ഹജ്ജ് സബ്‌സിഡി ഒഴിവാക്കി; കൊച്ചിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് 76,372 രൂപ
കൊണ്ടോട്ടി: ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് 76,372 രൂപ. പതിവ് വിമാന ടിക്കറ്റ് നിരക്കിന്റെ നാലിരട്ടിയാണ് തീര്‍ഥാടകര്‍ നല്‍കേണ്ടിവരിക.
സബ്‌സിഡി പിന്‍വലിച്ചതിനാല്‍ കുറഞ്ഞ നിരക്കുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് ഇത്തവണ അവസരം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിലുള്ളവര്‍ക്കും തമിഴ്‌നാട്ടിലുള്ളവര്‍ക്കും ഇത് അനുവദനീയമല്ല.
പുതിയ നിയമമനുസരിച്ച് ജമ്മു കശ്മിരിലുള്ള തീര്‍ഥാടകര്‍ക്ക് ന്യൂഡല്‍ഹിയില്‍ വന്ന് വിമാനം കയറാം. കശ്മിരിലെ ശ്രീനഗറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സബ്‌സിഡി പിന്‍വലിച്ചതോടെ നല്‍കേണ്ടത് 1,09,692 രൂപയാണ്. ന്യൂഡല്‍ഹിയില്‍ ഇത് 73,697 രൂപ മാത്രമാണ്. എംബാര്‍ക്കേഷന്‍ പോയിന്റ് മാറുന്നത് അപേക്ഷയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. രണ്ടിലധികം എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അപേക്ഷയില്‍ രേഖപ്പെടുത്താന്‍ പാടില്ല. അപേക്ഷയില്‍ നല്‍കിയ എംബാര്‍ക്കേഷന്‍ പോയിന്റ് പിന്നീട് മാറ്റാനും ആവില്ല,
അസം, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് ഗുവാഹത്തി എംബാര്‍ക്കേഷന്‍ പോയിന്റ് വിട്ട് കൊല്‍ക്കത്തയില്‍നിന്ന് വിമാനം കയറാം. കേരളത്തിലുള്ളവര്‍ കൊച്ചിയില്‍നിന്നും തമിഴ്‌നാട്ടിലുള്ളവര്‍ ചെന്നൈയില്‍നിന്നുമാണ് ഹജ്ജിന് പോകേണ്ടത്. ഏറ്റവും കൂടുതല്‍ വിമാന നിരക്കുള്ളത് ഗുവാഹത്തിയിലാണ് (1,15,646 രൂപ).
മുംബൈയില്‍നിന്ന് 58,254 രൂപയും ഹൈദരാബാദില്‍നിന്ന് 65,655 രൂപയും ബംഗളൂരുവില്‍നിന്ന് 71,586 രൂപയുമാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."