ഹെല്‍ത്ത് ടിപ്‌സ് പിന്തുടരുമ്പോള്‍
പഴഞ്ചൊല്ലില്‍ പതിരില്ലെന്നു പറയുന്നതുപോലെ ഹെല്‍ത്ത് ടിപ്‌സ് ലഭിക്കുന്നതൊക്കെയും പിന്തുടരുന്ന ഒരു ശീലം നമ്മള്‍ മലയാളികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഹെല്‍ത്ത് ടിപ് എന്താണെങ്കിലും സാമാന്യമായിപ്പോലും ഒന്നാലോചിച്ചുനോക്കാതെ അന്ധമായി പിന്തുടരുന്നവരാണേറെയും. ഇത്തരം ഹെല്‍ത്ത് ടിപ്‌സിനൊക്കെയും ഒരു കാരണം ഉണ്ടാവുമെന്നറിയണം.
ഹെല്‍ത്ത് ടിപ്‌സ് കാരണവന്‍മാര്‍ വഴി കൈമാറിയെത്തിയതുണ്ടാവും. പലതും നിങ്ങള്‍ വായിച്ചു മനസിലാക്കിയവുമാവും. എന്തുതന്നെയായാലും അന്ധമായി ഹെല്‍ത്ത് ടിപ്‌സുകള്‍ പിന്തുടരുന്നതിനുപകരം അവയെ മനസിലാക്കി അടയാളപ്പെടുത്തുക. നമുക്ക് ഗൗനിക്കേണ്ടതാണെങ്കില്‍ മാത്രം പിന്തുടരുക എന്ന രീതിയാണ് നല്ലെതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കാരണം മറ്റൊന്നുമല്ല, പല ഹെല്‍ത്ത് ടിപ്‌സുകളും ഗവേഷണങ്ങളും പഠനങ്ങളും നടന്നതോടെ ഒഴിവാക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
എട്ട് ഗ്ലാസ് വെള്ളം കുടിക്കണം
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നവരെല്ലാം കേട്ടിട്ടുള്ളതാണിത്. ആരോഗ്യവാനായി ഇരിക്കണമെങ്കില്‍ ഒരാള്‍ എട്ടുഗ്ലാസ് പ്രതിദിനം വെള്ളം കുടിക്കണം. സത്യത്തില്‍ ഇത് ജനങ്ങളെ പൊതുവായി അടയാളപ്പെടുത്തി പറയുന്നതാണ്. യഥാര്‍ഥത്തില്‍ ഒരാള്‍ മറ്റേയാളില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെതന്നെയാവും അയാള്‍ക്ക് ആവശ്യമുള്ള വെള്ളത്തിന്റെ അളവും. അതുപോലെ ശാരീരിക അധ്വാനം, കാലാവസ്ഥ ഇവയെ ഒക്കെ ഇത് ആശ്രയിച്ചിരിക്കുന്നു. അപ്പോള്‍ എല്ലാവരും ഒരുപോലെ എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്നില്ലെന്നു മനസിലാവും. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയരുതെന്നു മാത്രം. മൂത്രമൊഴിവിന്റെ അസുഖമുള്ളവര്‍ അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. പകരം കൊഴുത്ത ദ്രാവകങ്ങള്‍ (ജ്യൂസ് മുതലായവ) കഴിക്കാന്‍ ശ്രമിക്കുക.
ആപ്പിള്‍ ഡോക്ടറെ അകറ്റും
ഒരു ദിവസം ഒരു ആപ്പിള്‍ ഭക്ഷിച്ചാല്‍ ഡോക്ടറെ കാണുന്നത് ഒഴിവാക്കാം. അഥവാ രോഗമുണ്ടാവുന്നതില്‍ നിന്ന് പ്രതിരോധശക്തിനേടാം. ഇത്ര വിലകൊടുത്ത് ആപ്പിള്‍ വാങ്ങി രോഗ പ്രതിരോധമെങ്ങനെ ഒരുക്കുമെന്ന് അതു വാങ്ങാന്‍ ത്രാണിയില്ലാത്തവര്‍ ചിന്തിച്ചിട്ടുണ്ടാവും. സത്യത്തില്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ രോഗത്തില്‍ നിന്നു രക്ഷനേടാമെന്നു പറയുന്നത് തെറ്റാണ്. ആപ്പിളിന് അപ്രകാരം ഒരു അത്ഭുത ശക്തിയൊന്നുമില്ല. എന്നാല്‍ ആപ്പിള്‍ അല്ല, ഏതു പഴവര്‍ഗം കഴിച്ചാലും നമ്മുടെ പ്രതിരോധശക്തി വര്‍ധിക്കുമെന്നത് സത്യമാണ്.
