പറഞ്ഞുവെന്ന് ട്രംപ് പറഞ്ഞു.
ഏഷ്യ പസഫിക് ഉച്ചകോടിക്കിടെ പുടിനുമായി രണ്ടോ മൂന്നോ തവണ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഇടപെട്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പുടിന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോഴും ഇതാണ് മറുപടിയെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ആരോപണം ഉന്നയിച്ച് പുടിനെ അപമാനിച്ചുവെന്ന് വിശ്വസിക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ഇത് നല്ല കാര്യമല്ല. അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് യു.എസ് രഹസ്വാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി റോബര്‍ട്ട് മുള്ളറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നേരത്തെ നിയമിച്ചിരുന്നു.
യു.എസ് രഹസ്യാന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ ട്രംപ് നേരത്തെ നിഷേധിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ പിന്നില്‍ റഷ്യയായിരുന്നുവെന്നും രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരിക്കെതിരേയുള്ള നിരവധി ഇ മെയിലുകള്‍ ഹാക്കര്‍മാര്‍ പുറത്തുകൊണ്ടുവന്നിരുന്നു.
തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന അമേരിക്കയുടെ ആരോപണത്തെ പുടിന് ഇന്നലെ നിരസിച്ചു. റഷ്യക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് പുടിന് പറഞ്ഞു. അമേരിക്കയുമായി ഇപ്പോഴും മികച്ച ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."