സോളാര്‍: പൊലിസ് ആസ്ഥാനം സ്റ്റേഷനാക്കുന്നു ഐ.ജി ദിനേന്ദ്ര കശ്യപ് സ്റ്റേഷന്‍ ഓഫിസര്‍
തിരുവനന്തപുരം: സോളാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനായി പൊലിസ് ആസ്ഥാനം സ്റ്റേഷനാക്കുന്നു. വിജ്ഞാപനം ഈ ആഴ്ച പുറത്തിറങ്ങും. അന്വേഷണ ഉദ്യോഗസ്ഥനായ പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് ആണ് സ്റ്റേഷന്‍ ഓഫിസര്‍.
സോളാര്‍ കേസിന്റെ മേല്‍നോട്ട ചുമതല പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയതിനുപിന്നാലെയാണ് നടപടി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസ് അന്വേഷണത്തിനായി പൊലിസ് ആസ്ഥാനം സ്റ്റേഷനാക്കുന്നത്.
അതീവ സുരക്ഷാമേഖലയായ പൊലിസ് ആസ്ഥാനം സ്റ്റേഷനാകുന്നതോടെ സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുമെന്ന വാദവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റേഷനാകുന്നതോടെ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് നീക്കേണ്ടിവരും. സോളാര്‍ കേസുകള്‍ മാത്രമായിരിക്കും ഇവിലെ രജിസ്റ്റര്‍ ചെയ്യുക. സോളാറുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും രജിസ്റ്റര്‍ ചെയ്യും.
അതിനിടെ, അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും. യോഗത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവര്‍ പങ്കെടുക്കും. അന്വേഷണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ യോഗത്തില്‍വച്ച് തയാറാക്കും. സരിതയുടെ മൊഴിയെടുക്കേണ്ട ദിവസവും ഇന്ന് തീരുമാനിക്കും.
സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടും തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിനെ സംരക്ഷിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സരിതയുമായി ഐ.ജിക്ക് അടുത്തബന്ധമുണ്ടെന്നും ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, അജിത്കുമാറിനെതിരേ ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല. അജിത്കുമാറിനെ മാത്രം സംരക്ഷിക്കുന്നതില്‍ സേനയിലും അമര്‍ഷമുയര്‍ന്നിട്ടുണ്ട്.
എറണാകുളം സിറ്റി പൊലിസ് കമ്മിഷണറായിരിക്കെ നിരവധിതവണ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയിലെ പൊലിസ് ഉദ്യേഗസ്ഥര്‍ ടീം സോളാറിനെ സഹായിച്ചുവെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഈ കാലയളവില്‍ ടീം സോളാര്‍ കമ്പനിയുടെ പാനല്‍ കൊച്ചി പൊലിസ് ക്ലബ്ബിനു മുകളില്‍ സ്ഥാപിച്ചിട്ടുമുണ്ട്. ക്രൈംബ്രാഞ്ച് മുന്‍ തലവന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍, ഐ.ജി പി. പത്മകുമാര്‍ തുടങ്ങിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ റിപ്പോര്‍ട്ടിന്റെപേരില്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിലും അജിത്കുമാറിന്റെ പേരുണ്ട്. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും ഐ.ജിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."