തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല: തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു യോഗത്തില്‍ സി.പി.ഐ നേതാക്കൾ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് യോഗത്തിലെ തീരുമാനത്തില്‍ തൃപ്തരാണെന്ന് യോഗം കഴിഞ്ഞിറങ്ങിയ സി.പി.ഐ നേതാക്കള്‍ പ്രതികരിച്ചു.
ഇടതുമുന്നണി യോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇടതുമുന്നണിയോഗത്തിനു മുന്‍പ് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ തോമസ്ചാണ്ടി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി അറിയിച്ചു.
എ.ജിയുടെ നിയമോപദേശം തോമസ്ചാണ്ടിക്ക് എതിരായതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."