കേരള ബാങ്ക്: സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍
തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനായി നോണ്‍ പ്ലാന്‍ ശീര്‍ഷകത്തില്‍ അനുവദിച്ചിരിക്കുന്നത് ഒരുകോടി രൂപയാണ്. ദൈനംദിന ചെലവുകള്‍ക്കായി ഒരുലക്ഷം രൂപ ഇംപ്രസ്റ്റ് മണി (മുന്‍കൂറായി നല്‍കുന്ന പണം) യായി നല്‍കും. തീരുന്നമുറയ്ക്ക് ഒരുലക്ഷം രൂപ വീണ്ടും അനുവദിക്കണമെന്ന് സഹകരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി പി.എസ് രാജേഷ് ഉത്തരവിട്ടിട്ടുണ്ട്. ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്താന്‍ ടാസ്‌ക് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ പ്രതിമാസ ശമ്പളയിനത്തില്‍മാത്രം പൊടിക്കുന്നത് 20 ലക്ഷത്തോളം രൂപയാണ്.
കേരള ബാങ്ക് രൂപീകരണം മുന്‍നിര്‍ത്തി 2017 ജൂണ്‍ രണ്ടിനാണ് നബാര്‍ഡ് റിട്ട. ചീഫ് ജന. മാനേജര്‍ വി.ആര്‍ രവീന്ദ്രനാഥിനെ ചെയര്‍മാനാക്കി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ചെയര്‍മാനുപുറമെ മൂന്ന് അംഗങ്ങളെയും നാല് അസോസിയേറ്റ് ഓഫിസര്‍മാരെയും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും നിയമിച്ചു. ബംഗളൂരുവിലെ നര്‍ച്ചര്‍ സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് മേധാവിയും ഇന്‍ഫോസിസ് കമ്പനിയുടെ കോര്‍ ബാങ്കിങ് തലവനുമായ പ്രതാപ് ആര്‍. മേനോന്‍, എസ്.ബി.ടി ചീഫ് ജന. മാനേജരായിരുന്ന ഇ.കെ ഹരികുമാര്‍, കെ.വി പ്രഭാകര മാരാര്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍. പി.എ പ്രേംകുമാര്‍, വി. രവീന്ദ്രന്‍, സുനിത സഹദേവന്‍, ആര്‍. സുദര്‍ശനന്‍ എന്നിവര്‍ അസോസിയേറ്റ് ഓഫിസര്‍മാരാണ്. സഹകരണ സംഘം അഡി. രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് ആണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. ചെയര്‍മാന്‍ വി.ആര്‍ രവീന്ദ്രനാഥിന് ഒന്നര ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.
കൂടാതെ വാഹന അലവന്‍സായി 30,000 രൂപയും ഹൗസ് റെന്റ് അലവന്‍സായി 20,000 രൂപയും അനുവദിക്കുന്നുണ്ട്. അംഗങ്ങളായ പ്രതാപ് ആര്‍. മേനോന് രണ്ടുലക്ഷം, ഇ.കെ ഹരികുമാറിന് ഒന്നേകാല്‍ ലക്ഷം, പ്രഭാകര മാരാര്‍ക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശമ്പളം. പ്രതാപ് ആര്‍. മേനോന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തി മടങ്ങാനുള്ള വിമാനക്കൂലിയും അനുവദിക്കുന്നുണ്ട്. നാലംഗങ്ങളെ ഉള്‍പ്പെടുത്തി ലീഗല്‍ സെല്ലും രൂപീകരിച്ചിട്ടുണ്ട്.
ജോയിന്റ് രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ലോ ഓഫിസര്‍, സീനിയര്‍ കോഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് ലീഗല്‍ സെല്‍ അംഗങ്ങള്‍.
14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് നൂതനമായ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ശക്തമായ ബാങ്ക് രൂപീകരിക്കുകയാണ് ടാസ്‌ക് ഫോഴ്‌സ് ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കേരള ബാങ്ക് രൂപീകരണ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് നിയന്ത്രിക്കുന്നത്. 1996- 98 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്റെ മനസില്‍ ഉദിച്ച ആശയമാണ് കേരള ബാങ്ക് എന്നത്. തന്റെ ഇപ്പോഴത്തെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തിനെ അധ്യക്ഷനാക്കി അന്ന് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമ്മിഷനെ നിയമിച്ചിരുന്നു. സി.എസ് രഞ്ജിത്തിന്റെ ഉപദേശം സര്‍ക്കാര്‍ ഇപ്പോഴും തേടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."