ഉറക്കം എട്ടു മണിക്കൂര്‍
ദിവസം എട്ടു മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്ന ഹെല്‍ത്ത് ടിപ്‌സ് കേട്ടിട്ടുണ്ടെങ്കില്‍ ഏഴു മണിക്കൂര്‍ മാത്രം ഉറങ്ങിയ നിങ്ങള്‍ സ്വയം പഴിക്കാന്‍ തുടങ്ങും. ഒരു മണിക്കൂര്‍ കൂടി ഉറങ്ങേണ്ടിയിരുന്നു എന്ന്. സത്യത്തില്‍ വ്യക്തികള്‍ ഭിന്നരാകുന്നതുപോലെയാണ് ഉറക്കത്തിന്റെ അളവും. നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുണ്ട്. അവര്‍ക്ക് ആരോഗ്യത്തോടെയിരിക്കാന്‍ അതുമതി. എന്നാല്‍ എട്ടു മണിക്കൂര്‍ പോരാതെ പത്തു മണിക്കൂര്‍ ഉറങ്ങുന്നവരുണ്ട്. അവര്‍ക്ക് ക്ഷീണം മാറി ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ അത്രയും ഉറക്കം വേണമെന്നു പറയുന്നു. അപ്പോള്‍ ഉറക്കം നാലു മണിക്കൂര്‍ മുതല്‍ പത്തു മണിക്കൂര്‍ വരെയാവാമെന്നു സാരം.
രാവിലെയും വൈകിട്ടും വയറൊഴിയണം
എല്ലാ ദിവസവും വയറൊഴിയണം. ചിലര്‍ക്ക് രാവിലെയും വൈകിട്ടും വയറൊഴിയണം. ഒരു ദിവസം ടോയ്‌ലറ്റില്‍ പോയി വയറൊഴിഞ്ഞില്ലെങ്കില്‍ എല്ലാം തകിടം മറിയുമെന്ന പേടി. സത്യത്തില്‍ എല്ലാ ദിവസവും വയറൊഴിയുന്നതുകൊണ്ട് നിങ്ങള്‍ ആരോഗ്യവാനാണെന്ന അബദ്ധ ധാരണയുണ്ടോ. വയറൊഴിയാത്തതുകൊണ്ട് അസുഖമുണ്ടെന്നും അര്‍ധമില്ല. കഴിക്കുന്ന ആഹാരസാധനങ്ങള്‍ക്ക് അനുസൃതമായി വയറൊഴിയുന്നത് കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മനസിലാക്കണം. നമുക്ക് ദഹിക്കില്ലെങ്കിലും ആരോഗ്യ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നത് മൂന്നു ദിവസത്തിലൊരിക്കല്‍ വയറൊഴിയുന്നവരും ദിവസം മൂന്നു തവണ വയറൊഴിയുന്നവരും ആരോഗ്യമുള്ളവര്‍ തന്നെ. അപ്പോള്‍ ആരോഗ്യപ്രശ്‌നമെവിടെയാണെന്ന സംശയം തോന്നാം. വേദനയോടെയുള്ള വയറൊഴിയല്‍, അതല്ലെങ്കില്‍ രക്താംശമുള്ള വയറൊഴിയല്‍ ഇവയൊക്കെയാണ് സൂക്ഷിക്കേണ്ടത്.
സോപ്പ് പോരാ അണുനാശിനി വേണം
സോപ്പ് ഉപയോഗിച്ച് കൈ കഴുകിയശേഷം ഡെറ്റോള്‍ പോലുള്ള ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നവര്‍ കൂടിവരികയാണിന്ന്. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ളവര്‍. ഇവര്‍ക്ക് അണുക്കളെ പേടിയല്ല, മാനസിക പ്രശ്‌നമാണ്. സോപ്പിന്റെ അതേ ഗുണം മാത്രമേ അണുനാശിനികളും നല്‍കുന്നുള്ളൂ. കൂടുന്നുമില്ല, കുറവുമല്ല. എന്നാല്‍ കൈ കഴുകുന്നതിലാണ് ശ്രദ്ധവേണ്ടത്. കൈയുടെ പുറം, അകം, നഖം, വിരല്‍ ഒടിവുകള്‍ ഇവ വൃത്തിയാക്കിയാണ് കൈ കഴുകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."