കണ്ണില്‍നിന്ന് പുറത്തെടുത്തത് 12 സെ.മീ നീളമുള്ള വിര
മാനന്തവാടി: തരുവണ സ്വദേശിനിയായ എണ്‍പതുകാരിയുടെ കണ്ണില്‍നിന്ന് 12 സെന്റീ മീറ്റര്‍ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ അപൂര്‍വമായി മാത്രം മനുഷ്യരില്‍ കാണുന്ന ഡൈറോഫൈലേറിയ വിഭാഗത്തില്‍പ്പെട്ട വിരയെയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. റൂബിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കണ്ണില്‍ പൊടി കുടുങ്ങിയതുപോലെ തോന്നിയ വൃദ്ധ ഡോക്ടറെ സമീപിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ഡോ. ഷാലോസിനെ സമീപിച്ച വൃദ്ധയെ വിദഗ്ധ പരിശോധനക്കായി ഡോ. റൂബിയുടെ അടുക്കലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ വിദഗ്ധ പരിശോധനയിലാണ് കണ്ണില്‍ വിരയുടെ സാന്നിധ്യമറിഞ്ഞത്. നാല്‍പത് ഇനങ്ങളിലായുള്ള ഡൈറോഫൈലേറിയ വിരകളില്‍ ആറ് വിഭാഗങ്ങള്‍ മാത്രമാണ് മനുഷ്യശരീരത്തിലെത്തിപ്പെടാന്‍ സാധ്യതയുള്ളത്.
നായ്ക്കളിലും ചില വന്യമൃഗങ്ങളിലുമാണ് ഇത്തരം വിരകള്‍ സാധാരണ കാണാറുള്ളത്. കൊതുകിലൂടെ ഒരു മൃഗത്തില്‍നിന്ന് മറ്റൊരു മൃഗത്തിലെത്തുന്ന ഇവ മനുഷ്യശരീരത്തിലെത്തുന്നത് അപൂര്‍വമാണ്. മനുഷ്യനില്‍നിന്ന് മറ്റ് മനുഷ്യരിലേക്കോ ജീവികളിലേക്കോ പടരാന്‍ സാധിക്കാത്തതിനാല്‍ വിരയുടെ ജീവചക്രം അവിടെതന്നെ അവസാനിക്കുകയാണ് ചെയ്യുക. മനുഷ്യ ശരീരത്തിലാകട്ടെ വളരെ അപൂര്‍വമായാണ് കണ്ണില്‍ വിരകള്‍ കാണാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."